സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേരോടെ ഇല്ലാതാക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സമൂഹത്തെ ബാധിക്കുന്ന തിന്മയാണെന്നും, അത് വേരോടെ പറിച്ചെറിയപ്പെടെണമെന്നും ഫ്രാൻസിസ് പാപ്പാ. "സ്ത്രീകൾക്കെതിരായ പുരുഷ അതിക്രമങ്ങൾക്കെതിരെയുള്ള സുദീർഘമായ തരംഗം" എന്ന പേരിൽ, ഇറ്റാലിയിലെ റായി ഊനോ റേഡിയോയും സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാദ്‌മി എന്ന സംഘടനയും ചേർന്ന് സംഘടിപ്പിച്ച പ്രചാരണപരിപാടിക്ക് നൽകിയ സന്ദേശത്തിലാണ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പാപ്പാ ശബ്ദമുയർത്തിയത്. സ്ത്രീകൾ വസ്തുക്കളായി കണക്കാക്കി തങ്ങളുടെ കൈവശാവകാശമെന്നു കരുതുന്ന മനഃസ്ഥിതിയും അവരോട് മുൻവിധികളോടെ പെരുമാറുന്ന ഒരു സാമൂഹികവ്യവസ്ഥയും മാറേണ്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരം ചിന്താഗതികൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നവയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
പുരുഷവർഗ്ഗത്തിന്റെ തെറ്റായ ചിന്താഗതിയുടെ ഫലമായി നിരവധി സ്ത്രീകൾ അതിക്രമങ്ങൾ ഏൽക്കുകയും, അടിമകളായി കണക്കാക്കപ്പെടുകയും ദുരുപയോഗങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. സ്ത്രീ ശരീരവും ജീവിതവും തങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന ചിന്താഗതിയാലാണ് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നതെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു..
സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളിൽ മാധ്യമങ്ങൾ എടുക്കുന്ന നിലപാടിലുള്ള അവ്യക്തതയെക്കുറിച്ചും പാപ്പാ പറഞ്ഞു. ഒരു ഭാഗത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് പറയുകയും സ്ത്രീപുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മറുഭാഗത്ത്, സുഖഭോഗചിന്തയും ഉപഭോക്തൃമനോഭാവത്തോടെയുള്ള ജീവിതവുമാണ് പല മാധ്യമങ്ങളും മുന്നോട്ട് വയ്ക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കാനും, അവരുടെമേൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ശക്തി, മാത്സര്യം തുടങ്ങിയ ചിന്തകളിൽ അടിസ്ഥാനമിട്ട വിജയമാനദണ്ഡങ്ങളാണ് സ്ത്രീപുരുഷന്മാർക്ക് മുന്നിൽ അവ അവതരിപ്പിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കുക എന്ന ചിന്തയുള്ളിടത്ത് ദുരുപയോഗങ്ങൾ ഉണ്ടാകുമെന്നും, മറ്റുള്ളവരെ തടവുകാരാക്കിവയ്ക്കാനുള്ള ആഗ്രഹം സ്നേഹമല്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നാം അന്തസ്സും സ്വാതന്ത്ര്യവുമുള്ള മനുഷ്യരായിരിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ശാരീരിക, മാനസിക ദുരുപയോഗങ്ങൾ എന്ന വിപത്ത് നിലനിൽക്കുന്നയിടങ്ങളിൽ, പരസ്പരബഹുമാനത്തിലും അംഗീകാരത്തിലും അധിഷ്ഠിതമായ സന്തുലിതവും നീതിപൂർവ്വകവുമായ ബന്ധങ്ങൾ വീണ്ടെടുക്കേണ്ടതുണ്ട്. വ്യക്തികളെ അവരുടെ അന്തസ്സ് മാനിച്ചുകൊണ്ട് പ്രാമുഖ്യം നൽകുന്ന ഒരു വിദ്യാഭ്യാസമാതൃക കുടുംബങ്ങളിൽ ആരംഭിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു
ദുരുപയോഗങ്ങൾ, ചൂഷണം, പാർശ്വവത്കരണം, അനാവശ്യസമ്മർദ്ദങ്ങൾ തുടങ്ങിയ തിന്മകൾ നേരിട്ട, സ്വരമില്ലാത്ത നമ്മുടെ സഹോദരിമാർക്ക് സ്വരമേകുക എന്നത് ഏവരുടെയും ഉത്തരവാദിത്വമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
യേശുവിന്റെ ജന്മവുമായി ബന്ധപ്പെടുത്തി, ഒരു സ്ത്രീയുടെ ഹൃദയത്തിൽനിന്നും മാംസത്തിൽനിന്നുമാണ് രക്ഷ ഈ ലോകത്തിലേക്ക് കടന്നുവന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എല്ലായിടങ്ങളിലും സ്ത്രീകളോടുള്ള പെരുമാറ്റത്തിലൂടെ നമ്മുടെ മാനവികതയുടെ തോതാണ് വെളിവാകുന്നത് എന്ന് കൂട്ടിച്ചേർത്തു.
സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ഈ വലിയ തിരമാല എന്നും നിലനിൽക്കട്ടെയെന്നും, മനോഭാവങ്ങളിൽ മാറ്റമുണ്ടാക്കട്ടെയെന്നും എഴുതിയ പാപ്പാ, ഈ പ്രതിബദ്ധതയിൽ മുന്നോട്ട് പോകാൻ ഏവർക്കും സാധിക്കട്ടെയെന്ന് ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: