തിരയുക

ഫ്രാൻസിസ് പാപ്പായും  കൊറിയയിലെ മെത്രാനും. ഫ്രാൻസിസ് പാപ്പായും കൊറിയയിലെ മെത്രാനും.  (VATICAN MEDIA Divisione Foto)

കൊറിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60ആം വാർഷികം: പരിശുദ്ധ പിതാവ് ആശംസ അർപ്പിച്ച് കൊണ്ട് ടെലഗ്രാം സന്ദേശമയച്ചു

പരിശുദ്ധ സിംഹാസനവും, കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60ആം വാർഷികത്തോടനുബന്ധിച്ച് കൊറിയയിലെ കത്തോലിക്കാ മെത്രാ൯ സമിതി അധ്യക്ഷ൯ ബിഷപ്പ് മത്തിയാസ് റി ഇയോങ്-ഹൂണിനെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ തന്റെ സന്ദേശം അയച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കഴിഞ്ഞ ദശാബ്ദങ്ങളായി കത്തോലിക്കാ സമൂഹത്തിനും കൊറിയ൯ ജനതയ്ക്കും ലഭിച്ച അനേകം കൃപകൾക്ക് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നതിനുള്ള ഒരു നിമിഷമാണ് ഈ സുപ്രധാന ആഘോഷമെന്ന് പാപ്പാ സൂചിപ്പിച്ചു. സുവിശേഷത്തിന്റെ വ്യാപനത്തിനും, പ്രാദേശിക സഭയുടെ വളർച്ചയ്ക്കും, കൊറിയൻ സമൂഹത്തിന്റെ ക്ഷേമത്തിനും നൽകിയ സംഭാവനകൾക്കും നമുക്ക് നന്ദിയുള്ളവരായിരിക്കാം. പാപ്പാ ഓർമ്മപ്പെടുത്തി.  രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും പ്രത്യാശയില്ലാത്തവർക്കും സാംസ്കാരികവും ആത്മീയവുമായ ഫലങ്ങൾ നൽകുന്നത് തുടരുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

2014-ൽ  കൊറിയാ സന്ദർശിച്ചതും യേശുവിനോടുള്ള സ്നേഹത്താലും ദൈവരാജ്യം  പ്രചരിപ്പിക്കാനുള്ള ആഗ്രഹത്താലും ഈ നാട്ടിൽ ജീവ൯ ബലിയർപ്പിക്കുകയും പൂത്തുലയുകയും ഊർജ്ജസ്വലവുമായ ഒരു സഭയ്ക്ക് വിത്തുകൾ വിതയ്ക്കുകയും ചെയ്ത കൊറിയ൯ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയർത്തിയ വിശുദ്ധബലിയിൽ  പങ്കെടുത്തതും പാപ്പാ അനുസ്മരിച്ചു.

വിശ്വാസത്തിന്റെ ഈ മഹത്തായ സാക്ഷ്യത്തിന്റെ അവകാശികളാണ് ഇന്നത്തെ യുവാക്കൾ. 2027 ൽ നടക്കുന്ന ലോക യുവജന ദിനാഘോഷങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ അവർ ക്രിസ്തുവിനോടുള്ള ഈ വിലയേറിയ സാക്ഷ്യം വഹിക്കുമെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ പങ്കുവച്ചു.

റിപ്പബ്ലിക്ക് ഓഫ് കൊറിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധം തുടർന്നും അഭിവൃദ്ധി പ്രാപിക്കുമെന്ന പ്രത്യാശയും പരിശുദ്ധ പിതാവ് പ്രകടിപ്പിച്ചു. കൊറിയൻ പെനിൻസുലയിലെ സമാധാനത്തിനും അനുരഞ്ജനത്തിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പൊതുവായ ആശങ്കയുള്ള കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും പാപ്പാ വ്യക്തമാക്കി. ഈ വികാരങ്ങളോടെ, കൊറിയൻ രക്തസാക്ഷികളുടെയും സഭയുടെ മാതാവായ മറിയത്തിന്റെയും മധ്യസ്ഥതയിൽ അവരെ ഭരമേപ്പിച്ച പാപ്പാ കർത്താവായ യേശുക്രിസ്തുവിൽ കൃപയുടെയും സമാധാനത്തിന്റെയും അനുഗ്രഹം അവർക്ക് നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2023, 16:28