തിരയുക

പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അജപാലന സന്ദർശനം !

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുപ്പത്തിയേഴാം ആഗോള കത്തോലിക്കാ യുവജനദിനാഘോഷത്തിൻറെ ആനന്ദത്തിരമാലകൾ അലതല്ലുന്ന പോർച്ചുഗലിലെ ലിസ്ബണിൽ, ആ ആനന്ദസാഗരത്തിൽ, ഫ്രാൻസീസ് പാപ്പായും യുവതയ്ക്കൊപ്പം ആറാടുകയാണ്. പാപ്പാ തൻറെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനം സാമോദം  തുടരുന്നു. പാപ്പായുടെ ഈ സന്ദർശനം ആറാം തീയതി ഞായറാഴ്ച സമാപിക്കും. അന്നു പാപ്പാ യുവജനദിനാചരണ സമാപന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കും.

വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച രാവിലെയും നടന്ന ഇടയസന്ദർശന പരിപാടികൾ

ഏഡ്വേഡ് ഏഴാമൻ പാർക്കിൽ യുവജന സ്വീകരണാഘോഷം ആയിരുന്നു വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് പാപ്പായുടെ ഏക പരിപാടി. ആഗസ്റ്റ് ഒന്നിന് ആരംഭിച്ചതാണെങ്കിലും ലോകയുവജന സംഗമം പാപ്പാ ഔപചാരികമായി ഉദ്ഘാടനം ചെയ്ത പരിപാടിയായിരുന്നു അത്.

അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് അറുനൂറുമീറ്റർ മാത്രം അകലെയാണ് 25 ഹെക്ടർ, 61-ലേറെ ഏക്കർ, വ്യാപിച്ചുകിടക്കുന്ന ഏഡ്വേഡ് ഏഴാമൻ പാർക്ക്. ഇവിടേക്ക് പാപ്പാ പോയത് തുറന്ന പേപ്പൽ വാഹനത്തിലാണ്. സുരക്ഷാ പൊലീസിൻറെ അകമ്പടിയോടെ പാപ്പാ കടന്നുപോയ വഴിയുടെ ഇരുവശങ്ങളിലും ജനങ്ങൾ പാപ്പായെ ഒരു നോക്കു കാണുന്നതിന് ആർപ്പുവിളികളോടും കരഘോഷത്തോടും കൂടി കാത്തു നില്പുണ്ടായിരുന്നു. പാപ്പാ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു എന്ന് യുവതീയുവാക്കൾ വിരലുകൾ ഹൃദയാകൃതിയിൽ പിടിച്ചുകൊണ്ട് പറയാതെ പറയുന്നുണ്ടായിരുന്നു. സംഗീത സാന്ദ്രമായിരുന്ന അന്തരീക്ഷത്തിൽ പാപ്പാ പാർക്കിൽ സന്നിഹിതരായിരുന്ന അഞ്ചുലക്ഷത്തോളം വരുന്ന യുവജനത്തിനിടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ടു നീങ്ങി. വേദിയിൽ യുവതീയുവാക്കൾ പാട്ടിൻറെ താളത്തിനൊത്തു വിവിധ രാജ്യങ്ങളുടെ പതാകകൾ വീശി ചുവടുകൾ വയ്ക്കുന്നതും കാണാമായിരുന്നു. വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ലോകയുവജനദിനാചരണത്തിന് തുടക്കം കുറിച്ചതു മുതൽ നാളിതുവരെ വിവിധ പാപ്പാമാരുടെ സാന്നിധ്യത്തിൽ നടന്ന യുവജനദിന സംഗമത്തിൻറെ ദൃശ്യങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു. പ്രത്യേകം ഒരുക്കിയിരുന്ന വേദിയിൽ നിന്ന് നൃത്തം ചെയ്തിരുന്ന യുവതീയുവാക്കൾ പാട്ടിൻറെ അവസാനം വർണ്ണ നാടകൾ കുഴൽ പൊട്ടിച്ച് മുകളിലേക്കു വിട്ടത് നയനാനന്ദകരമായിരുന്നു. അതുകണ്ട് പാപ്പായും സസന്തോഷം പുഞ്ചിരിയോടെ കൈയ്യടിക്കുന്നതു കാണാമായിരുന്നു.  ഗാനാന്ത്യത്തിൽ ലിസ്ബണിൻറെ പാത്രിയാർക്കീസ് കർദ്ദിനാൾ മനുവേൽ ജൊസേ മക്കാറിയൊ ദൊ നാഷിമെന്തൊ ക്ലെമേന്തെ പാപ്പായ്ക്ക് സ്വാഗതമോതി.

ലിസ്ബൺ പാത്രിയാർക്കീസിൻറെ നന്ദി പ്രകാശനം

ലിസ്ബണിൽ എത്തിയിരിക്കുന്ന സഭയിലെയും ലോകത്തിലെയും യുവജനങ്ങളാൽ നിറഞ്ഞ ഈ ദിനങ്ങളിൽ പാപ്പായെ അപരിമേയാനന്ദത്തോടും കൃതജ്ഞതയോടുംകൂടിയാണ് തങ്ങൾ സ്വാഗതം ചെയ്യുന്നതെന്ന് കർദ്ദിനാൾ ദൊ നാഷിമെന്തൊ ക്ലെമേന്തെ പറഞ്ഞു. ഇവിടെ ഈ യുവജനദിനം ആചരിക്കണമെന്ന അഭ്യർത്ഥനയും തങ്ങളുടെ  ക്ഷണവും തുടക്കത്തിൽ തന്നെ പാപ്പാ സ്വീകരിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു. പാപ്പായുടെ സാന്നിധ്യത്താലും വചനങ്ങളാലും യുവത്വമാർജ്ജിക്കേണ്ടതിൻറെ ആവശ്യകത തങ്ങൾക്കുണ്ടെന്നും അങ്ങനെ, ജനതകളുടെ സമഗ്രവും സമാധനപരവുമായ വികസനത്തിന് നിരവധി വിഘാതങ്ങളുള്ള ഈ കാലഘട്ടത്തിൽ ലോകമഖിലം സുവിശേഷത്തിൻറെ സൗന്ദര്യം കുടുതൽ വിളങ്ങണണെന്നും കർദ്ദിനാൾ ദൊ നാഷിമെന്തൊ ക്ലെമേന്തെ പറഞ്ഞു.  പ്രതിബന്ധങ്ങൾക്ക് ഒരു കുറവുമില്ലയെങ്കിലും  മനുഷ്യൻറെ ആഗ്രഹങ്ങൾക്കും ദൈവാഭിലാഷങ്ങൾക്കും യോഗ്യമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്സാഹത്തോടെയും പ്രതിബദ്ധതയോടെയും അവയെ ഇല്ലാതാക്കാനും മറികടക്കാനുമുള്ള ഇച്ഛാശക്തിയും ഉണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

കർദ്ദിനാൾ ദൊ നാഷിമെന്തൊ ക്ലെമേന്തെയുടെ വാക്കുകളെ തുടർന്ന് മനോഹരമായ ഒരു ഗാനമായിരുന്നു. ഗാനനന്തരം യുവതീയുവാക്കൾ പതാകകളേന്തി അണിനിരന്നു. മറ്റൊരു വിഭാഗം യുവജന പ്രതിനിധികൾ സംഗീതാകമ്പടിയോടെ യുവജനക്കുരിശും പരിശുദ്ധ കന്യകാമറിയത്തിൻറെ ചിത്രവും വേദിയിൽ പ്രദക്ഷിണമായി കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. യുവജനക്കുരിശ് എത്തിയതിനെ തുടർന്ന് ആമുഖപ്രാർത്ഥനയായിരുന്നു. തദ്ദനന്തരം ഹല്ലേലൂയ ഗീതം ഉയർന്നു. തുടർന്ന് ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം 1-9 വരെയുള്ള വാക്യങ്ങൾ പാരായണം ചെയ്യപ്പെട്ടു. തദ്ദനന്തരം പാപ്പാ സുവിശേഷ സന്ദേശം നല്കി. പാപ്പായുടെ പ്രഭാഷണാനന്തരം യുവതിയുവാക്കളുടെ മുദ്രാവാക്യരൂപത്തിലുള്ള സന്തോഷപ്രകടനമായിരുന്നു. തദ്ദനന്തരം വിവിധ ഭാഷകളിൽ യുവജന മദ്ധ്യസ്ഥരായ വിശുദ്ധരുടെ ലുത്തീനിയ ചൊല്ലി. അതിനുശേഷം കർത്തൃപ്രാർത്ഥനാലാപനാനന്തരം പാപ്പാ ആശീർവ്വാദം നല്കി. തുടർന്ന് യുവജനപ്രതിനിധികളെ ലോകത്തിലേക്ക് അയക്കുന്ന പ്രതീകാത്മക ചടങ്ങായിരുന്നു. അപ്പോൾ യുവതീയുവാക്കളുടെ മനോഹരമായ ഗാനം നൃത്തോടുകൂടി അരങ്ങേറി 

യുവജന സ്വീകരണാഘോഷപരിപാടി അവസാനിച്ചതിനെ തുടർന്ന് പാപ്പാ 600 മീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

പാപ്പായുടെ പരിപാടികൾ വെള്ളിയാഴ്ച ഉച്ചയ്ക്കു മുമ്പ്

വെള്ളിയാഴ്ച രാവിലെ പാപ്പാ അപ്പൊസ്തോലക് നൺഷിയേച്ചറിലെ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അന്ന് ഉച്ചയ്ക്കു മുമ്പ് പാപ്പായുടെ പരിപാടികൾ വാസ്ക്കോ ദ ഗാമ ഉദ്യാനത്തിൽ വച്ച് ഏതാനും യുവജനപ്രതിനിധികളുടെ കുമ്പസാരം കേൾക്കൽ, സേവന കേന്ദ്രങ്ങളുടെയും ഉപവിപ്രവർത്തന കേന്ദ്രങ്ങളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, അപ്പൊസ്തോലിക് നൺഷിയേച്ചറിൽ ഏതാനും യുവതീയുവാക്കളുമൊത്ത് ഉച്ചവിരുന്ന് എന്നിവയായിരുന്നു.

പാപ്പായുടെ അനൗപചാരിക കൂടിക്കാഴ്ച

വാസ്കൊ ദ ഗാമ ഉദ്യാനത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അപ്പൊസ്തോലിക് നൺഷിയേച്ചറിൽ വച്ച് പാപ്പാ 106 വയസ്സു പ്രായമുള്ള  മരിയ കൊൺസെസാവൊ ബ്രിട്ടൊ മെന്തോൺസയുമായും ഗുരുതരമായ ഒരു രോഗം ബാധിച്ച ഏജ്ന പിൻഹ ലോപെസ് റഡ്രീഗെസ് എന്ന യുവതിയുമായും കൂടിക്കാഴ്ച. ഫാത്തിമാ നാഥ പ്രത്യക്ഷയായ 1917 മെയ് 13-നാണ് മരിയ കൊൺസെസാവൊ ജനിച്ചത്. ഏജ്ന പിൻഹ ലോപെസ് റൊഡ്രീഗെസ് തൻറെ രോഗാവസ്ഥയെക്കുറിച്ച് പാപ്പായ്ക്ക് ജൂൺ മാസത്തിൽ ഒരു കത്തെഴുതുകയും പാപ്പാ മറുപടികത്തിൽ തൻറെ പ്രാർത്ഥനയും സ്നേഹവും ഉറപ്പു നല്കുകയും ചെയ്തിരുന്നു.

പാപ്പാ കുമ്പസാരിപ്പിക്കാൻ വാസ്കൊ ദ ഗാമ ഉദ്യാനത്തിൽ

രാവിലെ പ്രാദേശിക സമയം 9 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നായിരുന്നു പാപസങ്കീർത്തന കൂദാശയ്ക്കായി പാപ്പാ വാസ്കൊ ദ ഗാമ ഉദ്യാനത്തിൽ എത്തിയത്. പാപ്പായുടെ ആഗമനം പ്രതിക്ഷിച്ച് നിരവധിപ്പേർ ഉദ്യാനത്തിൽ കാത്തുനില്പുണ്ടായിരുന്നു. പാപ്പായെ ഒരു നോക്കു കാണുന്നതിനായി അനേകർ പാപ്പായുടെ വാഹനം കടന്നുപോകുന്ന വഴിയുടെ സമാന്തരമായ പാതയിലുടെ ഓടുന്നതും ദൃശ്യമായിരുന്നു കുമ്പസാരിപ്പിക്കുന്നതിന് പാപ്പായ്ക്ക് പുറമെ മറ്റ് ഏതാനും കുമ്പസാരക്കാർക്കും കുമ്പസാരവേദികൾ സജ്ജീകരിച്ചിരുന്നു. കാറിൽ വന്നിറങ്ങിയ പാപ്പായെ ചക്രക്കസേരയിലാണ് കുമ്പസാരിപ്പിക്കാനുള്ള വേദിയിലേക്കു കൊണ്ടു പോയത്. ആഗോളകത്തോലിക്കായുവജനദിനാചരണത്തിൽ പങ്കെടുക്കുന്നവരിൽ ഏതാനും പേർക്ക് പാപ്പായോടു കുമ്പസാരിക്കാനുള്ള ഭാഗ്യം ലഭിച്ചു.

ഒരു മണിക്കൂറിലേറെ നീണ്ട കുമ്പസാരം കേൾക്കലിനു ശേഷം പാപ്പാ അവിടെ നിന്ന് 9 കിലോമീറ്ററോളം അകലെ സെറഫീന പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ വിൻസെൻറ് ഡി പോൾ ഇടവക സാമൂഹ്യസേവന കേന്ദ്രത്തിലേക്കു പോയി. ഈ കേന്ദ്രത്തിൽ വിവിധ തസ്തികകളിലായി നൂറ്റിയെഴുപതോളം ജീവനക്കാരുണ്ട്. ശിശുപരിപാലന വിഭാഗം നഴ്സറിസ്കൂൾ, വൃദ്ധസദനം വികലാംഗർക്കായുള്ള പരിചരണവിഭാഗം തുടങ്ങിയവ ഈ കേന്ദ്രത്തിലുണ്ട്. സമാശ്വാസനാഥയുടെ പ്രേഷിതസമൂഹവും കമ്പൊളിജിലെ വിശുദ്ധ അന്തോണീസിൻറെ സമൂഹവും ഒരുമിച്ചാണ് സെറഫിനയിലെ ഈ ഇടവകയുടെ ചുമതല വഹിക്കുന്നത്.

ഉപവിപ്രവർത്തന സേവന സംഘടനകളുമൊത്ത് ഒരു നേർക്കാഴ്ച

വിശുദ്ധ വിൻസെൻറ് ഡി പോളിൻറെ സ്വർഗ്ഗീയ സംരക്ഷണത്തിന് ഭരമേലിപ്ക്കപ്പെട്ടിരിക്കുന്ന ഈ ഇടവകയിലെ സാമൂഹ്യസേവന കേന്ദ്രത്തിൽ വച്ച് പാപ്പാ സേവന കേന്ദ്രങ്ങളുടെയും ഉപവിപ്രവർത്തന കേന്ദ്രങ്ങളുടെയും പ്രതിനിധികളുമൊത്തു കൂടിക്കാഴ്ച നടത്തി. സെറഫീന ഇടവക കേന്ദ്രം, കുഞ്ഞുങ്ങൾക്ക് അഭയമേകുന്ന അജുദ ദെ ബേർസൊ കേന്ദ്രം, അക്രെജിത്താർ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മെത്രാന്മാരും പോർച്ചുഗലിൻറെ പ്രസിഡൻറും ഉൾപ്പടെ നിരവധിപ്പേർ അവിടെ സന്നിഹിതരായിരുന്നു.  

ഇടവക കേന്ദ്രത്തിലെത്തിയ പാപ്പായെ ഇടവക വികാരിയച്ചൻ ഫ്രാൻസിസ്കൊ ക്രേസ്പൊ സ്വീകരിച്ചു. ചക്രക്കസേരയിലായിരുന്ന പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ, പ്രത്യേകിച്ച് ചക്രക്കസേരയിൽ തൻറെ അടുത്തേക്കു കൊണ്ടുവരപ്പെട്ട ഒരു കുട്ടിയെ തൊട്ട് ആശീർവദിക്കുകയും ജപമാല സമ്മാനിക്കുകയും ചെയ്തു. ഈ കേന്ദ്രത്തിൽ  പാപ്പാ കൂടിക്കാഴ്ചാ വേദിയിലെത്തിയതിനെ തുടർന്ന ഒരു ഗാനത്തോടെ സമാഗമത്തിന് തുടക്കമായി. ഗാനാനന്തരം ഇടവകവികാരിയും സാമൂഹ്യകേന്ദ്രത്തിൻറെ മേധാവിയുമായ വൈദികൻ ഫ്രാൻസിസ്കൊ ക്രേസ്പൊ പാപ്പായെ സ്വാഗതം ചെയ്യുകയും സെറഫീന ഇടവക കേന്ദ്രത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

പാപ്പായുടെ സാന്നിധ്യം തങ്ങളെ ആനന്ദ തുന്ദിലാരാക്കുന്നുവെന്നും അത്, താങ്ങും ക്രിസ്തുവിൻറെ സ്നേഹവും ആവശ്യമുള്ളവർക്കായി എന്നും ഉപരി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ തങ്ങളെ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1959-ൽ ജന്മംകൊണ്ട് സെറഫിന ഇടവക കേന്ദ്രത്തെക്കുറിച്ചു പരാമർശിച്ച ഫാദർ ക്രേസ്പൊ അതിൻറെ പ്രവർത്തന ഫലമായി ആ പ്രദേശത്തെ ജനങ്ങളുടെ ദാരിദ്ര്യാവസ്ഥയിൽ മാറ്റം വന്നിട്ടുണ്ടെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് ജനജീവിതം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്നുമുള്ള വസ്തുത അനുസ്മരിച്ചു. ഓരോ വ്യക്തിയോടുമുള്ള സ്നേഹത്തിൽ വളരാൻ തങ്ങൾ ശ്രമിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം അങ്ങനെ അത് പരിപാലന സംസ്കൃതിയുടെ സേവനത്തിനായുള്ള സുവിശേഷ പ്രഘോഷണമായി ഭവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.  ഇടവകയെന്നത്, ഗ്രാമത്തിൽ എല്ലാവരും ദാഹം ശമിപ്പിക്കാൻ എത്തുന്ന നീരുറവയാണെന്ന വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ വാക്കുകൾ ഫാദർ ക്രേസ്പൊ അനുസ്മരിച്ചു.

ഫാദർ ക്രെസ്പോയുടെ വാക്കുകളെ തുടർന്ന് അജുദ ദെ ബേർസൊ കേന്ദ്രത്തിൻറെ പ്രതിനിധി സംസാരിച്ചു. ഉപേക്ഷിക്കപ്പെട്ടവരോ അപകടത്തിലായവരോ ആയ കുഞ്ഞുങ്ങൾക്ക് സംരക്ഷണമേകുന്ന അജുദ ദെ ബേർസൊ കേന്ദ്രം 25 വർഷം പിന്നിടുകയാണെന്നും ഗർഭഛിദ്രം നിയമാനുസൃതമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള ജനഹിത പരിശോധനയുടെ പശ്ചാത്തലത്തിൽ ജീവനുവേണ്ടി 1998-ൽ രൂപം കൊണ്ടതാണ് ഇതെന്നും ഈ കേന്ദ്രത്തിൻറെ പ്രതിനിധി വെളിപ്പെടുത്തി.

ഈ കേന്ദ്രത്തിൽ അഭയം തേടിയവരിൽ നാളിതുവരെ 452 കുട്ടികൾ സുരക്ഷിതവും സുനിശ്ചിതവുമായ ഒരു ജീവിതാവസ്ഥയിലായിട്ടുണെന്നും ഏതാനും മാസങ്ങൾ തൊട്ട് 13 വയസ്സുവരെ പ്രായമുള്ള 40 കുട്ടികൾ ഈ കേന്ദ്രത്തിൽ എപ്പോഴും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവൻറ സംരക്ഷണത്തിനായി പാപ്പാ നടത്തുന്ന ശ്രമങ്ങളോടുള്ള മതിപ്പും അദ്ദേഹം രേഖപ്പെടുത്തി.

അക്രെജിത്താർ അസോസിയേഷൻറെ പ്രതിനിധിയാണ് തുടർന്ന് സംസാരിച്ചത്. അർബുദരോഗബാധിതരും ഈ രോഗത്തെ അതിജീവിച്ചവരും അടങ്ങുന്ന കുട്ടികളും യുവതീയുവാക്കളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു സംഘമാണ് അക്രെജിത്താർ അസോസിയേഷൻ എന്ന് അതിൻറെ പ്രതിനിധി വിശദീകരിച്ചു.

മൂന്നു പതിറ്റാണ്ടായി ഈ സംഘം  അർബുദരോഗ സൗഖ്യത്തെ കുറിച്ചുള്ള പ്രത്യാശ പരിപോഷിപ്പിക്കുകയും ചകിത്സാവേളയിൽ സമാശ്വാസമേകുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാരികവും മനശാസ്ത്രപരവും ഭൗതികവും അതുപോലെ തന്നെ വിദ്യഭ്യാസപരവും ആയ സഹായം രോഗികൾക്ക് നലകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ കേന്ദ്രങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തിയതിനെ തുടർന്ന് പാപ്പാ തൻറെ സന്ദേശം നല്കി.

പ്രഭാഷാണന്തരം പാപ്പാ വേദിയിൽ തൻറെ പിന്നിലായി അണിനിരന്നിരുന്ന കുട്ടികളുമായി അല്പസമയം ചിലവിടുകയും തൻറെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തു. അവർ താളത്തിൽ കയ്യടിച്ച് പാപ്പാ നീണാൾ വാഴട്ടെ എന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു. വേദിയിൽ നിന്ന് പുറത്തേക്ക് ചക്രക്കസേരയിൽ ആനീതനായ പാപ്പാ തൻറെ സഞ്ചാര പാതയിൽ ഉണ്ടായിരുന്നവരെയെല്ലാം അഭിവാദ്യം ചെയ്തു. തുടർന്ന് പാപ്പാ കാറിലേറി 5 കിലോമീറ്ററിലേറെ ദൂരെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു യാത്രയായി. അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തിയ പാപ്പാ ലിസ്ബണിലെ പാത്രിയാർക്കീസ് കർദ്ദിനാൾ മനുവേൽ ജൊസേ മക്കാറിയൊ ദൊ നാഷിമെന്തൊ ക്ലെമേന്തെയും വിവിധ രാജ്യക്കാരായിരുന്ന 10 യുവതീയുവാക്കളുമൊത്ത് ഉച്ചവിരുന്നിൽ പങ്കെടുത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2023, 13:25