അടുത്ത യുവജനസമ്മേളനം തെക്കൻ കൊറിയയിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2027-ൽ നടക്കുവാനിരിക്കുന്ന അടുത്ത ലോകായുവജനദിനാഘോഷം തെക്കൻ കൊറിയയുടെ തലസ്ഥാനമായ സോൾ നഗരത്തിൽ നടക്കുമെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച വിശുദ്ധ കുർബാനയുടെ അവസാനമാണ് അടുത്ത ലോകായുവജനദിനത്തിലേക്ക് പാപ്പാ ഏവരെയും ക്ഷണിച്ചത്.
1995-ൽ ഫിലിപ്പീൻസിൽ വച്ച് നടന്ന ലോകായുവജനദിനാഘോഷത്തിന് ശേഷം ഇതാദ്യമായാണ് ഏഷ്യയിൽ കത്തോലിക്കാ യുവജനങ്ങൾ ഒരുമിച്ച് കൂടുവാൻ പോകുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്കാ യുവജനത്തിനും, കത്തോലിക്കാ സഭയ്ക്കും തങ്ങളുടെ വിശ്വാസജീവിതസാക്ഷ്യത്തിന് ഒരു വേദികൂടിയാകും സോളിൽ നടക്കുവാൻ പോകുന്ന ലോകായുവജനദിനാഘോഷം.
2025-ലെ യുവജനജൂബിലി
അടുത്ത ലോകായുവജനദിനാഘോഷത്തിന്റെ വേദി പ്രഖ്യാപിക്കും മുൻപ്, പാപ്പാ യുവജനങ്ങളെ റോമിലേക്ക് ക്ഷണിച്ചു. 2025-ൽ നടക്കുവാൻ പോകുന്ന ജൂബിലി വർഷത്തിൽ, യുവജനങ്ങളുടെ ജൂബിലിദിനത്തിലേക്കാണ് എല്ലാ കത്തോലിക്കായുവജനങ്ങളെയും പാപ്പാ ക്ഷണിച്ചത്. "യുവജനങ്ങളുടെ ജൂബിലി ഒരുമിച്ച് ആഘോഷിക്കാൻ 2025-ൽ ഞാൻ നിങ്ങളെ പ്രതീക്ഷിക്കുന്നു"വെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: