ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക യാത്ര!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തോടനുബന്ധിച്ച് പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബണിൽ രണ്ടാം തീയതി ബുധനാഴ്ച (02/08/23) എത്തിയ ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടന പരിപാടികൾ തുടരുന്നു. ഈ മാസം ആറാം തീയതി ആഗോള കത്തോലിക്കാ യുവജനങ്ങളുടെ സമാഗമത്തിൻറെ സമാപന ദിവ്യബലി അർപ്പിച്ചതിനു ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേക്കു മടങ്ങുക.
ബുധനാഴ്ച ഉച്ചതിരിഞ്ഞും വ്യാഴാഴ്‌ച രാവിലെയും നടന്ന ഇടയസന്ദർശന പരിപാടികളിലൂടെ......
ലിസ്ബണിലെ ആദ്യ ദിനമായിരുന്ന ബുധനാഴ്ച പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ (Marcelo Rebelo de Sousa) യുമായുള്ള സൗഹൃദ കൂടിക്കാഴ്ച, അന്നാടിൻറെ ഭരണാധികാരികൾ, പൗരസമൂഹത്തിൻറെയും മതങ്ങളുടെയും പ്രതിനിധികൾ, നയതന്ത്രപ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കു ശേഷം അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തി ഉച്ചവിരുന്നിൽ പങ്കെടുത്ത് അല്പം വിശ്രമിച്ച പാപ്പായുടെ അന്നു ഉച്ചതിരിഞ്ഞുള്ള പരിപാടികൾ പോർച്ചുഗലിൻറെ നാഷണൽ അസ്സെംബ്ലിയുടെ, അഥവാ, പർലിമെൻറിൻറെ അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേർക്കാഴ്ച, മൊസ്തെയിരൊ ദൊസ് ജെരോണിമോസ് ( Mosteiro dos Jerónimos) ആശ്രമത്തിൽ വച്ച് മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും അജപാലനപ്രവർത്തകരുമൊത്ത് സായാഹ്നപ്രാർത്ഥന എന്നിവയായിരുന്നു.
ബുധനാഴ്‌ച ഉച്ചതിരിഞ്ഞ്, പോർച്ചുഗലിൻറെ പാർലിമെൻറദ്ധ്യക്ഷൻ 67 വയസ്സു പ്രായമുള്ള ഔഗുസ്തൊ സാന്തോസ് സ്വീവയുമായും (Augusto Santos Silva) പോർച്ചുഗലിൻറെ പ്രധാനമന്ത്രി 62 കാരനായ അന്തോണിയൊ കോസ്തയുമായും (António Costa) പ്രത്യേകം പ്രത്യേകം നടന്ന കൂടിക്കാഴ്ചയുടെ വേദി അപ്പോസ്തോലിക് നൺഷിയേച്ചർ ആയിരുന്നു. ഇരുവർക്കും പാപ്പാ സമ്മാനങ്ങൾ നല്കുകയും ചെയ്തു. മദ്ധ്യത്തിൽ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്ക, അതിനു ചുറ്റും മുപ്പത്തിയേഴാം ലോക യുവജന ദിനം ലിസ്ബൺ എന്ന ലത്തിൻ ഭാഷയിലുള്ള ലിഖിതം, ആ ലിഖതത്തെ വലയം ചെയ്ത്, യുവജനങ്ങൾക്കായി ജീവിതം നീക്കിവച്ച വിശുദ്ധരോ വാഴ്ത്തപ്പെട്ടവരോ ആയ 13 സ്വർഗ്ഗീയ സംരക്ഷകരുടെ പേരുകളോടുകൂടിയ രൂപങ്ങൾ എന്നിവ അടങ്ങിയ മുദ്രയായിരുന്നു ഈ സമ്മാനം.
സായാഹ്ന പ്രാർത്ഥനയ്ക്കായി പാപ്പാ മൊസ്തെയിരൊ ദൊസ് ജെരോണിമോസ് ആശ്രമത്തിൽ
പാർലിമെൻറദ്ധ്യക്ഷൻ ഔഗുസ്തൊ സാന്തോസ് സ്വീവയുമായും പോർച്ചുഗലിൻറെ പ്രധാനമന്ത്രി അന്തോണിയൊ കോസ്തയുമായും നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷം പാപ്പായുടെ അടുത്ത പരിപാടി അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 10 കിലോമീറ്ററോളം അകലെയുള്ള മൊസ്തെയിരൊ ദൊസ് ജെരോണിമോസ് (Mosteiro dos Jerónimos) ആശ്രമത്തിൽ വച്ച് മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും അജപാലനപ്രവർത്തകരുമൊത്തുള്ള സായാഹ്നപ്രാർത്ഥനയായിരുന്നു. ലിസ്ബണിലെ ബെലെയിം പ്രദേശത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയായ യുനെസ്കൊ (UNESCO) ഈ ആശ്രമത്തെ ലോകപൈതൃക പട്ടികയിൽ 1983-ൽ ഉൾപ്പെടുത്തി. ഈ ആശ്രമത്തിനു മുന്നിൽ വെളുത്ത കാറിൽ വന്നിറങ്ങിയ പാപ്പായെ ചക്രക്കസേരയിൽ ആശ്രമ ദേവാലയത്തിനകത്തക്ക് ആനയിച്ചപ്പോൾ ദേവാലായ വാതിൽക്കൽ വച്ച് ലിസ്ബണിലെ പാത്രിയാർക്കീസ് കർദ്ദിനാൾ മനുവേൽ ക്ലെമെൻറും പോർച്ചുഗലിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ബിഷപ്പ് ജൊസേ ഒർണേലസ് കർവാല്യൊയും (José Ornelas Carvalho) ഇടവകവികാരിയായ വൈദികനും ചേർന്നു സ്വീകരിച്ചു. വികാരിയച്ചൻ പാപ്പായ്ക്ക് കുരിശുരൂപം ചുംബിക്കാനും തളിക്കാൻ ഹന്നാൻ ജലവും നല്കി. തദ്ദനന്തരം പാപ്പായെ ചക്രക്കസേരയിൽ വേദിയിലേക്കാനയിച്ചപ്പോൾ ദേവാലയം കരഘോഷത്താൽ മുഖരിതമായി. അൾത്താരയ്ക്കു മുന്നിലാണ് പാപ്പായ്ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. പാപ്പാ വേദിയിൽ ആസനസ്ഥനായപ്പോൾ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ബിഷപ്പ് ജൊസേ ഒർണേലസ് കർവാല്യൊ സ്വാഗത പ്രഭാഷണം നടത്തി.
നന്ദി പ്രകാശനവുമായി ബിഷപ്പ് കർവാല്യൊ
ഈ സായാഹ്ന പ്രാർത്ഥന പാപ്പായ്ക്കൊപ്പവും ലോകമെമ്പാടുമുള്ള ക്രിസ്തുവിശ്വാസികളുമായുള്ള ഐക്യത്തിലും ചൊല്ലാൻ കഴിയുന്നതിൽ ദൈവത്തിനും ഈ ലോകയുവജനസംഗമത്തിൽ സാന്നിധ്യം ഉറപ്പാക്കിയതിന് പാപ്പായ്ക്കും ബിഷപ്പ് കർവാല്യൊ നന്ദി പ്രകാശിപ്പിക്കുകയും തങ്ങളുടെ അത്യഗാധമായ ആനന്ദം അറിയിക്കുകയും ചെയ്തു.
സുവിശേഷത്തിൻറെ ആനന്ദത്തിനു തുറന്നുകൊടുക്കാൻ പാപ്പാ നല്കിയ ആഹ്വാനം തങ്ങളുടെ ഹൃദയത്തെ തൊട്ടുണർത്തിയിരിക്കുന്നുവെന്നും ലോകത്തിൽ പുറന്തള്ളപ്പെട്ടവരുടെ, പ്രത്യേകിച്ച്, അഭയാർത്ഥികളുടെ ദുരവസ്ഥയിൽ ശ്രദ്ധ ചെലുത്തുന്നതിന് “ പുറത്തേക്കിറങ്ങുന്ന” ഒരു സഭ ആയിരിക്കാനുള്ള ആഹ്വാനം തങ്ങൾക്ക് പ്രചോദനം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് കർവാല്യൊയുടെ സ്വാഗതവാക്കുകളെ തുടർന്ന് പാപ്പാ സായാഹ്ന പ്രാർത്ഥന നയിച്ചു. ത്രിത്വൈകസ്തുതിക്കും ആമുഖ പ്രാർത്ഥനയ്ക്കും ശേഷം വിശുദ്ധ ഗ്രന്ഥവായനയെ തുടർന്ന് പാപ്പാ തൻറെ ചിന്തകൾ പങ്കുവച്ചു. പ്രഭാഷണാനന്തരം നടന്ന പ്രാർത്ഥനകൾക്കു ശേഷം പാപ്പാ സമാപനാശീർവ്വാദം നല്കി.
സായാഹ്ന പ്രാർത്ഥന അവസാനിച്ചതിനെ തുടർന്ന് പാപ്പാ ചക്രക്കസേരയിൽ ദേവാലയ മദ്ധ്യത്തിലൂടെ പുറത്തേക്ക് ആനയിക്കപ്പെട്ടപ്പോൾ സന്നിഹിതരായിരുന്നവരുടെ കരഘോഷം ഓർഗൻ സംഗീതം ഇടകലർന്ന് ദേവാലയത്തിൽ അലതല്ലി. ദേവാലയത്തിനു പുറത്തും ജനസഞ്ചയം പാപ്പായെ ഒരു നോക്കു കാണുന്നതിന് കാത്തു നില്പുണ്ടായിരുന്നു. അവരുടെ ആരവങ്ങൾക്കിടയിൽ അവരെ അഭീവാദ്യം ചെയ്തുകൊണ്ടാണ് പാപ്പാ കാറിൽ കടന്നുപോയത്. മൊസ്തെയിരൊ ദൊസ് ജെരോണിമോസ് (Mosteiro dos Jerónimos) ആശ്രമദേവാലയത്തിൽ നിന്ന് പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു മടങ്ങുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.
ലിസ്ബണിൽ രണ്ടാം ദിനം
തൻറെ ഇടയസന്ദർശനത്തിൻറെ രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ ഫ്രാൻസീസ് പാപ്പായുടെ പരിപാടികൾ പോർച്ചുഗലിലെ കത്തോലിക്കാ സർവ്വകലാശാലയിൽ സർവ്വകലാശാലാദ്ധ്യേതാക്കളുമായുള്ള കൂടക്കാഴ്ചയും 190 നാടുകളിൽ പ്രവർത്തനനിരതമായ വിദ്യാലയ ശൃംഖലയായ, ‘സ്കോളാസ് ഒക്കുറേന്തെസ്’ എന്ന പൊന്തിഫിക്കൽ അന്താരാഷ്ട്ര സംഘടനയിലെ യുവതീയുവാക്കളുമായി മനോഹര തീരപ്രദേശമായ കഷ്ക്കായിസിലെ ആസ്ഥാനത്തു വച്ചുള്ള കുടിക്കാഴ്ചയും ആയിരുന്നു.
അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പോർച്ചുഗലിലെ കത്തോലിക്കാ സർവ്വകലാശാല സ്ഥിതിചെയ്യുന്നത്. 1967-ലാണ് ഈ സർവ്വകലാശാല സ്ഥാപിതമായത്. പ്രാദേശിക സമയം രാവിലെ 9 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നായിരുന്നു പാപ്പായും സർവകലാശാല യുവ വിദ്യാർത്ഥികളും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചാ വേദി സർവ്വകലാശാലയുടെ മുന്നിലുള്ള ചത്വരമായിരുന്നു. പാപ്പാ അവിടെ കാറിൽ വന്നിറങ്ങിയപ്പോൾ യുവതയുടെ ആനന്ദം അണപൊട്ടിയൊഴുകി. അത് ആരവങ്ങളായും കരഘോഷമായും ഗാനമായും ആവിഷ്കൃതമായി. പാപ്പാ വേദിയിലേക്കാനീതനായി. തുടർന്ന് അവിടം സംഗീതസാന്ദ്രമാക്കിയ ഒരു ഗാനാലാപനം ആയിരുന്നു. ഗാനം അവസാനിച്ചപ്പോൾ പോർച്ചുഗീസ് കത്തോലിക്കാ സർവ്വകലാശാലയുടെ റെക്ടർ അഥവാ, മേധാവിനി ശ്രീമതി ഇസബേൽ കപ്പെലൊവ ജ്യൂ പാപ്പായെ സ്വാഗതം ചെയ്തു.
പ്രതീക്ഷയുടെ കാവലാളായ സർവ്വകലാശാല
ഈ സർവ്വകലാശാലാ ചത്വരത്തിൽ അദ്ധ്യാപകാദ്ധ്യേതാക്കളും സഹകാരികളും പൂർവ്വവിദ്യാർത്ഥികളും ഇതര സർവ്വകലാശാലകളിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം സമ്മേളിച്ചിരിക്കുന്നത് ഇസബേൽ അനുസ്മരിച്ചു.
സർവ്വകലാശാല അതിൻറെ നിർവ്വചനത്താൽ തന്നെ, ഗവേഷണത്തിനും സംഭാഷണത്തിനും സ്വാഗതംചെയ്യുന്നതിനുമുള്ള ഇടമാണെന്നും പുറന്തള്ളലും അസമത്വവും മുദ്രിതമാക്കിയ യാഥാർത്ഥ്യത്തിനു മുന്നിൽ, അനിശ്ചിതത്വത്തിൻറെ ഒരു കാലഘട്ടത്തിൽ, സർവ്വകലാശാല പ്രതീക്ഷയുടെ കാവലാളായി നിലകൊള്ളുന്നുവെന്നും, അതിനർത്ഥം സ്വപ്നം കാണാനുള്ള കഴിവ് പരിപോഷിപ്പിക്കുകയും, വിവേചിച്ചറിയാനും നമുക്കു ചുറ്റുമുള്ള സ്വരങ്ങൾ ശ്രവിക്കാനും സഹായിക്കുകയും കാലത്തെ ശ്രവിക്കുകയും അതിൽ ഇടപെടുകയും, സ്ത്രീപുരുഷന്മാരുടെ അന്തസ്സ് സംരക്ഷിക്കുകയും, അവരുടെ പരിവർത്തന ശേഷിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്യലാണെന്നും ഇസബേൽ പറഞ്ഞു.
സർവ്വകലാശാല അറിവിൻറെ പരിചരണവും പ്രവർത്തന തത്വശാസ്ത്രവും സൗന്ദര്യത്തിൻറെ പരിപാലനവും പ്രയോഗത്തിൽ വരുത്തുന്നുവെന്നും സർവ്വകലാശാലയുടെ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇസബേൽ വിശദീകരിച്ചു.
ഒരു സ്ഥാപനമെന്ന നിലയിൽ സ്വയം സംരക്ഷിക്കാനല്ല സർവ്വകലാശാല നിലകൊള്ളുന്നതെന്നും, മറിച്ച്, വർത്തമാന ഭാവി കാല വെല്ലുവിളികളോട് ധീരമായി പ്രതികരിക്കുകയാണ് അതിൻറെ ലക്ഷ്യമെന്നും പ്രസ്താവിച്ച ഇസബേൽ അതുകൊണ്ടുതന്നെനാൽ, സർവ്വകലാശാല ഒരിക്കലും ഒരു പൂർത്തീകൃത പ്രവർത്തിയല്ല മറിച്ച്, എല്ലായ്പ്പോഴും ഒരു പദ്ധതിആയിരിക്കും എന്ന് വ്യക്തമാക്കി.
തൻറെസ്വാഗതവാക്കുകളെ തുടർന്ന് ഇസബേൽ പാപ്പായുടെ അടുത്തു ചെന്ന് ഹസ്തദാനമേകി പാപ്പായ്ക്ക് ആദരവർപ്പിക്കുകയും ചെയ്തു. സർവ്വകലാശാലയുടെ റെക്ടറിൻറെ പ്രഭാഷണാനന്തരം ലൗദാത്തൊ സീ യിൽ നിന്നു തുടങ്ങി ആഗോള വിദ്യഭ്യാസ ഉടമ്പടി, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സാമ്പത്തിക വീക്ഷണം, സമാഗമ സംസ്കൃതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള നാലു സാക്ഷ്യങ്ങൾ ആയിരുന്നു. രണ്ടു സാക്ഷ്യങ്ങൾക്കു ശേഷം ഗായക സംഘം ഗാനാലാപനത്താൽ ഒരു ഇടവേള തീർത്തു.സാക്ഷ്യങ്ങൾ അവസാനിച്ചപ്പോൾ പാപ്പായുടെ പ്രഭാഷണം ആയിരുന്നു. പാപ്പായുടെ പ്രസംഗം അവസാനിച്ചതിനെ തുടർന്ന് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നാരംഭിക്കുന്ന കർത്തൃപ്രാർത്ഥനയായിരുന്നു. പ്രാർത്ഥനാന്തരം പാപ്പാ ആശീർവ്വാദം നല്കിയതോടെ സർവ്വകലാശാലാ വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമാപ്തിയായി.
കരഘോഷത്തിൻറെ അകമ്പടിയോടെ ഗായക സംഘം ഗാനമാലപിക്കവേ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ സാവാധാനം വേദിവിട്ടു. അവിടെ നിർമ്മിക്കാൻ പോകുന്ന ‘കാമ്പൂസ് വെരിത്താത്തിസി’ൻറെ (Campus Veritatis) പ്രഥമ ശില, പാപ്പാ, സർവ്വകലാശാലയിൽ നിന്നു പോകുന്നതിനു മുമ്പ് ആശീർവ്വദിച്ചു.
സ്കോളാസ് ഒക്കുറേന്തെസിലെ യുവതയോടൊപ്പം
സർവ്വകലാശാലയിൽ നിന്ന് പാപ്പാ നേരെ പോയത് 35 കിലോമീറ്റർ അകലെ കഷ്ക്കായിസിലേക്കാണ്. അവിടെ ‘സ്കോളാസ് ഒക്കുറേന്തെസി’ൻറെ ആസ്ഥാനത്തു വച്ച് ആ പ്രസ്ഥാനത്തിൻറെ യുവപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ആയിരുന്നു. അവിടെ പാപ്പാ എത്തിയപ്പോൾ പാപ്പായെ പ്രതീക്ഷയോടെ പാർത്തിരുന്നവരുടെ ആനന്ദാരവങ്ങൾ ഉയർന്നു. വേദിയിലെത്തിയ പാപ്പായെ സ്കോളാസ് ഒക്കുറേന്തെസിൻറെ പ്രസിഡൻറ് ഹൊസേ മരീയ ദെൽ കൊറാൽ സ്വാഗതം ചെയ്തു.
വിദ്യഭ്യാസം അതിൻറെ വേരുകളിലേക്കു മടങ്ങണം
സമാഗമ സംസ്കൃതി യാഥാർത്ഥ്യമാക്കിത്തീർക്കുക എന്ന ദൗത്യത്തിൽ യുവതയെ തുണയ്ക്കുന്ന പാപ്പായ്ക്ക് അദ്ദേഹം ഒരിക്കൽകൂടി നന്ദി പ്രകാശിപ്പിച്ചു.
ചെറുപ്പക്കാരിൽ ഓരോരുത്തരിലും ഹൃദയ ഭാഷ മനസ്സിൻറെയും കരങ്ങളുടെയും ഭാഷയുമായി സമന്വയിപ്പിക്കുന്നതിന് നിലവിലെ വിദ്യാഭ്യാസം അതിൻറെ ഉത്ഭവത്തിലേക്കു തിരിച്ചുപോകേണ്ടതുണ്ട് എന്ന പപാപ്പായുടെ ഉദ്ബോധനം അദ്ദേഹം ആവർത്തിച്ചു.
അതുകൊണ്ടു തന്നെ സ്ക്കോളാസ് ഒക്കുറേന്തെസ്സ് കായികവിനോദം, കല, സാങ്കേതികവിദ്യ എന്നിവയിലൂടെ യുവതയ്ക്ക് അർത്ഥപൂർണ്ണമായ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നുവെന്നും ജീവിതത്തെ സാരസാന്ദ്രമാക്കാത്ത ഒരു വിദ്യഭ്യാസമാകട്ടെ അക്രമവും യുദ്ധവും പുറന്തള്ളലും ആണ് ഉളവാക്കുകയെന്നും ഹൊസേ മരീയ ദെൽ കൊറാൽ കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻറെ സ്വാഗതവാക്കുകളെ തുടർന്ന് ഭിന്ന മതവിശ്വാസികളായ മൂന്നു ചെറുപ്പക്കാർ സാക്ഷ്യമേകി.
ഇവഞ്ചേലിക്കൽ സഭാംഗമായ പൗലോ എസാക്ക ഒലിവിയേര ദ സിൽവ, കത്തോലിക്കയായ മരിയാന ദൊസ് സാന്തോസ് ബറാദാസ്, മുസ്ലീം ആയ അലാദിയെ ദാബൊ എന്നിവരായിരുന്നു സാക്ഷ്യം നല്കിയത്. ഈ സാക്ഷ്യങ്ങൾക്കു ശേഷം പാപ്പാ യുവ കലാകാരന്മാരുടെ 3 കിലോമീറ്റർ നീളമുള്ള ഒരു കലാസൃഷ്ടിയിൽ ഒപ്പുവച്ചു. തദ്ദനന്തരം പാപ്പാ യുവതയെ സംബോധന ചെയ്തു. മുൻകൂട്ടി തയ്യാറാക്കതെ മനോധർമ്മമനുസരിച്ചുള്ള ഒരു പ്രഭാഷണമായിരുന്നു അത്.
പ്രസംഗത്തിനു ശേഷം കർത്തൃപ്രാർത്ഥന നയിച്ച പാപ്പാ തുടർന്ന് സമാപനാശീർവ്വാദം നല്കി. അവിടെ നിന്നു പോകുന്നതിനു മുമ്പ് പാപ്പാ, യുവജനങ്ങൾ സമാധാനത്തിൻറെ പ്രതീകമായി നടാൻ ഒലിവു ചെടി തയ്യാറാക്കി വയ്ക്കുന്നതിന് വിവിധ മതനേതാക്കളോടു ചേർന്ന് സാക്ഷ്യം വഹിച്ചു. നല്ല സമറായക്കാരൻറെ ഉപമ പ്രമേയമാക്കിയ ഒരു കലാസൃഷ്ടി പാപ്പാ സ്കോളാസ് ഒക്കുറേന്തെസിന് സമ്മാനിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ 33 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു കാറിൽ മടങ്ങുകയും ഉച്ചഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കുകയും ചെയ്തു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: