തിരയുക

ഫ്രാൻസിസ് പാപ്പായെ ആശ്ലേഷിക്കുന്ന യുവാവ്.  ഫ്രാൻസിസ് പാപ്പായെ ആശ്ലേഷിക്കുന്ന യുവാവ്.  

“ക്രിസ്തു ജീവിക്കുന്നു” : ദരിദ്രർക്കും ദുർബലർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ജനകീയ നേതൃത്വം നൽകുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 231ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ''മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

231. നാം യഥാർത്ഥ ജനകീയ നേതാക്കളെ കുറിച്ചാണ് വിശിഷ്ടരെ അഥവാ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ചെറിയ ഗ്രൂപ്പുകളിൽ അടച്ചുപൂട്ടി കഴിയുന്നവരെ പറ്റിയല്ലാ പറയുന്നത്. യുവജനങ്ങൾക്കുള്ള ഒരു ജനകീയ ശുശ്രൂഷ സൃഷ്ടിക്കാൻ സാധിക്കുന്നതിന് ജനങ്ങളുടെ ആശയം ശ്രദ്ധിക്കാനും അവരുടെ വക്താക്കളാകാനും അവരുടെ ഉയർച്ചയ്ക്ക് വേണ്ടി അധ്വാനിക്കാനും പഠിക്കണം. ജനങ്ങളെപ്പറ്റി നാം പറയുമ്പോൾ സമൂഹത്തിന്റെയോ, സഭയുടെയോ, സംവിധാനങ്ങളെപറ്റിയോ, വ്യക്തികളെപ്പറ്റിപോലുമോ അല്ല നാം ഇവിടെ പറയുന്നത്; മറിച്ച് യാത്ര ചെയ്യുന്ന സമൂഹത്തെ കുറിച്ചാണ്. അതായത്, എല്ലാവർക്കും വേണ്ടിയുള്ള എല്ലാവരുടെയും ഉറ്റ ബന്ധം പുലർത്തുന്ന സമൂഹത്തെ കുറിച്ചുമാണ്. ദരിദ്രരെയും മുറിപ്പെടാവുന്നവരെയും പിന്തള്ളാൻ സമ്മതിക്കാത്ത സമൂഹത്തെ കുറിച്ചാണ്. എല്ലാവരും പൊതുനന്മയിൽ പങ്കുചേരണമെന്നും എല്ലാവരും ഒന്നിച്ച് എത്തിച്ചേരാൻ വേണ്ടി ഏറ്റവും എളിയ അംഗങ്ങളോടൊപ്പം നടക്കാൻ മനസ്സാകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. അതുകൊണ്ട് ദരിദ്രരും, മുറിപ്പെടാവുന്നവരും, ദുർബ്ബലരും, വ്രണിതരും ഉൾപ്പെടെ എല്ലാവരെയും മുന്നോട്ടുള്ള യാത്രയിൽ പങ്കുചേർക്കാൻ കഴിവുള്ളവരാണ് ജനകീയ നേതാക്കൾ. ദ്രോഹം അനുഭവിച്ചിട്ടുള്ള അല്ലെങ്കിൽ കുരിശിന്റെ ഭാരം വഹിച്ചിട്ടുള്ള യുവജനങ്ങളെ അവർ ഉപേക്ഷിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ല. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവജന ശാക്തീകരണം

ദരിദ്രർക്കും ദുർബലർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഒരു ജനകീയ നേതൃത്വത്തിനുള്ള പാപ്പയുടെ ആഹ്വാനമാണ് ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ കാണുന്നത്. ജനങ്ങളുമായി, പ്രത്യേകിച്ച് യുവാക്കളുമായി ആത്മാർത്ഥമായി ബന്ധപ്പെടുന്ന "ജനപ്രിയ" നേതാക്കളെ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ തന്റെ അപ്പോസ്തോലിക പ്രബോധനത്തിൽ ഊന്നിപ്പറയുന്നു. ദരിദ്രർ, ദുർബ്ബലർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ഉന്നമനത്തിനായി ഉയരുന്ന ശബ്ദമാകാനാണ് ഈ നേതാക്കൾ ആവശ്യമായി വരുന്നത്. കഴിഞ്ഞ ഖണ്ഡികയിൽ നിർദ്ദേശിച്ചിരുന്ന ജനകീയ യുവജന ശുശ്രൂഷയുടെ പശ്ചാത്തലത്തിൽ ദരിദ്രരുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ നേതൃത്വനിരയ്ക്കു നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള പാപ്പയുടെ വിചിന്തിനങ്ങളാണ് ഈ ഖണ്ഡികയിൽ നാം മനസ്സിലാക്കുന്നത്.

"ജനങ്ങളെ" മനസ്സിലാക്കുക

ഫ്രാൻസിസ് പാപ്പാ ഇവിടെ "ജനങ്ങൾ" എന്ന് അഭിസംബോധന ചെയ്യുന്നത്, സാമൂഹികമോ സഭാഘടനാപരമോ ആയ ഒരു സമൂഹത്തെ മാത്രമല്ല. പകരം, എല്ലാവരും പരസ്പരം ബന്ധപ്പെടുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് പാപ്പാ വിഭാവനം ചെയ്യുന്നത്. ഈ സമൂഹം ആരേയും ഒഴിവാക്കാതെ പിൻതള്ളലുകൾ നിരസിക്കുകയും ദരിദ്രരും, ദുർബ്ബലരും, പുറം തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധവുമാണ്. ഇത് ഉൾച്ചേർക്കലിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കിട്ട ഉത്തരവാദിത്തം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

യുവജന ശുശ്രൂഷയിലെ നേതൃത്വത്തിന്റെ പങ്ക്

സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ ആവശ്യങ്ങളോടു ശ്രദ്ധയും, പ്രതികരണ ശേഷിയും ഉള്ള ഒരു നേതൃത്വ ശൈലിക്കായാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. ദരിദ്രരും, ദുർബ്ബലരും നേരിടുന്ന വിഷമതകളും പാർശ്വവൽക്കരണവും മനസ്സിലാക്കുകയും അവയെ പുരോഗതിയുടെ വിശാലമായ ആഖ്യാനത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ നേതാക്കൾ. ഈ സാഹചര്യത്തിൽ, നേതൃത്വം, ശബ്ദമില്ലാത്തവരുടെ വക്താക്കളായി മാറുകയും ആരും പിന്നിലല്ലെന്ന് ഉറപ്പാക്കാൻ അവിശ്രമം പ്രവർത്തിക്കുകയും ചെയ്യുന്നു.

ദരിദ്രരുടെയും ദുർബലരുടെയും പ്രാധാന്യം

കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരിൽ നിന്നും ജീവിത ഭാരം ചുമക്കുന്നവരിൽ നിന്നും അകന്നുനിൽക്കുന്ന ഒരു നേതൃത്വത്തെ ഫ്രാൻസിസ് പാപ്പാ വെല്ലുവിളിക്കുന്നു. പാർശ്വവത്ക്കരിക്കപ്പെട്ടവരെ സ്വാഗതം ചെയ്യുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് അവരുടെ അനുഭവങ്ങൾ സമൂഹത്തിന്റെ സമ്പന്നതയ്ക്ക് സംഭാവന ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ഫ്രാൻസിസ് പാപ്പാ ദരിദ്രരിലേക്കും ദുർബ്ബലരിലേക്കും എത്തിച്ചേരുന്നതിലൂടെ, നേതാക്കൾക്ക് കൂടുതൽ അനുകമ്പയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു യുവജന ശുശ്രൂഷ സൃഷ്ടിക്കാൻ കഴിയും എന്നാണ് നമ്മെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത്.

സഹാനുഭൂതിയും അനുകമ്പയും

യുവജന ശുശ്രൂഷയോടുള്ള സമീപനത്തിൽ സഹാനുഭൂതിയും അനുകമ്പയും വളർത്തിയെടുക്കാൻ പാപ്പാ നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ദരിദ്രരുടെ അതിജീവന പോരാട്ടങ്ങൾ മനസ്സിലാക്കുന്നത് ഫലപ്രദമായ നേതൃത്വത്തിന് നിർണായകമാണ്. മുറിവേറ്റവരെയും ദുർബ്ബലരെയും വേദന അനുഭവിച്ചവരെയും ആലിംഗനം ചെയ്യുന്നതിലൂടെ, നേതാക്കൾക്ക്, അവരും തങ്ങളുടേതാണെന്ന ബോധം വളർത്താനും യുവജന സമൂഹത്തിന്റെ മുറിവുകൾ ഉണക്കി അവരുടെ വളർച്ചയ്ക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കാനും കഴിയും.

2013ൽ സഭാ നേതൃത്വം ഏറ്റെടുത്തത് മുതൽ ദരിദ്രർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഫ്രാ൯സിസ് പാപ്പാ. സാമ്പത്തിക അസമത്വം, സാമൂഹിക അനീതി, ജനങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പാപ്പാ നിരന്തരം സംസാരിക്കാറുണ്ട്. ഫ്രാൻസിസ് പാപ്പയുടെ സന്ദേശങ്ങളിലെ ചില പ്രധാന വിഷയങ്ങളിൽ എപ്പോഴും സമൂഹം പുറമ്പോക്കാക്കിയ ദരിദ്ര്യരേയും, ബലഹീനരേയും, വൃദ്ധരേയും, കുടിയേറ്റക്കാരെയും  മാറ്റിനിറുത്താറില്ല എന്നത്  ശ്രദ്ധേയമായ ഒന്നാണ്.  ഇവരെ കുറിച്ച് സംസാരിക്കുമ്പോൾ പാപ്പാ കൂടുതൽ ഊന്നിപ്പറയുന്ന ചില ഘടകങ്ങളെ കുറിച്ച് നമുക്ക് കാണാം.

ഐക്യദാർഢ്യം: വ്യക്തികളെയും സമൂഹങ്ങളെയും ഒരുമിച്ച് നിൽക്കാനും പരസ്പരം പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഐക്യദാർഢ്യം എന്ന ആശയത്തിന് പാപ്പാ ഊന്നൽ നൽകുന്നു. പലപ്പോഴും വ്യക്തിവാദത്തിനെതിരെ സംസാരിക്കുകയും എല്ലാവരുടെയും, പ്രത്യേകിച്ച് ദരിദ്രരുടെ ക്ഷേമത്തിനായുള്ള സാമുദായിക ഉത്തരവാദിത്തബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശബ്ദമായി മാറിയിട്ടുണ്ട് ഫ്രാൻസിസ് പാപ്പാ.

സാമ്പത്തിക നീതി: മുതലാളിത്തത്തിന്റെ അതിരുകടന്ന പ്രവണതകൾക്കെതിരെയും അത് ദരിദ്രരിൽ ചെലുത്തുന്ന പ്രതികൂല ആഘാതത്തിനെതിരെയും ഫ്രാൻസിസ് പാപ്പാ എത്രയോ വട്ടം സംസാരിച്ചു കഴിഞ്ഞു. മനുഷ്യവ്യക്തികളുടെ അന്തസിന് മുൻഗണന നൽകുകയും എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സാമ്പത്തിക സംവിധാനങ്ങൾക്കായും  ആഗോള സാമ്പത്തിക വേദികളിൽ ഇടതടവില്ലാതെ വാദിക്കുന്നയാളുമാണ് ഫ്രാൻസിസ് പാപ്പാ.

സൃഷ്ടിയോടുള്ള കരുതൽ : സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും പാപ്പാ എടുത്തുകാട്ടിയിട്ടുണ്ട്. ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുന്നു. കൂടാതെ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി അഹോരാത്രം ശബ്ദമുയർത്തുന്നതും ആവശ്യക്കാരെ പുറം തള്ളാതെ സ്വാഗതം ചെയ്യാനും സഹായിക്കാനും സർക്കാരുകളോടും വ്യക്തികളോടും ഫ്രാൻസിസ് പാപ്പാ നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

കാരുണ്യവും അനുകമ്പയും: കാരുണ്യത്തിന്റെയും അനുകമ്പയുടെയും പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ്  പാപ്പാ പലപ്പോഴും സംസാരിക്കുന്നു. ദരിദ്രരിലേക്കും പാർശ്വവത്കരിക്കപ്പെട്ടവരിലേക്കും ഇറങ്ങി ചെന്ന് ദയയും സഹാനുഭൂതിയും കാണിക്കാൻ പാപ്പാ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ, ഭരണകൂടത്തിന്റെ പങ്ക്, സമാധാനം പ്രോത്സാഹിപ്പിക്കുക അതിന്റെ കര വേലക്കാരാവുക എന്നിവയുൾപ്പെടെ സാമൂഹിക നീതിയുടെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്യുന്ന വിശാലമായ കത്തോലിക്കാ സാമൂഹിക പ്രബോധങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഒരു നേതൃത്വനിരയുടെ ആവശ്യകതയാണ് പാപ്പാ മുന്നോട്ട് വയ്ക്കുന്നത്. ആത്മീയ നേതാക്കളെന്ന നിലയിൽ ഫ്രാൻസിസ് പാപ്പാ മാത്രമല്ല പാപ്പായുടെ മുൻഗാമികളും ദാരിദ്ര്യവും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ അവരുടെ വേദികൾ നിരന്തരം ഉപയോഗിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് വേണം യുവജന ശുശ്രൂഷയ്ക്കുള്ള ജനകീയ നേതൃത്വത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രബോധനത്തെ നാം കാണേണ്ടത്. ദരിദ്രരുടെയും ദുർബ്ബലരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവസ്ഥകളെ അറിഞ്ഞ് അവരെ വിശാല സമൂഹവുമായി ചേർത്ത്  പരസ്പരം കൈപിടിച്ചുയർത്തുന്നതിന് പരിശ്രമിക്കുന്ന  നേതാക്കളുടെ ആവശ്യകതയാണ്  ഇന്നത്തെ വലിയ പ്രശ്നങ്ങളിൽ ഒന്ന്. ആരെയും ഉപേക്ഷിക്കാൻ സമ്മതിക്കാത്ത ഒരു സാമൂഹ്യ ബോധം വളർത്തുന്നതിലൂടെ, ഈ നേതാക്കൾ കൂടുതൽ സമഗ്രവും അനുകമ്പയുള്ളതുമായ ഒരു സമൂഹത്തിന്റെ ചാലകശക്തിയായി മാറുന്നു. ഏറ്റവും താഴെക്കിടയിലുള്ളവരുമായി സജീവമായി ഇടപഴകുന്നതിലൂടെ, ഒരു പൊതുനന്മയിലേക്കുള്ള യാത്രയിൽ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം ഒരു യുവനേതൃത്വത്തിന് വഴിയൊരുക്കാൻ കഴിയും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2023, 08:31