തിരയുക

സിനഡിൽ പ്രഭാഷണം നടത്തുന്ന ഫ്രാൻസിസ് പാപ്പാ സിനഡിൽ പ്രഭാഷണം നടത്തുന്ന ഫ്രാൻസിസ് പാപ്പാ  (Vatican Media)

വിശുദ്ധരും പാപികളുമടങ്ങുന്ന മാതൃമുഖമുള്ള സമൂഹമാണ് സഭ: ഫ്രാൻസിസ് പാപ്പാ

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിൽ സഭാസമൂഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും, സഭയിലെ തെറ്റായ പ്രവണതകളും സംബന്ധിച്ച് പരാമർശിച്ചു. സഭ അമ്മയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്താൽ ഒരുമിച്ച് കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ ഒരു സമൂഹമായാണ് താൻ സഭയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് പാപ്പാ. ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി സിനഡിൽ സംസാരിക്കവെയാണ് സഭയുമായി ബന്ധപ്പെട്ട തന്റെ ചിന്തകൾ പങ്കുവച്ചത്. ഇത് വിശുദ്ധരുടെയും പാപികളുടെയും ഒരു കൂട്ടായ്‌മയാണ്‌. തന്റെ ഭൂമിയിലെ ജീവിതകാലത്ത് നിലനിന്നിരുന്ന പൊതുവായ നേതൃസമ്പ്രദായങ്ങൾ ഒന്നുമല്ല ക്രിസ്തു സഭയ്ക്കായി മാതൃകയായി എടുക്കുന്നത്. മറിച്ച് ദൈവജനമായ ഇസ്രയേലിന്റെ മാതൃകയാണ്: "നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും" എന്ന തത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമാണത്.

ലാളിത്യവും എളിമയുമുള്ള ആളുകൾ നിറഞ്ഞ ഒരു സഭയെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. എന്നാൽ ദൈവജനത്തെ ചില ആശയങ്ങളിലേക്ക് ഒതുക്കുന്ന ചിന്താരീതികളെക്കാൾ, വിശുദ്ധരും വിശ്വസ്തരും, പാപികളുമായ ആളുകൾ ചേരുന്ന ദൈവജനം എന്നാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

സഭയുടെ അപ്രമാദിത്വത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, ജനത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട അപ്രമാദിത്വം എന്ന ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു (In credendo falli nequit, says LG 9). സഭ എന്താണ് വിശ്വസിക്കുന്നത് എന്നറിയാൻ സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളിലേക്കാണ് പോകേണ്ടത്. എന്നാൽ, സഭ എങ്ങനെയാണ് വിശ്വസിക്കുന്നത് എന്നറിയാൻ വിശ്വാസികളിലേക്കാണ് നോക്കേണ്ടത്.

എഫേസൂസ്‌ കത്തീഡ്രലിലേക്ക് മെത്രാന്മാർ കടന്നുവരുമ്പോൾ, പ്രവേശനകവാടത്തിലേക്കുള്ള വഴിക്ക് ഇരുവശവും വിശ്വാസികൾ നിന്നിരുന്നു എന്നും അവർ "ദൈവമാതാവ്" എന്ന് വിളിച്ചുപറഞ്ഞിരുന്നുവെന്നും പറഞ്ഞ പാപ്പാ, ദൈവജനമെന്ന നിലയിൽ അവർക്കുണ്ടായിരുന്ന സത്യത്തെ വിശ്വാസസത്യമായി പ്രഖ്യാപിക്കുവാൻ അവർ ഇതുവഴി ആവശ്യപ്പെടുകയായിരുന്നു എന്ന് ഉദ്‌ബോധിപ്പിച്ചു. ജനങ്ങൾ മെത്രാന്മാരെ കാണിച്ചുകൊണ്ട് തങ്ങളുടെ കൈകളിൽ വടികൾ പിടിച്ചിരുന്നു എന്ന് ചിലർ പറയുന്നുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും, ഈ ഒരു ആശയം സാധുവാണ്.

വിശ്വാസസമൂഹത്തിന് ഒരു ആത്മാവുണ്ട്. അതുകൊണ്ടുതന്നെ ദൈവജനതയുടെ ആത്മാവിനെക്കുറിച്ച്, അവർ യാഥാർഥ്യങ്ങളെ കാണുന്ന രീതിയെക്കുറിച്ച്, മനഃസാക്ഷിയെക്കുറിച്ച് ഒക്കെ നമുക്ക് സംസാരിക്കാൻ സാധിക്കും. നമ്മുടെ ജനത്തിന് തങ്ങളുടെ അന്തസ്സിനെക്കുറിച്ചും, മക്കളെ സ്നാനപ്പെടുത്തുന്നതിനെക്കുറിച്ചും, തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുന്നതിനെക്കുറിച്ചുമൊക്ക ബോധ്യമുണ്ട്.

സഭാധികാരികൾ ഈ ദൈവജനത്തിൽനിന്നാണ് വരുന്നത്. അവർ തങ്ങളുടെ വിശ്വാസം ഈ ജനത്തിൽനിന്ന്, സാധാരണയായി, അമ്മമാരിൽനിന്നും മുത്തശ്ശിമാരിൽനിന്നുമാണ് സ്വീകരിച്ചത്. വിശുദ്ധ പൗലോസ് തിമോത്തിക്ക് എഴുതുന്നതിൽ, സ്ത്രീ ഭാഷയിൽ വിശ്വാസം കൈമാറ്റം ചെയ്യുന്നതാണ് നാം കാണുന്നത്. മക്കബായക്കാരിയായ സ്ത്രീ തന്റെ മക്കളോട് തങ്ങളുടെ നാട്ടുഭാഷയിൽ സംസാരിച്ചതുപോലെയാണത്. വിശ്വാസം നാട്ടുഭാഷയിൽ, സാധാരണയായി സ്ത്രീ ഭാഷയിലാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് പാപ്പാ അടിവരയിട്ട് പറഞ്ഞു. ഇത് സഭ അമ്മയായതിനാലോ, സ്ത്രീയാണ് സഭയെ മെച്ചപ്പെട്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നത് എന്നതിനാലോ മാത്രമല്ല, മറിച്ച് സ്ത്രീക്കാണ് കാത്തിരിക്കാനും, പരിധികൾക്കാപ്പുറവും വെല്ലുവിളികൾ ഏറ്റെടുക്കാനും, പ്രഭാതത്തിൽ അന്തർജ്ഞാനത്തോടെ ഒരു ശവകുടീരത്തിനരികിലേക്ക് (യേശുവിന്റെ) എത്തുവാനും സാധിക്കുന്നത് എന്നതിനാലാണ് എന്ന് പാപ്പാ വിശദീകരിച്ചു.

ദൈവജനത്തിലെ സ്ത്രീകൾ സഭയുടെ പ്രതിഫലനമാണ്. സഭ സ്ത്രീയാണ്, അവൾ വധുവും അമ്മയുമാണ്.

സഭാനേതൃത്വം തങ്ങളുടെ സേവനരംഗത്ത് ദൈവജനത്തോട് മോശമായി പെരുമാറുമ്പോൾ, അവർ പൗരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ്. ഒരു സൂപ്പർ മാർക്കറ്റിലെന്നപോലെ സഭാസേവനങ്ങൾക്കുള്ള വിലവിവരപ്പട്ടിക ചില ഇടവക ഓഫീസുകളിൽ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്ന് പാപ്പാ പറഞ്ഞു. ഒന്നുകിൽ പാപികളും വിശുദ്ധരുമടങ്ങുന്ന ഒരു സമൂഹമാണ് സഭ, അല്ലെങ്കിൽ അത്, ചില സേവനങ്ങൾ നൽകുന്ന ഒരു ബിസിനസ് സ്ഥാപനമായി മാറുന്നു. സഭാശുശ്രൂഷകർ ഇതിൽ രണ്ടാമത്തെ പാത സ്വീകരിക്കുമ്പോൾ, സഭ രക്ഷയുടെ ഒരു സൂപ്പർ മാർക്കറ്റ് ആയി മാറുകയും, വൈദികർ ഒരു ബഹുരാഷ്ട്രകമ്പനിയുടെ ജോലിക്കാരായി മാറുകയും ചെയ്യുന്നു. പൗരോഹിത്യമേധാവിത്വമനോഭാവം സങ്കടകരവും അപമാനകാരവുമായ രീതിയിൽ ഇതിലേക്കാണ് നമ്മെ നയിക്കുന്നത്.  റോമിൽ സഭാവസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ യുവപുരോഹിതർ വാങ്ങുവാൻ ചെല്ലുന്ന ളോഹകളും, തൊപ്പികളും വിശുദ്ധവസ്ത്രങ്ങളും അലങ്കാരപ്പണികളുള്ള വസ്ത്രങ്ങളും കണ്ടാൽ ഇത് മനസ്സിലാകും.

പൗരോഹിത്യമേധാവിത്വമനോഭാവം ഒരു ചാട്ടവാറാണ്. അത് കർത്താവിന്റെ മണവാട്ടിയുടെ മുഖം വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ലൗകികതയുടെ രൂപമാണ്. ഇത് ദൈവജനത്തെ അടിമകളാക്കുന്നു.

എന്നാൽ ദൈവത്തിന്റെ വിശുദ്ധ, വിശ്വസ്തജനം, ക്ഷമയോടെയും എളിമയോടെയും, ഈ ചാട്ടവാറടിയും, സ്ഥാപനവത്കരിക്കപ്പെട്ട പൗരോഹിത്യമേധാവിത്വത്തിന്റെ ദുർനടപടികളും, പാർശ്വവത്കരണവും സഹിച്ച് മുന്നോട്ട് പോവുകയാണ്. നാം സഭയിലെ രാജകുമാരന്മാരെക്കുറിച്ചും (കർദ്ദിനാൾമാർ), മെത്രാൻസ്ഥാനത്തേക്ക് ഒരു ജോലിയെക്കുറിച്ചെന്നപോലെ, സ്ഥാനക്കയറ്റം ലഭിക്കുന്നതിനെക്കുറിച്ചും എത്ര സാധാരണത്വത്തോടെയാണ് സംസാരിക്കുന്നത്. ദൈവത്തിന്റെ വിശുദ്ധരും വിശ്വസ്തരുമായ ജനത്തോട് മോശമായി പെരുമാറുന്ന ലൗകികതയും ലോകത്തിന്റെ ഭീകരതയുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2023, 17:59