തിരയുക

പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

അനാരോഗ്യം മൂലം പാപ്പായുടെ ദുബായ് യാത്ര റദ്ദാക്കി

ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി.വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

നവംബർ മാസം 30 മുതൽ ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള COP 28  ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി.

വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്. വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടർ ഡോ.മത്തേയോ ബ്രൂണിയാണ് ഇത് സംബന്ധിച്ച വാർത്ത പങ്കുവച്ചത്.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫ്രാൻസിസ് പാപ്പായ്ക്ക് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിച്ചത്. അന്നേ ദിവസം നടത്തിയ സ്കാനിങ്ങിൽ ശ്വാസകോശവീക്കം ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച്ച നടത്തിയ ത്രികാലപ്രാർത്ഥനയ്ക്ക് പതിവിൽ നിന്നും വിപരീതമായി പരിശുദ്ധ പിതാവ് താമസിക്കുന്ന സാന്താ മാർത്താ ഭവനത്തിലെ കപ്പേളയിൽ നിന്നുമാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.

കാലാവസ്ഥാപ്രതിസന്ധി ഏറെ രൂക്ഷമാകുന്ന ഒരു സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പരാമർശങ്ങളും , അദ്ദേഹത്തിന്റെ ലേഖനങ്ങളും ആഗോള തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ വരവും ഏറെ ലോകനേതാക്കളും സ്നേഹപുരസ്സരം പ്രതീക്ഷിച്ചിരുന്നു.

എങ്കിലും ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന പുരോഗതിയും എടുത്തുപറയേണ്ടതാണ്.തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച്ച  പ്രാർത്ഥനാവേളയിൽ അറിയിച്ചിരുന്നു. സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനാണ് ഡോക്ടർമാർ പാപ്പായ്ക്ക് വിശ്രമം നിർദേശിച്ചിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2023, 13:15