തിരയുക

ഫ്രാൻസിലെ മർസെയിൽ, കുടിയേറ്റക്കാരുടെയും നാവികരുടെയും സ്മാരകത്തിനു മുന്നിൽ ഫ്രാൻസീസ് പാപ്പായും കുടിയേറ്റക്കാരും മതപ്രതിനിധികളും സമ്മേളിച്ചപ്പോൾ, 22/09/23 ഫ്രാൻസിലെ മർസെയിൽ, കുടിയേറ്റക്കാരുടെയും നാവികരുടെയും സ്മാരകത്തിനു മുന്നിൽ ഫ്രാൻസീസ് പാപ്പായും കുടിയേറ്റക്കാരും മതപ്രതിനിധികളും സമ്മേളിച്ചപ്പോൾ, 22/09/23  (ANSA)

പാപ്പാ: കുടിയേറ്റക്കാരുടെ ദുരന്തങ്ങൾക്കു മുന്നിൽ വാക്കുകളല്ല, പ്രവർത്തികളാണാവശ്യം!

സെപ്റ്റംബർ 17-24 വരെ ഫ്രാൻസിലെ മർസെയിൽ സംഘടിപ്പിക്കപ്പെട്ട മെഡിറ്ററേനിയൻ സമ്മേളനത്തിന് സമാപനം കുറിക്കാൻ അവിടെയത്തിയ ഫ്രാൻസീസ് പാപ്പായും പ്രസ്തുത സമ്മേളനത്തിൽ സംബന്ധിച്ച വിവിധ മത പ്രതിനിധികളും, മെച്ചപ്പെട്ട ജീവിതം തേടിയുള്ള സാഹസിക കടൽയാത്രകൾക്കിടയിൽ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെയും നാവികരുടെയും ഓർമ്മയ്ക്കായി മർസെയിലുള്ള സ്മാരകത്തിനു മുന്നിൽ വെള്ളിയാഴ്ച (22/09/23) വൈകുന്നേരം സ്മരണാഞ്ജലി അർപ്പിച്ച് പ്രാർത്ഥിച്ചു. ആ അനുസ്മരണാ-പ്രാർത്ഥനാ യോഗത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യധരണ്യാഴി ഒരു ശവപ്പറമ്പായി മാറുന്നതിനു മുന്നിൽ, അതായത്, മെച്ചപ്പെട്ടൊരു ജീവിതം തേടി യൂറോപ്പിലേക്ക് കടൽ മാർഗ്ഗം സാഹസികയാത്ര നടത്തുന്ന കുടിയേറ്റക്കാർ ലക്ഷ്യം കാണാതെ കടലിൽ മുങ്ങിമരിക്കുന്ന ദുരന്തസംഭവങ്ങൾ നിരന്തരം അരങ്ങേറുന്നതിനു മുന്നിൽ നിസ്സംഗരായി നിലകൊള്ളരുതെന്ന ആഹ്വാനം ആയിരുന്നു പാപ്പായുടെ ഈ പ്രഭാഷണത്തിൽ മുഴങ്ങിയത്.

കടലിനിരകളായ നാവികരുടെയും കുടിയേറ്റക്കാരുടെയും സ്മൃതിമണ്ഡപത്തിൽ എത്തിയ എല്ലാ മതപ്രതിനിധികൾക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണം പാപ്പാ ഇപ്രകാരം തുടർന്നു:

നമ്മുടെ മുന്നിൽ ജീവൻറെ ഉറവിടമായ  കടലാണ്, എന്നാൽ ഈ സ്ഥലം മരണത്തിന് കാരണമാകുന്ന കപ്പൽ തകർച്ച ദുരന്തങ്ങളുടെ സ്മരണ ഉണർത്തുന്നു. യാത്ര പൂർത്തിയാക്കാൻ കഴിയാത്തവരെ, രക്ഷിക്കപ്പെടാത്തവരെ ഓർമ്മിക്കുന്നതിനായി നാം സമ്മേളിച്ചിരിക്കുന്നു. കപ്പലപകടങ്ങളെ ദൈനംദിന വാർത്തയായും കടലിലെ മരണങ്ങളെ സംഖ്യകളായും കാണാൻ നാം ശീലിക്കരുത്: ഇല്ല, അവർ പേരും കുടുംബപ്പേരുകളുമാണ്, അവർ മുഖങ്ങളും ചരിത്രങ്ങളുമാണ്, അവർ തകർന്ന ജീവിതങ്ങളാണ്, തകർന്ന സ്വപ്നങ്ങളാണ്. ഭയത്തോടും തങ്ങളുടെ ഹൃദയത്തിൽ പേറിയിരുന്ന പ്രതീക്ഷകളോടും കൂടി മുങ്ങിപ്പോയ നിരവധി സഹോദരീസഹോദരന്മാരെ, ഞാൻ ഓർക്കുന്നു. അത്തരം ദുരന്തത്തിനു മുന്നിൽ, വാക്കുകളല്ല, പ്രവൃത്തികളാണ് വേണ്ടത്. എല്ലാത്തിനുമുപരിയായ മനുഷ്യത്വം ആവശ്യമാണ്: അതായത്, നിശബ്ദത, കണ്ണുനീർ, അനുകമ്പ, പ്രാർത്ഥന. നമ്മുടെ ഈ സഹോദരങ്ങളുടെ സ്മരണയ്ക്കായി ഒരു നിമിഷം മൗനമാചരിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്: അവരുടെ ദുരന്തങ്ങൾ നമ്മെ സ്പർശിക്കട്ടെ.

സംഘർഷങ്ങൾ, ദാരിദ്ര്യം, പാരിസ്ഥിതിക ദുരന്തങ്ങൾ എന്നിവയിൽ നിന്ന് പലായനം ചെയ്യുന്ന നിരവധി ആളുകൾ, മെച്ചപ്പെട്ട ഭാവിക്കായുള്ള അവരുടെ അന്വേഷണത്തിൽ നിയതമായ തിരസ്കരണം മദ്ധ്യധരണ്യാഴിയുടെ തിരമാലകൾക്കിടയിൽ കണ്ടുമുട്ടുന്നു. അങ്ങനെ ഈ മനോഹരമായ കടൽ ഒരു വലിയ ശ്മശാനമായി മാറി. അവിടെ നിരവധി സഹോദരീസഹോദരന്മാർക്ക് ഒരു ശവകുടീരത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു,  അടക്കം ചെയ്യപ്പെടുന്നത് മാനവാന്തസ്സ് മാത്രം...... സുഹൃത്തുക്കളേ, നമ്മൾ ഒരു കവലയിലാണ്: ഒരുവശത്ത്, മാനവസമൂഹത്തെ നന്മകൊണ്ട് പുഷ്ടിപ്പെടുത്തുന്ന സാഹോദര്യം; മറുവശത്ത്, മദ്ധ്യധരണിയെ നിണപങ്കിലമാക്കുന്ന നിസ്സംഗത. നമ്മൾ നാഗരികതയുടെ ഒരു നാല്ക്കവലയിലാണ്. ഒന്നുകിൽ മാനവികതയുടെയും സാഹോദര്യത്തിൻറെയും സംസ്കാരം, അല്ലെങ്കിൽ നിസ്സംഗതയുടെ സംസ്കാരം.

മനുഷ്യരെ വില്പനച്ചരക്കുകളായി കണക്കാക്കുകയും അവരെ തടങ്കലിലാക്കുകയും ക്രൂരമായ രീതിയിൽ പീഡിപ്പിക്കുകയും ചെയ്യുന്നതിനു മുന്നിൽ നമുക്ക് അടിയറവു പറയാനാവില്ല; നാം ആളുകളെ തിരിച്ചയക്കുമ്പോൾ അവർ പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുമെന്ന് നമുക്കറിയാം. വെറുപ്പുളവാക്കുന്ന മനുഷ്യക്കടത്ത്, നിസ്സംഗതാ ഭ്രാന്ത് എന്നിവ കാരണമുണ്ടാകുന്ന യാനത്തകർച്ചാദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇനി നമുക്കാവില്ല. നിസ്സംഗത ഒരു ഭ്രാന്തായി പരിണമിക്കുന്നു. തിരമാലകളിൽ തള്ളിവിടപ്പെടുമ്പോൾ മുങ്ങിമരിക്കാൻ സാധ്യതയുള്ള ആളുകൾ രക്ഷിക്കപ്പെടണം. ഇത് നരകുലത്തിൻറെ കടമയാണ്, ഇത് നാഗരികതയുടെ ബാദ്ധ്യതയാണ്!

കരയിലും കടലിലും ഏറ്റവും ദുർബ്ബലരെ എങ്ങനെ പരിപാലിക്കണമെന്ന് നമുക്കറിയാമെങ്കിൽ, ഭയത്താലുള്ള മരവിപ്പിനെയും മരണത്തിനു വിധിക്കുന്ന നിസ്സംഗതയെയും എങ്ങനെ മറികടക്കാമെന്ന് നമുക്കറിയാമെങ്കിൽ, സ്വർഗ്ഗം നമ്മെ അനുഗ്രഹിക്കും. ഇക്കാര്യത്തിൽ, വിവിധ മതങ്ങളുടെ പ്രതിനിധികളായ നമ്മൾ മാതൃകയാക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. പരദേശിയെ ദൈവനാമത്തിൽ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുകയെന്നത് മദ്ധ്യധരണിപ്രദേശത്തെ മൂന്ന് ഏകദൈവവിശ്വാസങ്ങളുടെ അടിവേരുകളിലുണ്ട്.  നമ്മുടെ പിതാവായ അബ്രഹാമിനെപ്പോലെ, ശ്രേയസ്കരമായ ഒരു ഭാവി നാം സ്വപ്നം കാണുന്നുവെങ്കിൽ ഇത് അത്യന്താപേക്ഷിതമാണ്. ബൈബിളിലെ പല്ലവി നാം മറക്കരുത്: "അനാഥൻ, വിധവ, കുടിയേറ്റക്കാരൻ, അപരിചിതൻ". അനാഥനും വിധവയും അപരിചിതനും: ഇവരെയാണ് സംരക്ഷിക്കാനാണ് ദൈവം നമ്മോട് കൽപ്പിച്ചിരിക്കുന്നത്. അതിനാൽ, നാം വിശ്വാസികൾ സാഹോദര്യത്തോടുകൂടി പരസ്പരം സ്വീകരിക്കുന്നതിൽ മാതൃകയാകണം. മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം പലപ്പോഴും അത്ര എളുപ്പമല്ല, തീവ്രവാദമാകുന്ന പുഴുവും മതമൗലികവാദത്തിൻറെ പ്രത്യയശാസ്ത്ര വസന്തയും സമുദായങ്ങളുടെ യഥാർത്ഥ ജീവിതത്തെ നശിപ്പിക്കുന്നു.

വൈവിധ്യമാർന്ന മത ബഹുസ്വരത സവിശേഷതയായുള്ള മാർസെയും ഇന്ന് ഒരു നാല്ക്കവലയിലാണ്: അതായത് സമാഗമത്തിൻറെയും സംഘർഷത്തിൻറെയും. സമാഗമത്തിൻറെ പാതയിൽ അണിനിരക്കുന്ന നിങ്ങൾക്കെല്ലാവർക്കും ഞാൻ നന്ദി പറയുന്നു: മാനവപുരോഗതിക്കും ഉദ്ഗ്രഥനത്തിനുമുള്ള നിങ്ങളുടെ ഐക്യദാർഢ്യത്തോടുകൂടിയ മൂർത്തമായ പ്രതിബദ്ധതയ്ക്ക് നന്ദി. ..... നിങ്ങളാണ് ഭാവി മാർസെയ്. ഈ നഗരം ഫ്രാൻസിനും യുറോപ്പിനും അഖിലലോകത്തിനും പ്രതീക്ഷയുടെ ഒരു നാനാവർണ്ണസ്ഫടികചിത്രം, അഥവാ, മൊസൈക്, ആയിഭിവിക്കുന്നതിന് നഷ്ടധൈര്യരാകാതെ മുന്നേറുക.

പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത് ഈ വാക്കുകളിലാണ്:

സഹോദരീ സഹോദരന്മാരേ, നമുക്ക് ഒത്തോരുമിച്ച് പ്രശ്‌നങ്ങളെ നേരിടാം, പ്രത്യാശ മുങ്ങിത്താഴാൻ നാം അനുവദിക്കരുത്, നമുക്ക് ഒരുമിച്ച് സമാധാനത്തിൻറെ നാനാവർണ്ണസ്ഫടികചിത്രം ചമയ്ക്കാം! കുടിയേറ്റക്കാരെ രക്ഷിക്കാൻ കടലിൽ ഇറങ്ങുന്ന നിങ്ങളിൽ അനേകരെ ഇവിടെ കാണാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആ യാനത്തിന് എന്തൊക്കെയോ പോരായ്മകളുണ്ട്, അതിൽ അതില്ല, ഇതില്ല എന്നൊക്കെ പറഞ്ഞുകൊണ്ട്  പലപ്പോഴും രക്ഷാപ്രവർത്തനത്തിന് പോകുന്നതിന് നിങ്ങൾക്ക് വിഘാതങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവ നമ്മുടെ സഹോദരങ്ങളോടുള്ള, "സമചിത്തത"യുടെ മൂടുപടമിട്ട, വെറുപ്പിൻറെ ചെയ്തികളാണ്.   നിങ്ങൾ ചെയ്യുന്ന എല്ലാക്കാര്യങ്ങൾക്കും നന്ദി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2023, 10:35