തിരയുക

ഫ്രാൻസിസ് പാപ്പാ ലിസ്ബണിലെ ആഗോള യുവജനസമ്മേളനവേദിയിൽ യുവജനങ്ങളെ അഭിവാദ്യം ചെയ്യുന്നു  ഫ്രാൻസിസ് പാപ്പാ ലിസ്ബണിലെ ആഗോള യുവജനസമ്മേളനവേദിയിൽ യുവജനങ്ങളെ അഭിവാദ്യം ചെയ്യുന്നു  

നാം ആയിരിക്കുന്ന അവസ്ഥയിൽ യേശു നമ്മെ വിളിക്കുന്നു: പാപ്പാ

ഫ്രാൻസിസ് പാപ്പാ ലിസ്ബണിലെ ആഗോള യുവജന സമ്മേളനത്തിൽ എഡ്‌വേർഡ്‌ ഏഴാമൻ പാർക്കിൽ വച്ചുനടന്ന സ്വാഗതസമ്മേളനത്തിൽ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

സ്നേഹം നിറഞ്ഞ യുവജനങ്ങളെ, നിങ്ങൾക്ക് നല്ല ഒരു സായംസന്ധ്യ ആശംസിക്കുന്നു.

അതിരുകളില്ലാത്ത നിങ്ങളുടെ ഈ സന്തോഷനിമിഷങ്ങളിൽ ഭാഗഭാക്കാകുവാൻ ലഭിച്ച അവസരം ഏറെ വലുതാണ്.ഒപ്പം നിങ്ങളെ ഇവിടെ കൂട്ടിക്കൊണ്ടുവന്ന മെത്രാന്മാർക്കും, വൈദികർക്കും, മതബോധന അധ്യാപകർക്കും,ആനിമേറ്റേഴ്‌സിനും നന്ദി പറയുന്നതോടൊപ്പം അവർക്കുവേണ്ടി നമുക്ക് കരഘോഷം മുഴക്കാം.

നിങ്ങൾ ഇവിടെ ആയിരിക്കുന്നത് യേശുവിന്റെ വിളി ശ്രവിച്ചതുകൊണ്ടു മാത്രമാണ്.യാദൃശ്ചികമായി ഇവിടെ ആരും തന്നെ വന്നിട്ടില്ല. മറിച്ച് നമ്മുടെ നാളുകളുടെ ആരംഭം മുതലേ നമ്മെ പേരു ചൊല്ലിവിളിക്കുന്ന ദൈവത്തിന്റെ വ്യക്തിപരമായ സ്നേഹമാണ് നമ്മെ ഇവിടെ ഒരുമിച്ചു കൂട്ടിയിരിക്കുന്നത്. അതിനാൽ ഈ വാചകം നാം ഒരിക്കലും മറന്നുപോകരുത്; അവൻ നമ്മെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു.

നമ്മുടെ ഉള്ളിൽ പേറുന്ന നിഴലുകൾക്കും, മുറിവുകൾക്കും, വേദനകൾക്കും നടുവിൽ അവൻ നമ്മെ വിളിക്കുന്നുവെന്ന സത്യം നാം മറന്നുപോകരുത്.നമ്മെ പേരുചൊല്ലി വിളിക്കുവാൻ അവൻ കണ്ടെത്തിയ കാരണമോ, സ്നേഹവും.അവന്റെ ദൃഷ്ടികൾക്കു മുൻപിൽ അമൂല്യങ്ങളായ നമ്മുടെ ജീവിതത്തെ പ്രോത്സാഹിപ്പിക്കുവാനും, അവനോടു ചേർത്തുനിർത്തി ആലിംഗനം ചെയ്യുവാനുമാണ് അവൻ നമ്മെ വിളിക്കുന്നത്.

ആഗോളയുവജന സംഗമത്തിൽ ഈ വലിയ ഒരു സത്യം മനസിലാക്കുവാൻ നമുക്ക് പരസ്പരം സഹായിക്കാം.നമ്മുടെ നേത്രങ്ങൾ കാണുന്ന നിഷേധാത്മകമായ പല കാര്യങ്ങളും ദൈവീക ദൃഷ്ടിയിൽ അതുല്യങ്ങളായി മാറുന്നതും ഈ പേര് ചൊല്ലിവിളിക്കുന്ന സ്നേഹം അവൻ നമുക്കായി ചൊറിയുന്നതുകൊണ്ടാണ്.പല ഭാഷകളും, സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന നിങ്ങൾക്കിടയിൽ ഇപ്രകാരം സാഹോദര്യത്തിന്റെ ധ്വനി മുഴുങ്ങുന്നത് ചരിത്രത്തിലെ അതുല്യവാർത്തകളായി പരിണമിക്കട്ടെ.

ദൈവം നിങ്ങളെ പേരു ചൊല്ലിവിളിക്കുന്നുവെങ്കിൽ അതിനർത്ഥം നാം ഓരോരുത്തരും ഒരു സംഖ്യയല്ല മറിച്ച് ഒരു മുഖമാണ്. ഈ ലോകത്തിലെ വിപണീവത്കൃതമായ ഒരു സംസ്കാരത്തിനു ഇപ്രകാരം ഒരു വ്യക്തിബന്ധം നമ്മളുമായി സൃഷ്ഠിക്കുവാൻ സാധിക്കുകയില്ല. ദൈവത്തിന്റെ ഈ പേര് ചൊല്ലിയുള്ള വിളി നാം ആഗ്രഹിക്കുന്ന വ്യക്തിത്വങ്ങളെയല്ല മറിച്ച് നാം ആയിരിക്കുന്ന നിലയിലാണ് നമ്മെ മാടിവിളിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറെ നമ്മുടെ പേരുകൾ കേൾക്കാമെങ്കിലും, അവയിലൊന്നും ആത്മാര്ഥതയുടെയോ, വ്യക്തിബന്ധങ്ങളുടെയോ കണികകൾ അടങ്ങുന്നില്ലയെന്ന യാഥാർഥ്യവും നാം തിരിച്ചറിയണം.ഇവയ്‌ക്കൊന്നും നമുക്ക് സന്തോഷം പ്രദാനം ചെയ്യുവാനും സാധിക്കുകയില്ല. മറിച്ച് ഉപരിപ്ലവമായ ദുരുപയോഗങ്ങൾക്കു മാത്രമാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ യേശു അങ്ങനെയല്ല, അവൻ നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന വിശ്വാസ്യത വളരെ വലുതാണ്, ഒപ്പം നമ്മൾ ഓരോരുത്തരും അവനു ഏറെ പ്രിയപ്പെട്ടവനുമാണ്.

അതിനാൽ സഭ എന്ന നിലയിൽ നാം വിളിക്കപെട്ടവരുടെ ഒരു ഗണമാണ്. എന്നാൽ ഇതിനർത്ഥം നാം മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നുള്ളതല്ല, മറിച്ച് നാം പാപികളായിരുന്നിട്ടും അവൻ നമ്മെ വിളിച്ചിരിക്കുന്നു.നമ്മുടെ വ്യക്തിപരമായ പ്രശ്നങ്ങളോടും, കുറവുകളോടും  കൂടിതന്നെയാണ് അവൻ നമ്മെ വിളിച്ചിരിക്കുന്നത്. ഇതാണ് അവന്റെ വിളിയുടെ വ്യതിരിക്തതയും.അതിനാൽ സഭയിൽ നിങ്ങളുടെ സ്ഥാനം വളരെ വലുതാണ്.

യേശു  വിരുന്നിനു എല്ലാവരെയും വിളിച്ചു ചേർക്കുന്നു.ഞാൻ അതിനു യോഗ്യനല്ല എന്ന് വേദനയോടെ ചിന്തിക്കുന്ന അവസ്ഥയിലും നിന്റെ സാന്നിധ്യം യേശു ആവശ്യപ്പെടുന്നു എന്നുള്ളതാണ് പരമാർത്ഥം.അതിനാൽ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും അവരുടെ മാതൃഭാഷയിൽ ഇപ്രകാരം പറയണം: എല്ലാവരും, എല്ലാവരും, എല്ലാവരും. എല്ലാവരും സഭയുടെ അംഗങ്ങളാണ്.യേശു തന്റെ വിരലുകൾ ചൂണ്ടിയല്ല നമ്മെ വിളിക്കുക മറിച്ച് അവന്റെ കരങ്ങൾ വിരിച്ചുകൊണ്ട് അവനിലേക്ക് നമ്മെ ചേർത്തുനിർത്തുന്നു.

ഇപ്രകാരമുള്ള അവന്റെ ആലിംഗനത്തിന്റെ മകുടമായ ഉദാഹരണമാണ് കുരിശിൽ കൈകൾ വിരിച്ചുകൊണ്ട് നമുക്കായി മരണം വരിച്ച മഹനീയമായ നിമിഷം.അതിനാൽ അവൻ നമുക്ക് മുൻപിൽ ഒരിക്കലും വാതിലുകൾ അടയ്ക്കുന്നില്ല മറിച്ച് അകത്തു പ്രവേശിക്കുവാനും, ദർശിക്കുവാനും ഓരോരുത്തരെയും ക്ഷണിക്കുന്നു. അതിനാൽ ഈ ദിവസങ്ങളിൽ ഇപ്രകാരം നമ്മെ സ്വീകരിക്കുന്ന യേശുവിന്റെ സ്നേഹം കൂടുതൽ മനസിലാക്കുവാൻ നമുക്ക് സാധിക്കണം.

ഈ സായം സന്ധ്യയിൽ യുവജനങ്ങളായ നിങ്ങൾ എന്നോട് ഏറെ ചോദ്യങ്ങൾ ഉന്നയിച്ചു. ഇപ്രകാരം ഒരിക്കലും മടുപ്പു കൂടാതെ ചോദ്യങ്ങൾ ഉന്നയിക്കുവാനും അപ്രകാരം കൂടുതൽ തീക്ഷ്ണതയുള്ളവരുമായി തീരുവാൻ നിങ്ങൾക്ക് സാധിക്കട്ടെ.ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ ഉണർത്തുന്ന അസ്വസ്ഥത നമ്മുടെയിടയിൽ സംഭാഷണങ്ങൾക്കായുള്ള വഴികൾ തുറക്കട്ടെ.

ഈ ചോദ്യങ്ങളെ നമ്മുടെ പ്രാർത്ഥനകൾക്ക് വിഷയങ്ങളാക്കി മാറ്റുവാനും നമുക്ക് സാധിക്കണം.ദൈവം നാം ആയിരിക്കുന്ന അവസ്ഥയിൽ നമ്മെ സ്നേഹിക്കുന്നുവെന്ന വലിയ യാഥാർഥ്യം നമുക്ക് മനസിലാക്കുകയും, ഇപ്രകാരം നമ്മെ വിളിക്കുന്ന ദൈവത്തോട് വിശ്വസ്തരായി ജീവിക്കുവാനും ഏവർക്കും സാധിക്കട്ടെ അതിനായി പരിശുദ്ധ അമ്മ നമ്മെ തുണയ്ക്കട്ടെ.

ഭയപ്പെടാതെ, ധൈര്യപൂർവം ദൈവീകമായ സംരക്ഷണം ഉണർന്നുകൊണ്ട് ജീവിതത്തിൽ പരിശ്രമിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന്  ആവർത്തിച്ചു എല്ലാവരും പറയട്ടെ. നന്ദി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2023, 08:33