മാർസിലിയ സന്ദർശനം പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പാപ്പാ
ഫാ.ജിനു ജേക്കബ് ,വത്തിക്കാൻ സിറ്റി
സെപ്റ്റംബർ മാസം 22, 23 തീയതികളിൽ ഫ്രാൻസിലെ മാർസിലിയയിലേക്കുള്ള അപ്പസ്തോലികയാത്രയ്ക്കു മുന്നോടിയായി സെപ്റ്റംബർ 19, ചൊവ്വാഴ്ച രാവിലെ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ പ്രാർത്ഥിക്കുവാൻ വേണ്ടി ഫ്രാൻസിസ് പാപ്പാ എത്തി. തികച്ചും സ്വകാര്യമായ ആത്മീയ നിമിഷങ്ങൾക്കുവേണ്ടിയാണ് പാപ്പാ എത്തിയത്.
ബസിലിക്കയിലെ സാലൂസ് പോപ്പോളി റൊമാനി (salus popoli romani) എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ ഐക്കൺ ചിത്രത്തിനു മുൻപിൽ കുറച്ചുസമയം ധ്യാനനിമഗ്നനായി പ്രാർത്ഥനയിൽ ചിലവഴിച്ച പാപ്പാ തുടർന്ന് തന്റെ വസതിയായ വത്തിക്കാനിലെ സാന്താ മാർത്തായിലേക്ക് മടങ്ങി.
ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പാ ഫ്രാൻസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുന്നത്.2014 ൽ സ്ട്രാസ്ബുർഗിൽ പാപ്പാ സന്ദർശനം നടത്തിയിരുന്നു. എന്നാൽ 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പായുടെ മാർസിലിയ സന്ദർശനത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് പത്രോസിന്റെ പിൻഗാമി മാർസിലിയയിലേക്ക് യാത്ര നടത്തുന്നത്.
650 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മാർസിലിയ പട്ടണത്തിൽ വച്ച് സെപ്റ്റംബർ ഇരുപത്തിമൂന്നിന് നടത്തപ്പെടുന്ന മെഡിറ്ററേനിയൻ സമ്മേളനത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തു സംസാരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: