തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (ANSA)

പാപ്പാ : മയക്കുമരുന്നിന് അടിമയായവരെ കൈപിടിച്ചുയർത്താം

റോമിൽ നടന്നു കൊണ്ടിരിക്കുന്ന ഫോറെൻസിക് ടോക്സിക്കോളജിസ്റ്റുകളുടെ 60മത് അന്തർദ്ദേശിയ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ ചൂണ്ടികാണിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫോറെൻസിക് ടോക്സിക്കോളജിസ്റ്റുകളുടെ 60മത് അന്തർദ്ദേശിയ സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് ആഗസ്റ്റ് 27ആം തിയതി നൽകിയ സന്ദേശത്തിൽ കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിനടിമകളാകുന്നവരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിനെക്കുറിച്ചുള്ള  തന്റെ ആശങ്ക പാപ്പാ പ്രകടിപ്പിച്ചു. ഏകാന്തതയുടേയും, അസമത്വത്തിന്റെയും, പുറം തള്ളലിന്റെയും യഥാർത്ഥ അനുഭവങ്ങൾ അതിനു പിന്നിലുണ്ട് എന്നതിനാൽ നമുക്ക് നിസ്സംഗതരായി തുടരാൻ കഴിയില്ലയെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഡിജിറ്റൽ ചത്വരങ്ങളിലെ ഡാർക്ക് വെബ് പോലുള്ളയിടങ്ങളിൽ മയക്ക് മരുന്നുകളുടെ ദുരുപയോഗവും വിൽപ്പനയും വർദ്ധിച്ചു വരുന്നതിൽ ആശങ്കയും ഫോറെൻസിക്ടോ ക്സിക്കോളജിസ്റ്റുകളിൽ വിശ്വാസവും രേഖപ്പെടുത്തിക്കൊണ്ടാണ്  അവരുടെ 60മത് അന്തർദ്ദേശിയ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സന്ദേശം പാപ്പാ രേഖപ്പെടുത്തിയത്. ആഗസ്റ്റ് 27ആം തിയതി മുതൽ 31 വരെയാണ്  റോമിൽ സമ്മേളനം നടക്കുന്നത്. മയക്കുമരുന്നിന്റെ അടിമത്വത്തിനെതിരായി അവർ ചെയ്യുന്ന പ്രയത്നങ്ങൾക്കും ചിലവഴിക്കുന്ന ശക്തിക്കും സമയത്തിനും പാപ്പാ നന്ദി പറഞ്ഞു.

കൗമാര യൗവനകാലഘട്ടങ്ങളുടെ മാർദ്ദവത്തോടും അതിലെ ദൗർബല്യങ്ങളോടും കൂടെ ഇന്നത്തെ സമൂഹത്തിന്റെ അനിശ്ചിതത്വവും അരക്ഷിതത്വവും ചേരുമ്പോൾ പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിലേക്ക് യുവാക്കൾ വലിച്ചിഴക്കപ്പെടുകയാണെന്ന് ഫ്രാൻസിന് പാപ്പാ പറഞ്ഞു.  ഇതു വരെ അറിയാത്തവ തേടാനും, പുറം തള്ളപ്പെടുമെന്ന ഭീതിയും സമപ്രായക്കാരുമായുള്ള ഇടപെടലുകളും യുവാക്കളെ സൈക്കോ ആക്ടീവ് പദാർത്ഥങ്ങളുടെയും (New Psychoactive Substances NPS) മദ്യത്തിന്റെയും ദുരുപയോഗം പോലുള്ള  അപകടകരമായ തിരഞ്ഞെടുപ്പുകളിലേക്കും തീവ്രമായ സാഹചര്യങ്ങളിലേക്കും നയിച്ചേക്കാം.  പാപ്പാ ഓർമ്മപ്പെടുത്തി.

മയക്കുമരുന്നുകളുടെ ഉപയോഗം കൊണ്ടുവരുന്ന അപകടങ്ങളെയും, അവയുടെ അതിവേഗ വളർച്ചയേയും അവയ്ക്കു പിന്നിലെ സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ പ്രതിപാദിച്ചു. പുതിയ സൈക്കോ ആക്ടീവ് വസ്തുക്കളുണ്ടാക്കുന്ന മാരകമായ അപകടങ്ങളെക്കുറിച്ച് അറിയാതെ പല യുവാക്കളും ദുരുപയോഗം ചെയ്യുന്നതിനാൽ വിശകലനത്തിന്റെ വിദ്യകൾ വികസിപ്പിക്കേണ്ടതിന്റെയും പ്രതിരോധ ഇടപെടലുകൾ നടപ്പാക്കേണ്ടതിന്റെയും ഉചിതമായ ചികിൽസാ പദ്ധതികൾ പ്രോൽസാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതകളും പാപ്പാ എടുത്തു പറഞ്ഞു.

കായിക മത്സര രംഗങ്ങളിലെ  ഉത്തേജക വസ്തുക്കളുടെ വ്യാപനത്തെയും തന്റെ സന്ദേശത്തിൽ പാപ്പാ വിഷയമാക്കി. ഇത്, എന്തു വില കൊടുത്തും ലക്ഷ്യങ്ങൾ നേടാനും ഉയർന്ന പ്രകടനഫലം ഉണ്ടാക്കാനുമുള്ള ആസക്തിയെയാണ് കാണിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തിൽ പരാജയങ്ങൾ അനുവദനീയമല്ലാത്ത കാര്യക്ഷമതയുടേയും ഉൽപ്പാദനക്ഷമതയുടേയും സംസ്കാരം പ്രതിഫലിക്കുന്നതിന്റെ ലക്ഷണമാണിതെന്നും പാപ്പാ പറഞ്ഞു. പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാനും വിജയപ്രതിച്ഛായ നൽകാനും ദൗർബല്യവും ബലഹീനതയും അംഗീകരിക്കാൻ കഴിയാത്തതും സമഗ്രമായ മാനസിക വികസനത്തിന് തടസ്സമായി നിൽക്കും എന്ന മുന്നറിയിപ്പും പാപ്പാ നൽകി.

ജീവിക്കാനുള്ള കഷ്ടപ്പാടുകൾക്കു നടുവിൽ ഉയരുന്ന ആകുലതകളും അർത്ഥമില്ലായ്മയും മറികടക്കാൻ ശരിയായ സൂചികകളുടെ ദൗർബല്യം മൂലം മയക്കുമരുന്നുകളെ ആശ്രയിക്കുന്ന വഴി തെറ്റലിന്റെ അപകടവും പാപ്പാ എടുത്തു പറഞ്ഞു. മയക്കുമരുന്നുകളിലുള്ള അടിമത്വത്തിനു പിന്നിൽ ഏകാന്തതയുടേയും, അസമത്വത്തിന്റെയും പുറംതള്ളലിന്റെയും മറ്റും യഥാർത്ഥ ജീവിത കഥകൾ ഉണ്ടെന്നും പാപ്പാ വിശദീകരിച്ചു.

സമീപസ്ഥനായിരുന്ന് ശ്രവിച്ചുകൊണ്ട് യേശു നമുക്ക് നൽകിയ മാതൃക പിൻതുടർന്ന് വേദനയുടെയും ബലഹീനതയുടെയും മുന്നിൽ നമുക്കും ആകുലതയുടേയും ഏകാന്തതയുടേയും നിലവിളി കേൾക്കാൻ അറിയാമെന്നും കുനിഞ്ഞ് അവരെ കൈ പിടിച്ചുയർത്താനും ഒരു പുതിയ ജീവിതത്തിലേക്ക് കൈ കൊടുക്കാനും കഴിയുമെന്നും കാണിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ അടിസ്ഥാനം കണ്ടെത്താൻ യുവാക്കളെ വിദ്യാഭ്യാസം കൊണ്ടും, ചികിൽസാ പുനരധിവാസ പാതകളിലൂടെയും, ബദൽ സംസ്കാരിക മാതൃകകളിലൂടെയും പ്രോൽസാഹിപ്പിക്കാനും അവരോടു തന്റെ സന്ദേശത്തിലൂടെ പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2023, 15:02