തിരയുക

പ്രത്യാശയുടെ കിരണവുമായി ഫ്രാൻസിസ് പാപ്പാ മർസിലിയയിൽ

ഫ്രാൻസിസ് പാപ്പായുടെ ഫ്രാൻസിലെ മർസിലിയയിലേക്കുള്ള നാല്പത്തിനാലാമത് അപ്പസ്തോലിക യാത്രയിലെ ആദ്യ പൊതു പരിപാടികളുടെ സംക്ഷിപ്തവിവരണം

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ ചരിത്രപ്രസിദ്ധമായ അപ്പസ്തോലിക യാത്രയ്ക്കുശേഷം, ഇതാ വീണ്ടും അടുത്ത ഒരു യാത്രകൂടി; ഫ്രാൻസിലെ മാർസിലിയയിലേക്ക്. കത്തോലിക്കർ ഏറെ ന്യൂനപക്ഷമായ മംഗോളിയയിലേക്കു ഫ്രാൻസിസ് പാപ്പാ യാത്ര നടത്തുന്നതിന് മുൻപ് ഉയർന്നുവന്ന ചോദ്യങ്ങൾ പലതായിരുന്നു. രണ്ടായിരത്തിനു താഴെ മാത്രം കത്തോലിക്കജനസംഖ്യ വരുന്ന ഒരു രാജ്യത്തേക്ക് കത്തോലിക്കാ സഭയുടെ തലവനും, വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണാധികാരിയുമായ പാപ്പാ  ഏകദേശം പത്തുമണിക്കൂർ നീളുന്ന ദീർഘദൂര യാത്ര ചെയ്യണമായിരുന്നോ?

ചിലപ്പോൾ ചോദിച്ച ചോദ്യത്തിന് വാക്കുകളാൽ മറുപടി ലഭിച്ചില്ലയെങ്കിലും, സെപ്റ്റംബർ നാലാം തീയതി സന്ദർശനത്തിന് ശേഷം തിരികെ റോമിലേക്ക് പാപ്പായെത്തുന്ന അവസരത്തിൽ, മംഗോളിയൻ ജനതയൊന്നടങ്കം ഹൃദയത്തിൽ സ്നേഹപുരസ്സരം, നന്ദിയോടെ ചിരപ്രതിഷ്ഠ നടത്തിയ ഒരു വ്യക്തിത്വമാണ് ഫ്രാൻസിസ് പാപ്പായുടേത്.

വാക്കുകൾക്കുമപ്പുറം പാപ്പായുടെ ഓരോ സാമീപ്യവും ജനഹൃദയങ്ങളിൽ പകർന്നു നൽകിയ ക്രിസ്തുസാന്നിധ്യവും, സ്നേഹവുമാണ് ഇന്നും മംഗോളിയയുടെ ഓരോ കോണിലും അലയടിക്കുന്നത്.

ക്രിസ്തു സാന്നിധ്യത്തിന്റെ ഇതേ അനുഭവം പങ്കുവയ്ക്കുവാൻ വേണ്ടിയാണ് തന്റെ നാല്പതിനാലാമത് അപ്പസ്തോലിക യാത്രയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ ഫ്രാൻസിലെ മർസിലിയയിലേക്ക് യാത്രയായത്.സെപ്റ്റംബർ 22 നു റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം 14.15 നു യാത്ര ആരംഭിച്ച പാപ്പായുടെ വിവിധങ്ങളായ നിയോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടിയേറ്റക്കാരുടെ സംരക്ഷണത്തിനും, തൊഴിൽ അവസരങ്ങൾക്കും, യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ചേരുന്ന മെഡിറ്ററേനിയൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക എന്നത് തന്നെയാണ്.

തന്റെ പത്രോസിനടുത്ത അജപാലന ശുശ്രൂഷ തുടങ്ങിയ നാൾ മുതൽ പാവങ്ങളായ സഹോദരങ്ങളെ, പ്രത്യേകിച്ചും കുടിയേറ്റക്കാരായവരെ ചേർത്തുനിർത്തുന്ന ഫ്രാൻസിസ് പാപ്പായുടെ ഊഷ്മളത ഈ യാത്രയിൽ ഒരിക്കൽ കൂടി വെളിവാക്കപ്പെടുമെന്നതിൽ തെല്ലും സംശയമില്ല.

ഹ്രസ്വമെങ്കിലും, തിരക്കുകളേറിയ സന്ദർശനമാണ് ഫ്രാൻസിസ് പാപ്പാ നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പാ ഫ്രാൻസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുന്നത്.2014 ൽ സ്ട്രാസ്ബുർഗിൽ പാപ്പാ സന്ദർശനം നടത്തിയിരുന്നു. എന്നാൽ 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പായുടെ മാർസിലിയ സന്ദർശനത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് പത്രോസിന്റെ പിൻഗാമി മാർസിലിയയിലേക്ക് യാത്ര നടത്തുന്നത്. 1947 ൽ യുവവൈദികനായ കരോൾ വൊയ്റ്റീവായും  (ജോൺ പോൾ രണ്ടാമൻ പാപ്പാ) മാർസിലിയ സന്ദർശിച്ചിട്ടുണ്ട്.

പതിവുപോലെ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപായി റോമിലെ മദർ തെരേസയുടെ സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ നടത്തുന്ന ദോണോ ദി മരിയ എന്ന അഗതിമന്ദിരത്തിലെ ഏകദേശം ഇരുപതോളം സഹോദരിമാരെ ബഹുമാനപെട്ട സിസ്റ്റേഴ്സിനൊപ്പം സന്ദർശിച്ചു.തുടർന്ന് റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിലേക്ക് യാത്രയായ പാപ്പാ ഇറ്റാലിയൻ വിമാനക്കമ്പനിയായ ഇറ്റാ എയർവേയ്‌സിന്റെ വിമാനത്തിലേക്ക് കയറി. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധികളും, പത്ര മാധ്യമ പ്രവർത്തകരും പാപ്പായെ പതിവുപോലെ യാത്രയിൽ അനുഗമിക്കുന്നുണ്ട്.ഇറ്റാലിയൻ പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടു നാല്പത്തിയഞ്ചിന് വിമാനം മാർസിലിയയിലേക്ക് പറന്നു.

യാത്രയ്ക്കിടെ വിമാനത്തിൽ ഉണ്ടായിരുന്ന പത്രപ്രവർത്തകരെ പാപ്പാ അഭിവാദ്യം ചെയ്തു.തന്നെ അനുഗമിക്കുവാൻ പത്ര, മാധ്യമ  പ്രവർത്തകർ കാണിച്ച ഹൃദയവിശാലതയ്ക്ക് പാപ്പാ നന്ദി പറഞ്ഞു. മെഡിറ്ററേനിയൻ കടലിന്റെ കവാടമെന്ന നിലയിൽ മാർസിലിയയിലേക്കുള്ള തന്റെ യാത്രയുടെ പ്രാധാന്യവും പാപ്പാ എടുത്തു  പറഞ്ഞു. താൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം പറയുവാനുള്ള ധൈര്യം തനിക്കുണ്ടാവട്ടെയെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

ഇറ്റലിയിൽ നിന്നും യാത്ര പുറപ്പെട്ട മാത്രയിൽ ഫ്രാൻസിസ് പാപ്പാ  ഇറ്റാലിയൻ രാഷ്ട്രപതിയായ സെർജോ മത്തരെല്ലയ്ക്ക് അയച്ച  ടെലിഗ്രാം സന്ദേശത്തിന് മറുപടിയായി നല്ല യാത്ര ആശംസിച്ചുകൊണ്ടും, ഇന്ന് മെഡിറ്ററേനിയൻ തീരങ്ങളിൽ ദൗർഭാഗ്യവശാൽ ഉണ്ടാകുന്ന വെല്ലുവിളികൾക്ക് പാപ്പായുടെ സന്ദർശനം പ്രത്യാശയുടെ പുതുകിരണങ്ങൾ നൽകുവാൻ സാധിക്കട്ടെയെന്നും ടെലിഗ്രാം സന്ദേശമയച്ചു.ഏകദേശം  713 കിലോമീറ്ററുകൾ, ഒരു മണിക്കൂർ പതിനഞ്ചു മിനിറ്റിന്റെ യാത്രയ്ക്കു ശേഷം പ്രാദേശിക സമയം വൈകുന്നേരം  നാലു മണിയോടുകൂടി വിമാനം മാർസിലിയൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി.

വിമാനത്താവളത്തിൽ പാപ്പായെ ഔദ്യോഗികമായി ഫ്രാൻസിന്റെ പ്രധാനമന്ത്രി എലിസബേത് ബോൺ സ്വീകരിച്ചു. തുടർന്ന് ഏതാനും കുരുന്നുകൾ പാപ്പായ്ക്ക് പൂച്ചെണ്ടുകളും, മാതാവിന്റെ ചെറിയ ഒരു രൂപവും സമ്മാനിച്ചു .അവരോട് കുശലാന്വേഷണം നടത്തിയ പാപ്പാ സമ്മാനമായി ജപമാലയും നൽകി.തുടർന്ന് ചുവന്ന. പരവതാനിയിലൂടെ നീങ്ങിയ പാപ്പാ ഇരുവശങ്ങളിലും നിലയുറപ്പിച്ച സൈനികരെ അഭിവാദ്യം ചെയ്തു. തുടർന്ന് സൈനിക സംഘം വത്തിക്കാൻ ആന്തവും, ഫ്രാൻസിന്റെ ആന്തവും ആലപിച്ചു. തദവസരത്തിൽ വീൽചെയറിൽ നിന്നും എഴുന്നേറ്റ് പാപ്പാ ആദരവ് പ്രകടിപ്പിച്ചു.തുടർന്ന് നയതന്ത്രപ്രതിനിധികളെയും, മെത്രാന്മാരെയും പാപ്പാ അഭിവാദ്യം ചെയ്തു.

തുടർന്ന് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയുമായി അല്പസമയത്തെ സ്വകാര്യ കൂടിക്കാഴ്ച്ചയ്ക്കുശേഷം  വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വന്ന പാപ്പാ, വെള്ള നിറത്തിലുള്ള തന്റെ ചെറിയ കാറിൽ പ്രവേശിച്ച് ഫ്രാൻസിലെ സുരക്ഷാസേനയുടെ അകമ്പടിയോടുകൂടി തന്റെ ആദ്യ പൊതുപരിപാടിയായ, രൂപതാവൈദികരുമൊത്ത് മരിയൻ  പ്രാർത്ഥനയ്ക്കുവേണ്ടി  നോത്തെർ ദം ദേ ലാ ഗാർദ് ബസിലിക്കയിലേക്ക് യാത്രയായി. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക മെഡിറ്ററേനിയൻ കടലിനു തീരത്താണ് സ്ഥിതി ചെയ്യുന്നത്. ബസിലിക്കയിലേക്കുള്ള പാപ്പായുടെ യാത്രയിൽ വഴികൾക്കു ഇരുവശവും ഏറെ ആളുകൾ പാപ്പായെ കാണുവാനും അഭിവാദ്യം ചെയ്യുവാനും കാത്തുനിന്നിരുന്നു. പാപ്പായുടെ  വരവിലുള്ള ആഹ്ലാദ സൂചകമായി ബസിലിക്കയുടെ മണികൾ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു.

തുടർന്ന് ബസിലിക്കയുടെ ഉള്ളിലേക്ക് പ്രവേശിച്ച പാപ്പായെ കർദിനാളും,വികാരിയും ചേർന്ന് സ്വീകരിച്ചു. ഹന്നാൻ വെള്ളം കൊണ്ട് തന്റെ നെറ്റിമേൽ കുരിശടയാളം വരച്ച പാപ്പാ ഹന്നാൻ വെള്ളം തളിച്ചു കൊണ്ട് എല്ലാവരെയും അനുഗ്രഹിച്ചു.ദേവാലയത്തിന്റെ മധ്യഭാഗത്തുകൂടി അൾത്താരയ്ക്കു മുൻപിലേക്ക് കടന്നുചെന്ന പാപ്പായ്ക്ക് രണ്ടു ബഹുമാനപ്പെട്ട സഹോദരിമാർ കത്തിച്ച തിരി സമ്മാനിച്ചു. തദവസരത്തിൽ പരിശുദ്ധ അമ്മയോടുള്ള ഒരു ഗാനം ഗായകസംഘം ആലപിക്കുന്നുണ്ടായിരുന്നു. അല്പസമയം കണ്ണുകളടച്ചു നിശബ്ദനായി പാപ്പാ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ പ്രാർത്ഥനയോടെ നിലകൊണ്ടു.

തുടർന്ന് അൾത്താരയുടെ മുൻപിലായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ  ഇരുന്ന പാപ്പായെ മാർസിലിയയുടെ ആർച്ചുബിഷപ്പ് കർദിനാൾ ജാൻ മാർക് അവേലിൻ സ്വാഗതം ചെയ്തു സംസാരിച്ചു. ഇറ്റാലിയൻ ഭാഷയിൽ ആമുഖമായി പാപ്പായ്ക്ക് ഹാർദ്ദമായ സ്വാഗതം ആശംസിച്ച കർദിനാളിന്റെ പ്രസംഗത്തിനിടയിൽ മാർസിലിയയിൽ പരിശുദ്ധ അമ്മയുടെ പ്രാധാന്യം എടുത്തു പറഞ്ഞു.

അതോടൊപ്പം അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ സഭയുടെ പ്രാധാന്യവും കർദിനാൾ സൂചിപ്പിച്ചു. എല്ലാവരുടെയും പേരിൽ പാപ്പായെ സ്വീകരിച്ച കർദിനാളിന്റെ സന്ദേശത്തിനിടയിൽ നർമ്മം കലർന്ന നിമിഷങ്ങൾ പാപ്പായെ ഏറെ സന്തോഷിപ്പിച്ചു. സ്വാഗതസന്ദേശാനന്തരം ബസിലിക്കയുടെ റെക്ടർ പാപ്പായ്ക്ക് ഒരു സമ്മാനം നൽകി.

പ്രാർത്ഥനാസമ്മേളനം, പാപ്പായുടെ ത്രിത്വസ്തുതിയോടെ ആരംഭിച്ചു. ഗായകസംഘം തുടർന്ന് ഗാനമാലപിക്കുകയും, വചനവായനയ്ക്കു ശേഷം പാപ്പാ തന്റെ സന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് പാപ്പായോടൊപ്പം എല്ലാവരും മാതാവിന്റെ തിരുസ്വരൂപത്തിനു മുൻപിൽ നിന്നു പ്രാർത്ഥനനടത്തുകയും, ശേഷം  സമർപ്പിതരെയും,വിശ്വാസികളെയും ആശീർവദിച്ചുകൊണ്ട്, മെഡിറ്ററേനിയൻ കടലിൽ ജീവൻ നഷ്ടപെട്ട സഹോദരങ്ങളുടെ സ്മരണയ്ക്കായി നിർമ്മിച്ച ശിലയുടെ അരികിൽ, വിവിധ മതനേതാക്കളുമൊരുമിച്ച് പ്രാർത്ഥനയ്ക്കായി എത്തി.വിവിധ സാമുദായിക സംഘടനകളുടെ നേതാക്കളും പ്രാർത്ഥനയിൽ പങ്കുകൊണ്ടു.

കർദിനാൾ ജാൻ മാർക് അവേലിൻ പ്രാർത്ഥനയ്ക്കായി എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു.  നിഷ്കളങ്കരായ ആളുകളുടെ ജീവൻ നഷ്ടമായ മെഡിറ്ററേനിയൻ ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.കരഘോഷത്തോടെയാണ് എല്ലാവരും കർദിനാളിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞത്.

തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു

പാപ്പായുടെ സന്ദേശത്തിനു ശേഷം അഭയാർത്ഥിയായി എത്തിയ ആഫ്രിക്കൻ വംശജനായ ഒരു യുവാവ്  ദൈവവചനം വായിച്ചു. തുടർന്ന് ഗായകസംഘം ഒരു ഗാനം ആലപിക്കുകയും, ശേഷം പ്രഘോഷണ പ്രാർത്ഥനകൾ വിവിധ സംഘടനകളുടെ തലവന്മാർ നടത്തുകയും, മറുപടിയായി ഒരു ഗാനത്തിന്റെ ഈരടികൾ എല്ലാവരും ചേർന്ന് ആലപിക്കുകയും ചെയ്തു.  മാഴ്സിലിയ എസ്പെരൻസാ, സ്റ്റെല്ല മാരിസ്,കാരിത്താസ് ഗാപ് ബ്രിയൻസോൺ ,അതിരൂപതയുടെ അഭയാർത്ഥി സ്വീകരണ വിഭാഗം, തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. അവസാനം പാപ്പാ  ഉപസംഹാരപ്രാർത്ഥന നടത്തുകയും, മതനേതാക്കൾക്കും, രണ്ടു അഭയാർത്ഥികൾക്കുമൊപ്പം, സ്മാരകശിലയ്ക്കു മുൻപിൽ പുഷ്പചക്രം സമർപ്പിക്കുകയും. തുടർന്ന് ആർച്ചുബിഷപ്പിന്റെ വസതിയിലേക്ക് അത്താഴത്തിനും വിശ്രമത്തിനുമായി തിരികെ പോവുകയും ചെയ്തു.

മാർസിലിയ സന്ദർശനത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത് തന്നെ ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിന്റെ വ്യതിരിക്തതയായ പാവപെട്ടവരുമായുള്ള സ്വകാര്യകൂടിക്കാഴ്ച്ചയോടെയാണ്. ആർച്ചുബിഷപ്പിന്റെ വസതിയിൽ നിന്നും ഏകദേശം 6.3 കിലോമീറ്ററുകൾ അകലെ സാന്ത് മൗറോന്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ വസതിയിൽ വച്ച് പ്രാദേശിക സമയം രാവിലെ 9 നാണ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളുമായി സ്വകാര്യസംഭാഷണം നടത്തിയത്.നിങ്ങളുടെ ആതിഥ്യത്തിന് നന്ദി .നമ്മൾ എല്ലാവരും സഹോദരങ്ങളാണെന്നുള്ളതാണ് ഏറ്റവും പ്രധാനമെന്ന് പാപ്പാ എടുത്തു പറഞ്ഞു .

ഏകദേശം അരമണിക്കൂർ നീണ്ടു നിന്ന സൗഹൃദ കൂടിക്കാഴ്ചയ്ക്കു ശേഷം മെഡിറ്ററേനിയൻ സമ്മേളനത്തിന് വേണ്ടി കടലിൽ ജീവൻ നഷ്ടപ്പെട്ടവരും, പോരാളികളുമായവർക്കുവേണ്ടി സ്മാരകശില നിർമ്മിച്ചിരിക്കുന്ന ഫരോ കൊട്ടാരത്തിലേക്ക് യാത്രയായി.നെപ്പോളിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് പണികഴിക്കപ്പെട്ട ഈ കൊട്ടാരത്തിലെ വിശാലമായ ഹാളിൽ ഏകദേശം 900 ഇരിപ്പടങ്ങളുണ്ട്. വിവിധ സമ്മേളനങ്ങൾക്ക് വേണ്ടി ഏകദേശം എട്ടോളം മുറികളും ഈ കൊട്ടാരത്തിലുണ്ട്.

കൃത്യം പത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തിൽ ഫ്രാൻസിലെ എല്ലാ  രൂപതകളിൽ നിന്നുള്ള മെത്രാന്മാരും, മെഡിറ്ററേനിയൻ മെത്രാന്മാരും,യുവജനങ്ങളും, വിവിധ സംഘടനകളെയും, രാഷ്ട്രീയപാർട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ആളുകളും സന്നിഹിതരായിരുന്നു.

സമ്മേളന നഗരിയിലേക്ക് എത്തിയ പാപ്പായെ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണും,പ്രഥമ വനിതയും, കർദിനാൾ  ജാൻ മാർക് അവേലിനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രസിഡന്റ് മക്രോണിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നടന്നു വന്ന പാപ്പാ, എത്രമാത്രം ഫ്രാൻസിനെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നതിന്റെ തെളിവായിരുന്നു.തന്റെ അടുത്തേക്ക് വന്ന അഭയാർത്ഥികളായ ഏതാനും കുരുന്നുകളുമായി പാപ്പാ സൗഹൃദ സംഭാഷണം നടത്തി.

സമ്മേളനത്തിലേക്ക് പാപ്പായെയും, ഫ്രഞ്ച് പ്രസിഡന്റിനേയും , മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് കർദിനാൾ  ജാൻ മാർക് അവേലിൻ സംസാരിച്ചു. വേദിയിൽ പാപ്പയോടൊപ്പം മെത്രാന്മാരും സന്നിഹിതരായിരുന്നു. തദവസരത്തിൽ ഫ്രഞ്ച് പ്രസിഡന്റും മറ്റു, സർക്കാർ ഉദ്യോഗസ്ഥരും സദസിന്റെ മുൻനിരയിൽ ഉപവിഷ്ടരായിരുന്നു. യുവജനങ്ങളുടെ ആഹ്ളാദാരവും സദസിനെ ഹൃദ്യമാക്കി. അഭയാർത്ഥികളെ സ്വീകരിക്കുന്നതിലും അവരെ പരിചരിക്കുന്നതിലും  മാർസിലിയയുടെ സിൻഡാക്കോ നടത്തുന്ന അവിശ്രാന്ത പരിശ്രമങ്ങളെ കർദിനാൾ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. പാപ്പായുടെ സന്ദർശനത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

സ്വാഗത സന്ദേശത്തിനു ശേഷം ഒരു ചെറിയ വീഡിയോ പ്രദർശനവും നടന്നു. എപ്രകാരമാണ് യുവജനങ്ങൾ  മാനുഷികമായ ഈ അടിയന്തര സാഹചര്യത്തിൽ ചേർന്ന് നിൽക്കുന്നതെന്നും, പ്രായോഗിക തലത്തിൽ കൊണ്ടുവന്നതെന്നും വീഡിയോയിൽ പറയുന്നു.തുടർന്ന് മരിയ സെരേന എന്ന ഒരു ഇറ്റാലിയൻ യുവതി എപ്രകാരമാണ് അഭയാർത്ഥികളോടു ചേർന്ന് നിന്ന് സന്നദ്ധ പ്രവർത്തനം നടത്തുന്നതെന്ന ഹൃദയഹാരിയായ സാക്ഷ്യം പങ്കുവച്ചു. നമുക്ക് എല്ലാവർക്കും എല്ലാ മേഖലകളിലും , മറ്റുള്ളവരുടെ സേവനം ആവശ്യമാണെന്ന് മരിയ എടുത്തു പറഞ്ഞു. തുടർന്ന് ഒരു മെത്രാനും തന്റെ അനുഭവസാക്ഷ്യം പങ്കുവച്ചു.

ശേഷം പാപ്പാ സന്ദേശം നൽകി:

മറ്റുള്ളവർക്ക് വെളിച്ചം പകരുന്നവരായി മാറണമെന്ന ഉപദേശത്തോടെയുള്ള പാപ്പായുടെ  സന്ദേശത്തിനു ശേഷം  നന്ദിപ്രകാശനവും നടന്നു. പാപ്പായുടെ വാക്കുകൾക്ക് എല്ലാവരും എഴുന്നേറ്റു നിന്നുകൊണ്ട്  ഹർഷാരവം മുഴക്കിയത്, പാപ്പായുടെ വാക്കുകളുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു.

 തുടർന്ന് മാർസിലിയയിൽ അഭയാർത്ഥിയായി എത്തിയ   അൽബേനിയക്കാരിയായ ഒരു യുവതി നന്മ നിറഞ്ഞ മറിയമേ എന്ന ഗാനം സിറിയൻ ഭാഷയിൽ ആലപിച്ചു. തുടർന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ ആർച്ചുബിഷപ്പിന്റെ വസതിയിലേക്ക് മടങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2023, 13:25