തിരയുക

പാപ്പായുടെ നാല്പത്തിനാലാം വിദേശ ഇടയസന്ദർശനം സമാപിച്ചു!

ഫ്രാൻസീസ് പാപ്പായുടെ മർസെയ് സന്ദർശനം- ശനിയാഴ്ച ഉച്ചതിരുഞ്ഞു നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് പരിസമാപ്തിയായി. ഫ്രാൻസിലെ മർസെയ് നഗരമായിരുന്നു സന്ദർശന വേദി.

വവിധമത വിശ്വാസികളായ 120 യുവതീയുവാക്കളും, മദ്ധ്യധരണിപ്രദേശത്തെ 30 നാടുകളിലെ കത്തോലിക്കാമെത്രാന്മാരും സെപ്റ്റംബർ 17-24 വരെ സമ്മേളിച്ച മർസെയിൽ പ്രസ്തുത സമ്മേളനത്തിൻറെ, അതായത്, മെഡിറ്ററേനിയൻ സമ്മേളനത്തിൻറെ (Rencontres Méditerranéennes)സമാപനം കുറിക്കുന്നതിനാണ് പാപ്പാ അവിടെ എത്തിയത്.

വളരെ ഹ്രസ്വമായിരുന്നു പാപ്പായുടെ ഈ ഇടയസന്ദർശനം. വെള്ളിയാഴ്ച വൈകുന്നേരം മർസെയിൽ എത്തിയ പാപ്പാ ശനിയാഴ്ച വൈകുന്നേരം അവിടെ നിന്നു വത്തിക്കാനിലേക്കു മടങ്ങി. സെപ്റ്റംബർ 22,23 തീയതികളിലായിരുന്നു ഈ സന്ദർശനം എന്നു പറയാമെങ്കിലും സന്ദർശ ദൈർഘ്യം 1 ദിവസവും 6-ലേറെ മണിക്കൂറും മാത്രമായിരുന്നു. ഈ യാത്രയിൽ പാപ്പാ, വ്യോമ കരമാർഗ്ഗങ്ങളിലൂടെ മൊത്തം1428 കിലോമീറ്റർ ദൂരം സഞ്ചരിച്ചു, അഞ്ചു പ്രഭാഷണങ്ങൾ നടത്തി.

പാപ്പായുടെ മടക്കയാത്ര

ഫ്രാൻസിലെ മർസെയിൽ നിന്ന് ശനിയാഴ്ച (23/09/23) പ്രാദേശികസമയം വൈകുന്നേരം 7.28-ന്, ഇന്ത്യയിൽ ശനിയാഴ്ച രാത്രി 10.58-ന്, റോമിലേക്ക് മടക്ക യാത്ര ആരംഭിച്ച പാപ്പാ ഏതാണ്ട് 1 മണിക്കൂറും 10 മിനിറ്റും കൊണ്ട് റോമിൽ ലെയൊണർദൊ ദ വിഞ്ചി അന്താരാഷ്ട വിമാനത്താവളത്തിൽ എത്തി. അപ്പോൾ പ്രാദേശിക സമയം രാത്രി 8.37 ആയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പാപ്പാ കാർമാർഗ്ഗം നേരെ പോയത്, ഓരോ വിദേശ അപ്പൊസ്തോലികയാത്രാനന്തരവും പതിവുള്ളതു പോലെ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കാണ്. അവിടെ എത്തിയ പാപ്പാ ആ ബസിലിക്കയിൽ “സാളൂസ് പോപുളി റൊമാനി”  (Salus populi romani ) അഥവാ, “റോമൻ ജനതയുടെ രക്ഷ” എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാനാഥയുടെ സവിധത്തിൽ മൗനമായി പ്രാർത്ഥിച്ച് നന്ദിയർപ്പിച്ചതിനു ശേഷമാണ് വത്തിക്കാനിലേക്കു പോയത്.

പാപ്പായുടെ ടെലെഗ്രാം സന്ദേശങ്ങൾ

ഇറ്റലിയുടെ യാത്രാവിമാനക്കമ്പനിയായ ഇത്താ (ITA Airways) എയർവെയ്സിൻറെ വ്യോമയാനത്തിലാണ് പാപ്പായും മാദ്ധ്യമപ്രവർത്തകരുൾപ്പെടെയുള്ള അനുചരരും മർസെയിൽ നിന്ന് റോമിൽ, ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന രാജ്യാന്തരവിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്. വിമാനം ഫ്രാൻസിൻറെയും ഇറ്റലിയുടെയും വ്യോമപാത ഉപയോഗപ്പെടുത്തിയാതിനാൽ ഒരോ രാജ്യത്തിൻറെയും മുകളിലൂടെ അത് പറക്കവെ പാപ്പാ അതതു രാജ്യത്തിൻറെ തലവന് ടെലെഗ്രാം സന്ദേശം അയച്ചു.

ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മാനുവേൽ മക്രോണിന് അയച്ച സന്ദേശത്തിൽ പാപ്പാ, മർസെയിൽ തനിക്കു ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുകയും താൻ സസന്തോഷം പങ്കെടുത്ത “മെഡിറ്ററേനിയൻ സമ്മേളനങ്ങൾ” ജനതകൾക്കിടയിൽ സമാധാനത്തിൻറെയും സഹോദര്യത്തിൻറെയും സമൃദ്ധമായ ഫലം പുറപ്പെടുവിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്ക് അയച്ച സന്ദേശത്തിൽ പാപ്പാ അദ്ദേഹത്തിന് അഭിവാദ്യമർപ്പിക്കുകയും “മാരെ നോസ്ത്രും” (പുരാതന റോമാക്കാർ മദ്ധ്യധരണ്യാഴിയെ സൂചിപ്പിക്കുന്നിന് ഉപയോഗിച്ചിരുന്ന പേരാണ്  “മാരെ നോസ്ത്രും” “MARE NOSTRUM”) എന്നും അറിയപ്പെടുന്ന മദ്ധ്യധരണ്യാഴിക്കഭിമുഖമായുള്ള നാടുകളിലെ മെത്രാന്മാരെയും നഗരാധിപന്മാരെയും പ്രാദേശിക കത്തോലിക്കാസമൂഹത്തെയും വിവിധമതങ്ങളിലെ പ്രമുഖരെയും കണ്ടുമുട്ടാൻ കഴിഞ്ഞതിലുള്ള തൻറെ സന്തോഷം പങ്കുവയ്ക്കുകയും ഇറ്റലിയുടെ ക്ഷേമായ്ശ്വര്യങ്ങൾക്കായുള്ള  തൻറെ പ്രാർത്ഥന ഉറപ്പുനല്കുകയും ചെയ്തു.

മാദ്ധ്യമപ്രവർത്തകരോട്

മടക്കയാത്രയിൽ പാപ്പാ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി അല്പസമയം സംവദിച്ചു. അവരുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി പറഞ്ഞു.

കുടിയേറ്റ പ്രശ്നപരിഹൃതി, കുടിയേറ്റക്കാരോടുള്ള നിസ്സംഗതവെടിയുക, അവരുടെ ശാരീരികവും മാനസികവുമായ പീഢനങ്ങൾ, കഷ്ടപ്പാടുകൾ ഇല്ലാതാക്കുക, ചൂഷണം ഒഴിവാക്കുക, ജീവനെ തൊട്ടുകളിക്കരുത്, ദയാവധം അരുത്, ജീവനെ സംരക്ഷിക്കുക, രാജ്യങ്ങൾ റഷ്യൻ-ഉക്രൈയിൻ യുദ്ധത്തെ ആയുധക്കച്ചവടം കൊഴുപ്പിക്കുന്നതിന് മുതലെടുക്കുന്ന പ്രവണത, കൊള്ള ലാഭം കൊയ്യുന്നതിന് മരണത്തിൻറെ നിർമ്മാണ ശാലകളായ ആയുധ നിർമ്മാണ ശാലകളിൽ മുതൽമുടക്കുക എന്ന ചിന്ത, തുടങ്ങിയ വിവധ കാര്യങ്ങളെക്കുറിച്ച് പാപ്പാ അവരുമായി സംസാരിച്ചു. ഉക്രൈയിൻ ജനതയുടെ രക്തസാക്ഷിത്വം വച്ച് നാം കളിക്കരുതെന്നും സാധ്യമായ വിധത്തിൽ ഈ യുദ്ധം അവസാനിപ്പിക്കാൻ നാം സഹായിക്കണമെന്നും പാപ്പാ പറഞ്ഞു.

പാപ്പായുടെ ശനിയാഴ്ച ഉച്ചതിരിഞ്ഞു നടന്ന പരിപാടികളിലൂടെ 

ശനിയാഴ്ച (23/09/23) ഉച്ചയ്ക്കു മുമ്പ് “പലേ ദ് ഫഹോ” (Palais du Pharo) മന്ദിരത്തിൽ മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ സമാപനനാന്തരം പാപ്പാ ആ മന്ദിരത്തിൽ വച്ചു തന്നെ ഫ്രാൻസിൻറെ പ്രസഡൻറ് ഇമ്മനുവേൽ മക്രോണുമായി കൂടിക്കാഴ്ച നടത്തുകയും  തദ്ദന്തരം അവിടെനിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള മർസെയ് അതിമെത്രാസനമന്ദിരത്തിലെത്തി മുത്താഴം കഴിക്കുകയും ചെയ്തു. അതിനുശേഷം പാപ്പാ അവിടെനിന്ന് 8 കിലോമിറ്റർ അകലെയുള്ള “വേലെദ്ഹോം”  (Vélodrome) സ്റ്റേഡയിത്തിലേക്ക് കാറിയൽ യാത്രയായി. മർസെയ് നഗരത്തിൻറെ ഏതു കോണിൽ നിന്നു നോക്കിയാലും കാണത്തരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള വിവിധോദ്ദേശ ആധുനികകായിക സ്റ്റേഡിയം ആണിത്. 1937-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്റ്റേഡിയം ആദ്യം 35000 പേർക്കിരിക്കാൻ സൗകര്യമുള്ളതായിരുന്നെങ്കിൽ തുടർന്ന് പലതവണ വിസ്തൃതി വർദ്ധിപ്പിച്ചതിനു ശേഷം ഇപ്പോൾ അതിന് 67000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയും.

“വേലെദ്ഹോം” സ്റ്റേഡിയത്തിലായിരുന്നു പാപ്പായുടെ വിശുദ്ധകുർബ്ബാനാർപ്പണത്തിനുള്ള വേദി ഒരുക്കിയിരുന്നത്. വെള്ളയും കടൽ നീലിമയും ഇഴചേർന്ന വർണ്ണങ്ങളായിരുന്നു ബലിവേദിയ്ക്ക്. അൾത്താരയുടെ വലത്തു വശത്ത് അല്പം മാറി ഒരു വലിയ വെള്ളക്കുരിശും, ഈ കുരിശിനും ബലിപിഠത്തിനും മദ്ധ്യത്തിലായി അല്പം മുന്നിൽ നീല മേലങ്കിയണിഞ്ഞ മർസെയിലെ സംരക്ഷക നാഥയുടെ, നല്ല മാതാവിൻറെ വെള്ള തിരുസ്വരൂപവും പ്രതിഷ്ഠിച്ചിരുന്നു.  

ഹെബ്രായർക്കുള്ള ലേഖനം അദ്ധ്യായം 12,22-24 വരെയും 8-ും 9-ും 14-ും 15-ും വാക്യങ്ങളായിരുന്നു ദിവ്യബലിയിലെ ഒന്നാം വായന. സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം 1,39-45 വരെയുള്ള വാക്യങ്ങൾ, അതായത്, പരിശുദ്ധാത്മാവിനാൽ ദൈവസുതനെ ഗർഭം ധരിച്ചതിനു ശേഷം- മംഗളവാർത്തയ്ക്കു ശേഷം മറിയം തന്നെ സന്ദർശിക്കാനെത്തിയപ്പോൾ എലിസബത്ത് അവളെ സ്തുതിക്കുന്ന ഭാഗം ആയിരുന്നു.

സ്റ്റേഡിയത്തിലേക്കു യാത്രായ പാപ്പായെ ഒരുനോക്കു കാണുന്നതിനായി വഴിയോരങ്ങളിലും സ്റ്റേഡയിത്തിനകത്തുമായി കാത്തുനിന്നിരുന്നവരുടെ എണ്ണം ഒരുലക്ഷത്തോളം വരും. സ്റ്റേഡിയത്തിനകത്ത് വിശുദ്ധകുർബ്ബാനയിൽ പങ്കുകൊണ്ട വിശ്വാസികൾ അമ്പതിനായിരത്തോളം ആയിരുന്നു.

അതിരൂപതാരമനയിൽ നിന്ന് കാറിൽ സ്റ്റേഡയത്തിലേക്കു പുറപ്പെട്ട പാപ്പാ അതിനടുത്തു വച്ച് എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിട്ടുള്ള തുറന്ന പേപ്പൽ വാഹനത്തിലേക്ക് മാറികയറുകയും എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുകയും ചെയ്തു. പാപ്പാ സങ്കീർത്തിയിലെത്തി പൂജാവസ്ത്രങ്ങളണിയവെ പ്രവേശന ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. സഹകാർമ്മികർ പ്രദക്ഷിണമായി ബലിവേദിയെലത്തി അൾത്താരയെ വണങ്ങി. അതിനിടെ പാപ്പായും ബലിവേദിയിലെത്തി. ധൂപാർപ്പണനാന്തരം പാപ്പാ വിശുദ്ധകുർബ്ബാനയ്ക്ക് തുടക്കം കുറിച്ചു. വിശുദ്ധഗ്രന്ഥ വായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.

വിശുദ്ധകുർബ്ബാനയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് മർസേയ് അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷോൻ മാഹ്ക് അവെലിൻ നന്ദിപ്രകാശനം നടത്തി.

കർദ്ദിനാൾ ഷോൻ അവെലിൻറെ വാക്കുകൾ

എങ്ങനെ നന്ദി പറയും? എന്ന് സ്വയം ചോദിച്ചുകൊണ്ടാണ് കർദ്ദിനാൾ ഷോൻ മാഹ്ക് അവെലിൻ തൻറെ കൃതജ്ഞാതവചസ്സുകൾ ആരംഭിച്ചത്.

ഈ അവിസ്മരണീയ ദിനത്തിൻറെ അന്ത്യത്തിൽ തങ്ങളുടെ ഹൃദയത്തിൽ നിന്ന് നിർഗ്ഗമിക്കുന്ന അളവറ്റ നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ അപര്യാപത്ങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

മർസെയിലെ സംരക്ഷകനാഥയ്ക്ക് തങ്ങളെ സമർപ്പിക്കാൻ പാപ്പാ ആ കന്യകയുടെ സവിധത്തിൽ അണഞ്ഞതും, “മാരെ നോസ്ത്രുമിൽ” ജീവൻ പൊലിഞ്ഞ കുടിയേറ്റക്കാരെയും നാവികരെയും അനുസ്മരിക്കുന്നതിന് വിവിധ മതനേതാക്കളുമൊത്ത് സമ്മേളിച്ചതും കർദ്ദിനാൾ ഷോൻ മാഹ്ക് അവെലിൻ അനുസ്മരിച്ചു. പ്രത്യാശ തേടിയ കുടിയേറ്റക്കാർ വലിയ ശവപ്പറമ്പായി മാറിയ നമ്മുടെ കടലിൽ- “മാരെ നോസ്ത്രുമിൽ- കണ്ടെത്തിയത് നിസ്സംഗതയും അവസാനം മരണവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ മുഴുവൻ ചുറ്റി സഞ്ചരിക്കാതെ തന്നെ മദ്ധ്യധരണ്യാഴിയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും തങ്ങളുടെ ഭൂമിശാസ്ത്രത്തിൻറെയും ചരിത്രത്തിൻറെയും ഭാഗമായ ഈ ഇടത്തെ സംബന്ധിച്ച് തങ്ങൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് തങ്ങളിൽ അവോധമുളവാക്കാനും പാപ്പായ്ക്ക് സാധിച്ചുവെന്ന് കർദ്ദിനാൾ അവെലിൻ അനുസ്മരിച്ചു.   

ഫ്രാൻസിൽ ഏറ്റം ദാരിദ്ര്യവസ്ഥ നിലനില്ക്കുന്ന സാൻ മൊഹൂൺ (Saint-Mauront) പ്രദേശം പാപ്പാ സന്ദർശിച്ചതും മദ്ധ്യധരണ്യാഴി പ്രദേശത്ത് സമാധാനം സംസ്ഥാപിക്കുന്നതിന് സമൂർത്തയത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുമായി, രാഷ്ട്രത്തിൻറെ പ്രസിഡൻറ്,യുവതീയുവാക്കൾ, മെത്രാന്മാർ എന്നീവരുമായി കൂടിക്കാഴ്ച നടത്തിയതും സ്റ്റേഡിയത്തിൽ ദിവ്യബലിയർപ്പിച്ചതും അദ്ദേഹം കൃതജ്ഞതാഭരിത ഹൃദയത്തോടുകൂടി എടുത്തു പറഞ്ഞു. മർസെയും അതോടൊപ്പം ഫ്രാൻസ് മുഴുവനും പാപ്പാ നല്കിയ മഹത്തായ സമ്മാനം ഒരിക്കലും മറക്കില്ലയെന്ന് പറഞ്ഞ കർദ്ദിനാൾ ഷോൻ അവെലിൻ തങ്ങൾക്കായി പാപ്പായുടെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും തങ്ങളുടെ പ്രാർത്ഥന പാപ്പായ്ക്ക് ഉറപ്പേകുകയും ചെയ്തു.

കർദ്ദിനാൾ ഷോൻ അവെലിൻറെ നന്ദിപ്രകാശനാന്തരം പാപ്പാ ഏതാനും വാക്കുകൾ പറയുകയും സമാപനാശീർവ്വാദത്തിനു ശേഷം സങ്കീർത്തിയിലേക്കു പോകുകയും തിരുവസ്ത്രങ്ങൾ മാറിയതിനു ശേഷം മർസെയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയാവുകയും ചെയ്തു.

പാപ്പാ വിമാനത്താവളത്തിലേക്ക്

സ്റ്റേഡിയത്തിൽ നിന്ന് 28 കിലോമീറ്ററിലേറെ ദൂരമുള്ള രാജ്യാന്തരവിമാനത്താവളത്തിലെത്തിയ പാപ്പായെ യാത്ര അയയ്ക്കാൻ ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മാനുവെൽ മക്രോണും പത്നി ബ്രിജിറ്റ് മക്രോണും പൗരാധികാരികളും സഭാപ്രതിനിധികളും അവിടെ സന്നിഹിതരായിരുന്നു. ചക്രക്കസേരയിൽ വ്യോമയാനത്തിനടുത്തേക്കാനീതനായ പാപ്പാ എല്ലാവരോടും വിടപറയുകയും വ്യോമയാനത്തിനകത്തു പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ഇറ്റലിയുടെ “ഇത്താ” (ITA) എയർലൈൻസ് വിമാനം ഫ്രാൻസിലെ സമയം  ശനിയാഴ്ച വൈകുന്നേരം 7.28-ന്, ഇന്ത്യയിൽ ശനിയാഴ്ച രാത്രി 10.58-ന്, 715 കിലോമീറ്റർ വ്യോമദൂരമുള്ള റോമിലെ ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2023, 13:32