പാപ്പാ: ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം എല്ലാത്തിന്റെയും ഹൃദയമാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഒക്ടോബർ 29ആം തിയതി ഞായറാഴ്ച, വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയെക്കുറിച്ചുള്ള സിനഡിന്റെ ആദ്യഘട്ടത്തിന്റെ സമാപനത്തെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു. ഏത് കൽപ്പനയാണ് ഏറ്റവും വലിയ കൽപ്പനയെന്ന് യേശുവിനെ പരിശോധിക്കുവാൻ ചോദിച്ച നിയമ പണ്ഡിതന്റെ ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചന സന്ദേശം നൽകിയത്. ഈ സുപ്രധാനവും ശാശ്വതവുമായ ചോദ്യം നമ്മുടെ ഹൃദയങ്ങളിലും സഭയുടെ ജീവിതത്തിലും ഉയരാമെന്ന് പറഞ്ഞ പാപ്പാ ദൈവത്തെ ജീവിതകാലം മുഴുവൻ സ്നേഹിക്കണമെന്നും നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെ സ്നേഹിക്കണമെന്നുമുള്ള കർത്താവിന്റെ ഉത്തരം എങ്ങനെ എല്ലാം പുതുതായി ആരംഭിക്കാമെന്ന് ചിന്തിക്കുന്നതിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് വിശദീകരിച്ചു.
സ്നേഹിക്കുകയെന്നാൽ ആരാധിക്കുക
ദൈവത്തെ ആരാധിക്കുക എന്നതിനർത്ഥം അവൻ മാത്രമാണ് കർത്താവെന്നും നമ്മുടെ വ്യക്തിഗത ജീവിതം, സഭയുടെ തീർത്ഥാടന രീതി, ചരിത്രത്തിന്റെ ആത്യന്തിക ഫലം എന്നിവയെല്ലാം അവന്റെ സ്നേഹത്തിന്റെ ആർദ്രതയെ ആശ്രയിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ അംഗീകരിക്കുക എന്നതാണ്, പാപ്പാ പറഞ്ഞു. ദൈവത്തെ ആരാധിക്കുന്നതിലൂടെ, "നാം സ്വതന്ത്രരാണെന്ന് വീണ്ടും കണ്ടെത്തുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. അതുകൊണ്ടാണ് വിഗ്രഹങ്ങൾ എന്തുതന്നെയായാലും അവ നമ്മെ അടിമകളാക്കുന്നതിനാൽ എല്ലാത്തരം വിഗ്രഹാരാധനകൾക്കെതിരെ തിരുവെഴുത്തുകൾ പലപ്പോഴും മുന്നറിയിപ്പ് നൽകുന്നത്. സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിന്റെയും ലൗകിക വിഗ്രഹങ്ങളാൽ പ്രലോഭിപ്പിക്കപ്പെടുമ്പോൾ ആത്മീയതയുടെ നിറം മാറിയ ചിലർ, സ്വന്തം മതപരമായ ആശയങ്ങളോ, ഇടയ വൈദഗ്ധ്യങ്ങളോ പോലുള്ളവയാൽ പ്രലോഭിപ്പിക്കപ്പെടുമ്പോൾ ഈ മുന്നറിയിപ്പ് ഇന്നും നിലനിൽക്കുന്നു എന്ന് പാപ്പാ പറഞ്ഞു. കർത്താവിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ നിർത്തണമെന്നും പാപ്പാ പങ്കുവച്ചു. "സഭ ആരാധിക്കട്ടെ: എല്ലാ രൂപതകളിലും, ഓരോ ഇടവകയിലും, ഓരോ സമൂഹത്തിലും, നമുക്ക് കർത്താവിനെ ആരാധിക്കാം!"പാപ്പാ കൂട്ടിചേർത്തു.
സ്നേഹിക്കുകയെന്നാൽ സേവിക്കുക
രണ്ടാമത്തെ മഹത്തായ കൽപന "ദൈവത്തെയും അയൽക്കാരനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. അങ്ങനെ അവർ ഒരിക്കലും വിച്ഛേദിക്കപ്പെടുന്നില്ല," എന്ന് പാപ്പാ പറഞ്ഞു. ആധികാരികമായ മതാനുഭവങ്ങൾ ആവശ്യപ്പെടുന്നത് ദുരിതമനുഭവിക്കുന്നവരുടെ നിലവിളിയും, ലോകത്തിന്റെ നിലവിളിയും നമ്മുടെ അയൽക്കാരനോടുള്ള ശ്രദ്ധയും, കരുതലും കാണിക്കേണ്ടതിന്റെ ആവശ്യകതയും നാം കേൾക്കണം എന്നാണ്. സഭയെ എങ്ങനെ പരിഷ്കരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ധാരാളം നല്ല ആശയങ്ങൾ ഉണ്ടെന്നിരിക്കാം, പക്ഷേ ദൈവത്തെ ആരാധിക്കുകയും നമ്മുടെ സഹോദരീ സഹോദരന്മാരെ അവന്റെ സ്നേഹത്താൽ സ്നേഹിക്കുകയും ചെയ്യുക. അതാണ് മഹത്തായതും ശാശ്വതവുമായ പരിഷ്കരണം എന്ന് നാം ഓർക്കണമെന്ന് പാപ്പാ പങ്കുവച്ചു.
മുറിവേറ്റ മാനവികതയുടെ പാദങ്ങൾ കഴുകാനും ദുർബലരും ബലഹീനരും പുറന്തള്ളപ്പെട്ടവരുമായ ദരിദ്രരെ അഭിമുഖീകരിക്കാൻ സ്നേഹപൂർവ്വം പുറപ്പെടുന്നവരോടും കൂടെ പോകണമെന്നാണ് ആരാധിക്കുന്ന സഭയും സേവനത്തിന്റെ സഭയും നമ്മോടു ആവശ്യപ്പെടുന്നതെന്ന് പാപ്പാ പങ്കുവച്ചു. യുദ്ധത്തിന്റെ ക്രൂരതകളിൽ ഇരകളായവർ, കുടിയേറ്റക്കാർ, ഏകാന്തതയിലും, ദാരിദ്ര്യത്തിലും കഴിയുന്നവർ, ജീവിതഭാരങ്ങളാൽ അടിച്ചമർത്തപ്പെട്ടവർ എന്നിവരുടെ കഷ്ടപ്പാടുകളെ പാപ്പാ അനുസ്മരിച്ചു. യേശുവിന്റെ ശിഷ്യരെന്ന നിലയിൽ, സുവിശേഷത്തിന്റേതായ മറ്റൊരു തരം പുളിമാവ് ലോകത്തിലേക്ക് കൊണ്ടുവരാൻ, ദൈവത്തിന് ഒന്നാം സ്ഥാനം നൽകുകയും അവിടുന്ന് പ്രത്യേകമായി സ്നേഹിക്കുന്നവരായ ദരിദ്രർക്കും, ദുർബലർക്കും പ്രഥമസ്ഥാനം നൽകുകയും വേണമെന്ന് പാപ്പാ സന്ദേശത്തിൽ പങ്കുവച്ചു. നമ്മുടെ ഏറ്റവും ചെറിയ സഹോദരീ സഹോദരന്മാരെ സേവിക്കുന്നതിൽ ഒരു സഭയെന്ന നിലയിൽ സ്വപ്നം കാണാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. കാരുണ്യത്തിന്റെ സങ്കേതമായ തുറന്ന വാതിലുകളുള്ള ഒരു സഭയെ കുറിച്ച് പാപ്പാ പങ്കുവച്ചു.
ആത്മാവിന്റെ സംഭാഷണം
കർത്താവിന്റെ സ്നേഹനിർഭരമായ സാന്നിധ്യത്തിന്റെയും സാഹോദര്യ സൗന്ദര്യത്തിന്റെ കണ്ടെത്തലിന്റെയും ഒരു പുതിയ അനുഭവം സിനഡ് അനുവദിച്ചതെങ്ങനെയെന്ന് പാപ്പാ അനുസ്മരിച്ചു. പരസ്പരം ശ്രദ്ധിക്കുന്നതിലൂടെയും വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും പഠിക്കുന്നതിലൂടെയും നാം പരിശുദ്ധാത്മാവിനെ കേട്ടുവെന്ന് പാപ്പാ പറഞ്ഞു, ദീർഘവീക്ഷണത്തോടെ നമുക്ക് ഈ അനുഭവത്തിന്റെ ചക്രവാളത്തിലേക്കും ഫലങ്ങളിലേക്കും നോക്കാൻ കഴിയും. കർത്താവ് നമ്മെ നയിക്കുകയും കൂടുതൽ സിനഡൽ, മിഷനറി സഭയാകാൻ നമ്മെ സഹായിക്കുകയും ചെയ്യും എന്ന് പറഞ്ഞ പാപ്പാ ദൈവത്തെ ആരാധിക്കുകയും നമ്മുടെ കാലത്തെ സ്ത്രീ പുരുഷന്മാരെ സേവിക്കുകയും സുവിശേഷത്തിന്റെ ആശ്വാസകരമായ സന്തോഷം എല്ലാവർക്കും എത്തിക്കുകയും ചെയ്യുന്ന ഒരു സഭയെ ദൈവം നയിക്കുമെന്ന് കൂട്ടി ചേർത്തു. സാഹോദര്യത്തിന്റെ ഒരു യാത്രയിൽ കേൾക്കാനും സംവാദം നടത്താനും നൽകിയ സംഭാവനകൾക്ക് സിനഡിൽ പങ്കെടുത്ത എല്ലാവർക്കും പാപ്പാ നന്ദി പറഞ്ഞു. ദൈവത്തെ ആരാധിക്കുന്നതിലും അയൽക്കാരനെ സേവിക്കുന്നതിലും നമുക്ക് വളരാം. ദൈവം നമ്മോടൊപ്പമുണ്ടാകട്ടെ. നമുക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാം എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: