തിരയുക

“ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും !

റോമാ പുരിക്കും ലോകത്തിനും പാപ്പായുടെ സന്ദേശവും ആശീർവ്വാദവും. സമാധാനരാജൻറെ ആഗമനം ആചരിക്കുന്ന ഈ വേളയിൽ നാം പറയേണ്ടത് : യുദ്ധത്തോട് "ഇല്ല" എന്നും സമാധാനത്തോട് "അതെ" എന്നും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്‌ച (24/12/23) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിരുപ്പിറവിത്തിരുന്നാള്‍ ജാഗര ദിവ്യബലിയര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ ക്രിസ്തുമസ്സ് ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മദ്ധ്യത്തിലായുള്ള പുഷ്പാലംങ്കൃത മുകപ്പിൽ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വാദവും നല്കി. ഊര്‍ബി  ഏത്ത് ഓര്‍ബി” സന്ദേശമേകുന്നതിന് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കയുടെ മുകപ്പിൽ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദരവങ്ങള്‍ ചത്വരത്തിലെങ്ങും അലയടിച്ചു.   വത്തിക്കാൻറെയും ഇറ്റലിയുടെയും ദേശീയഗാനങ്ങൾ ബാൻറുസംഘം വാദനം ചെയ്തു. അതിനു ശേഷം പാപ്പാ “ഊര്‍ബി ഏത്ത് ഓര്‍ബി”   സന്ദേശം നല്കി:

ബത്ലഹേമിലേക്കു പായുന്ന ചിന്തകൾ 

പ്രിയ സഹോദരീ സഹോദരന്മാരേ, തിരുപ്പിറവിത്തിരുന്നാളാശംസകൾ!

ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കണ്ണുകളും ഹൃദയങ്ങളും ബെത്‌ലഹേമിലേക്ക് തിരിഞ്ഞിരിക്കുന്നു; നൂറ്റാണ്ടുകളായി കാത്തിരുന്ന പ്രഖ്യാപനം, ഈ ദിനങ്ങളിൽ വേദനയും നിശബ്ദതയും വാഴുന്ന അവിടെ മുഴങ്ങി: "നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു" (ലൂക്കാ 2:11). ബെത്‌ലഹേമിലെ ആകാശത്തിൽ മുഴങ്ങിയ മാലാഖയുടെ വാക്കുകളാണിത്,  അത് നമ്മോടുമുള്ളതാണ്. കർത്താവ് നമുക്കുവേണ്ടിയാണ് ജനിച്ചത് എന്നറിയുന്നത്, പിതാവിൻറെ നിത്യ വചനം, അനന്ത ദൈവം നമ്മുടെ മദ്ധ്യേ വസിക്കുന്നു എന്നറിയുന്നത്,  നമ്മിൽ ആത്മവിശ്വാസവും പ്രത്യാശയും നിറയ്ക്കുന്നു. അവൻ മാംസമായി, "നമ്മുടെ ഇടയിൽ വസിക്കാൻ"  വന്നു (യോഹന്നാൻ 1:14): ചരിത്രത്തിൻറെ ഗതി മാറ്റുന്ന വാർത്ത ഇതാ!

സന്തോഷ വിളംബരം

ബെത്‌ലഹേമിലേത് "മഹാസന്തോഷത്തിൻറെ" വിളംബരമാണ് (ലൂക്കാ 2:10). എന്ത് സന്തോഷമാണിത്? ലോകത്തിൻറെതായ ക്ഷണിക സന്തോഷമല്ല, വിനോദം പകരുന്ന ആനന്ദമല്ല, മറിച്ച് ഒരു "മഹത്തായ" സന്തോഷമാണ്, കാരണം അത് നമ്മെ "വലിയവർ" ആക്കുന്നു. മനുഷ്യരായ നമ്മൾ,  ഇന്ന്, വാസ്തവത്തിൽ, നമ്മുടെ പരിമിതികളോടുകൂടി, സ്വർഗ്ഗത്തിനു വേണ്ടി ജനിച്ചിരിക്കുന്നു എന്ന അഭൂതപൂർവമായ ഒരു പ്രത്യാശയെക്കുറിച്ച് ഉറപ്പ് ഉള്ളവരായിത്തീരുന്നു. അതെ, നമ്മുടെ സഹോദരനായ യേശു സ്വപിതാവിനെ നമ്മുടെ പിതാവാക്കാനാണ് വന്നത്: ലോല ശിശു, ദൈവത്തിൻറെ ആർദ്രത നമുക്ക് വെളിപ്പെടുത്തുന്നു; കൂടാതെ മറ്റു പലതും: പിതാവിൻറെ ഏകജാതനായ അവൻ നമുക്ക് "ദൈവ മക്കളാകാനുള്ള കഴിവു" നൽകുന്നു (യോഹന്നാൻ 1:12). ഹൃദയത്തിന് സാന്ത്വനമേകുകയും പ്രത്യാശയെ നവീകരിക്കുകയും സമാധാനം പ്രദാനംചെയ്യുകയും ചെയ്യുന്ന സന്തോഷം ഇതാ: അത് പരിശുദ്ധാത്മാവിൻറെ സന്തോഷമാണ്, വത്സല മക്കളായിരിക്കുന്നതിൻറെ സന്തോഷം.

ആനന്ദിക്കുക, ഇതാ ദൈവം നമ്മോടു കൂടെ

സഹോദരീ സഹോദരന്മാരേ, ഇന്ന് ബത്‌ലഹേമിൽ ഭൂമിയുടെ അന്ധകാരത്തിനിടയിൽ ഈ അണയാത്ത നാളം ജ്വലിച്ചു,  "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന" (യോഹന്നാൻ 1.9) ദൈവത്തിൻറെ വെളിച്ചം,  ഇന്ന്, ലോകത്തിൻറെ അന്ധകാരത്തിന്മേൽ പ്രബലമാണ്: ഈ കൃപയിൽ നമുക്ക് സന്തോഷിക്കാം! വിശ്വാസവും ഉറപ്പും നഷ്ടപ്പെട്ടവരേ, സന്തോഷിക്കുക, കാരണം നീ തനിച്ചല്ല: ക്രിസ്തു ജനിച്ചത് നിനക്കുവേണ്ടിയാണ്! പ്രത്യാശ നഷ്ടപ്പെട്ട നീ, സന്തോഷിക്കുക, കാരണം ദൈവം നിൻറെ നേർക്കു കൈ നീട്ടിയിരിക്കുന്നു: അവൻ നിനക്കെതിരെ വിരൽ ചൂണ്ടുകയല്ല, മറിച്ച് നിന്നെ ഭയത്തിൽ നിന്ന് മോചിപ്പിക്കാനും കഷ്ടപ്പെടുകളിൽ നിന്ന് പിടിച്ചുയർത്താനും അവൻറെ മുന്നിൽ നിനക്ക് മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്ന് കാണിച്ചുതരാനും  ശിശുവിൻറെ പിഞ്ചുകരം നിനക്കു നീട്ടിത്തരുന്നു. ഹൃദയത്തിൽ സമാധാനം കണ്ടെത്താനാവാത്ത നീ  സന്തോഷിക്കുക, എന്തെന്നാൽ നിനക്കായി ഏശയ്യായുടെ പുരാതന പ്രവചനം നിറവേറിയിരിക്കുന്നു: "നമുക്കായി ഒരു ശിശു പിറന്നിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടു … അവന്റെ നാമം … സമാധാനത്തിൻറെ രാജകുമാരൻ" (9.5)" എന്നായിരിക്കും. അവൻറെ രാജ്യത്തിന് അന്ത്യമില്ല എന്ന് തിരുലിഖിതം വെളിപ്പെടുത്തുന്നു (9.6).

സമാധാനത്തെ ചെറുക്കുന്ന ലോകാധിപൻ 

വിശുദ്ധ ഗ്രന്ഥത്തിൽ, സമാധാനത്തിൻറെ രാജകുമാരനെ "ഈ ലോകത്തിൻറെ രാജകുമാരൻ" എതിർക്കുന്നു (യോഹന്നാൻ 12.31), മരണം വിതച്ചുകൊണ്ട്,  അവൻ, "ജീവനെ സ്നേഹിക്കുന്ന" (ജ്ഞാനം 11.26) കർത്താവിനെതിരെ പ്രവർത്തിക്കുന്നു. അവൻ പ്രവർത്തനനിരതനാകുന്നതാണ്, രക്ഷകൻറെ ജനനാന്തരം ബത്ലഹേമിൽ ശിശുക്കൾ വധിക്കപ്പെടുന്ന ദുരന്തം അരങ്ങേറുമ്പോൾ, നാം കാണുന്നത്. ലോകത്തിൽ നിരപരാധികളുടെ എത്രയെത്ര കൂട്ടക്കുരുതികൾ നടക്കുന്നു: അമ്മയുടെ ഗർഭപാത്രത്തിൽ, പ്രത്യാശ തേടിയുള്ള പ്രത്യാശാരഹിതരുടെ വഴികളിൽ, യുദ്ധത്താൽ ബാല്യകാലം തകർന്ന നിരവധി കുട്ടികളുടെ ജീവിതത്തിൽ. അവരാണ് ഇന്നത്തെ ഉണ്ണിയേശുമാർ.

യുദ്ധത്തോട് "അരുതു" പറയുക

ആകയാൽ സമാധാന രാജനോട് "അതെ" എന്ന് പറയുക എന്നതിനർത്ഥം യുദ്ധത്തോട്, എല്ലാ യുദ്ധങ്ങളോടും, യുദ്ധത്തിൻറെ യുക്തിയോടു തന്നെ “ഇല്ല”  എന്നു പറയുകയാണ്. യുദ്ധം ലക്ഷ്യമില്ലാത്ത യാത്ര, വിജയികളില്ലാത്ത തോൽവി, അക്ഷന്തവ്യ ഭ്രാന്ത് ആണ്. എന്നാൽ യുദ്ധത്തോട് "ഇല്ല" എന്ന് പറയാൻ ആയുധങ്ങളോട് "ഇല്ല" എന്ന് പറയണം. കാരണം, ചഞ്ചലവും മുറിവേറ്റതുമായ ഹൃദയമുള്ള മനുഷ്യൻ സ്വന്തം കരങ്ങളിൽ മരണത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തിയാൽ, ഇപ്പോഴല്ലെങ്കിൽ പിന്നീട് അവൻ അവ ഉപയോഗിക്കും. ആയുധങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും വ്യാപാരവും വർദ്ധിച്ചാൽ എങ്ങനെ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകും? ഹേറോദേസിൻറെ കാലത്തെന്നപോലെ ഇന്നും, ദൈവിക വെളിച്ചത്തെ ചെറുക്കുന്ന തിന്മയുടെ ഗൂഢാലോചനകൾ കാപട്യത്തിൻറെയും മറച്ചുവെക്കലിൻറെയും നിഴലിൽ നീങ്ങുന്നു: കാതടപ്പിക്കുന്ന നിശബ്ദതയിൽ, പലരും അറിയാതെ എത്രയെത്ര സായുധ കൂട്ടക്കൊലകൾ നടക്കുന്നു! ആയുധങ്ങളല്ല, അന്നം വേണ്ടവരും, മുന്നോട്ടു പോകാൻ പാടുപെടുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നവരുമായ ജനം,  ആയുധങ്ങൾക്കായി എത്രമാത്രം പൊതുപണം നീക്കിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എങ്കിലും അവർ അതറിയണം! യുദ്ധങ്ങളുടെ ചരടുകൾ വലിക്കുന്ന താൽപ്പര്യങ്ങളും ലാഭവും എന്തെന്ന് വെളിവാക്കപ്പെടേണ്ടതിന് അതിനെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യണം.

സമാധാനത്തിൻറെ രാജകുമാരനെക്കുറിച്ച് പ്രവചിച്ച ഏശയ്യ, “രാജ്യം മേലാൽ രാജ്യത്തിനെതിരെ വാളെടുക്കാത്ത” ഒരു ദിവസത്തെക്കുറിച്ച് എഴുതി; മനുഷ്യർ "ഇനി മേലിൽ യുദ്ധപരിശീലനം നടത്താത്ത", എന്നാൽ "അവരുടെ വാളുകൾ ഒടിച്ചു കലപ്പകളാക്കുകയും, അവരുടെ കുന്തങ്ങളെ അരിവാൾ ആക്കുകയും" (2.4)ചെയ്യുന്ന ദിനത്തെക്കുറിച്ച് എഴുതി. ആ ദിനം സമാഗതമാകുന്നതിനായി ദൈവസഹായത്തോടുകൂടി നമുക്ക് പ്രവർത്തിക്കാം.

ഇസ്രായേലും പലസ്തീനും

ജനങ്ങളുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധത്തിൻറെ വേദികളായ ഇസ്രായേലിൻറെയും പലസ്തീനിൻറെയും അടുത്തേക്കു നമുക്കു പോകാം. ആ ജനതകളെ, വിശിഷ്യ, ഗാസയിലെയും വിശുദ്ധനാടു മുഴുവനിലെയും ക്രൈസ്തവ സമൂഹങ്ങളെ ഞാൻ ആശ്ലേഷിക്കുന്നു. ഒക്‌ടോബർ 7-നു നടന്ന നിന്ദ്യമായ ആക്രമണത്തിന് ഇരകളായവരെക്കുറിച്ചുള്ള വേദന ഞാൻ എൻറെ ഹൃദയത്തിൽ പേറുകയും, ഇപ്പോഴും ബന്ദികളായിക്കഴിയുന്നവരുടെ മോചനത്തിനായുള്ള ശക്തമായ അഭ്യർത്ഥന ഞാൻ നവീകരിക്കുകയും ചെയ്യുന്നു. നിരപരാധികളായ പൗരന്മാർ ഇരകളാക്കപ്പെടുന്ന ഭയാനകമായ അനന്തരഫലങ്ങളുള്ള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും സഹായമെത്തിക്കുന്നതിന് വഴികൾ തുറന്നുകൊണ്ട് നിരാശാജനകമായ മാനവികാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. അക്രമവും വിദ്വേഷവും വളർത്തുന്നത് തുടരാതെ, ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും അന്താരാഷ്ട്ര സമൂഹത്തിൻറെ പിന്തുണയുടെയും പിൻബലത്തോടെ, ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ആത്മാർത്ഥവും സ്ഥിരോത്സാഹത്തോടുകൂടിയതുമായ സംവാദത്തിലൂടെ പലസ്തീൻ പ്രശ്‌നത്തിനുള്ള പരിഹാരത്തിലേക്കു നീങ്ങുക. സഹോദരീസഹോദരന്മാരേ, പലസ്തീനിലും ഇസ്രായേലിലും സമാധാനം ഉണ്ടാകുന്നതിനായി നമുക്കു പ്രാർത്ഥിക്കാം.

ഇതര സംഘർഷവേദികൾ

ഇനി എൻറെ ചിന്തകൾ  പോകുന്നത് പീഡിത സിറിയയിലെ ജനങ്ങളിലേക്കും അതുപോലെതന്നെ ഇപ്പോഴും ദുരിതമനുഭവിക്കുന്ന യെമനിലേക്കുമാണ്. പ്രിയപ്പെട്ട ലെബനോൻ ജനതയെക്കുറിച്ച് ഞാൻ ചിന്തിക്കുകയും അവർ രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത ഉടൻ കണ്ടെത്തട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഉണ്ണിയേശുവിൽ നയനങ്ങൾ ഉറപ്പിച്ചുകൊണ്ട് ഞാൻ ഉക്രൈയിനിൻറെ സമാധാനത്തിനായി  യാചിക്കുന്നു. അവിടത്തെ പീഡിതരായ ജനങ്ങളോടുള്ള നമ്മുടെ ആത്മീയവും മാനുഷികവുമായ സാമീപ്യം നമുക്ക് നവീകരിക്കാം, അങ്ങനെ നമ്മുടെ ഓരോരുത്തരുടെയും പിന്തുണയിലൂടെ അവർക്ക് ദൈവസ്നേഹത്തിൻറെ സമൂർത്തത അനുഭവവേദ്യമാകട്ടെ.

അർമേനിയയും അസർബൈജാനും തമ്മിലുള്ള നിയതമായ സമാധാനത്തിൻറെ ദിവസം ആസന്നമാകട്ടെ. മാനുഷിക സംരംഭങ്ങളുടെ തുടർച്ച, കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് സ്വഭവനങ്ങളിലേക്ക് നിയമപരമായും സുരക്ഷിതമായും മടങ്ങാൻ കഴിയൽ, ഓരോ സമുദായത്തിൻറെയും മതപാരമ്പര്യങ്ങളോടും ആരാധനാലയങ്ങളോടുമുള്ള പരസ്പര ആദരവ് എന്നിവയിലൂടെ അത് പരിപോഷിപ്പിക്കപ്പെടട്ടെ.

സഹേൽ പ്രദേശം, ആഫ്രിക്കയുടെ കൊമ്പ് പ്രദേശം, സുഡാൻ, അതുപോലെ കാമറൂൺ, കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്, ദക്ഷിണ സുഡാൻ എന്നിവയെ ക്ലേശിപ്പിക്കുന്ന സംഘർഷങ്ങളും നാം മറക്കരുത്.

ശാശ്വത സമാധാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംഭാഷണത്തിൻറെയും അനുരഞ്ജനത്തിൻറെയും സരണികൾ തുറന്നുകൊണ്ട് കൊറിയൻ ഉപദ്വീപിൽ സാഹോദര്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ദിവസം സമീപസ്ഥമാകട്ടെ.

സാമൂഹികവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിന് ഉചിതമായ പരിഹാരങ്ങൾ കാണാനും വ്യക്തികളുടെ ഔന്നത്യത്തെ ഹനിക്കുന്ന ദാരിദ്ര്യത്തിൻറെ രൂപങ്ങൾക്കെതിരെ പോരാടാനും അസമത്വങ്ങൾ ഇല്ലാതാക്കാനും കുടിയേറ്റം എന്ന വേദനാജനകമായ പ്രതിഭാസത്തെ നേരിടാനും അമേരിക്ക ഭൂഖണ്ഡത്തിലെ രാഷ്ട്രീയാധികാരികൾക്കും സന്മനസ്സുള്ള സകലർക്കും എളിയ ശിശുവായിത്തീർന്ന ദൈവപുത്രൻ, പ്രചോദനം നൽകട്ടെ,

ശബ്ദരഹിതരുടെ ശബ്ദമാകുകയെന്ന ദൗത്യം 

ശബ്ദം ഇല്ലാത്തവരുടെ ശബ്ദമാകാൻ പുൽക്കുട്ടിൽ നിന്ന് ശിശു നമ്മോട് ആവശ്യപ്പെടുന്നു: വെള്ളവും അന്നവും കിട്ടാതെ മരിച്ച നിരപരാധികളുടെ ശബ്ദം; തൊഴിൽ കണ്ടെത്താൻ കഴിയാത്തവരുടെയോ ജോലി നഷ്ടപ്പെട്ടവരുടെയോ ശബ്ദം; നല്ലൊരു ഭാവി തേടി, ദുർഘടയാത്രകളിൽ ജീവൻ അപകടപ്പെടുത്തി മനസാക്ഷിയില്ലാത്ത മനുഷ്യക്കടത്തുകാർക്കിരകളായി സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ ശബ്ദം.

ആഗതമാകുന്ന ജൂബിലി വർഷം 

സഹോദരീ സഹോദരന്മാരേ, ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുന്ന ജൂബിലിയുടെ കൃപയുടെയും പ്രത്യാശയുടെയും സമയം അടുത്തുവരികയാണ്. ഒരുക്കത്തിൻറെ ഈ കാലഘട്ടം ഹൃദയ പരിവർത്തനത്തിൻറെ അവസരവുമായിരിക്കട്ടെ; യുദ്ധത്തോട് "ഇല്ല" എന്നും സമാധാനത്തോട് "അതെ" എന്നും പറയാൻ; ഏശയ്യാ പ്രവചിച്ചതുപോലെ, “പീഢിതരെ സന്തോഷവാർത്ത അറിയിക്കുന്നതിനും ഹൃദയം തകർന്നവരുടെ മുറിവുകൾ വച്ചുകെട്ടുന്നതിനും ബന്ധിതർക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനും” "(എശയ്യാ 61,1)  നമ്മെ വിളിക്കുന്ന കർത്താവിൻറെ ക്ഷണത്തോട് സന്തോഷത്തോടെ പ്രതികരിക്കാൻ.

ഇന്ന് ബെത്‌ലഹേമിൽ ജനിച്ച യേശുവിൽ (ലൂക്കാ 4:18 കാണുക) ഈ വാക്കുകൾ നിറവേറി. നമുക്ക് അവനെ സ്വാഗതം ചെയ്യാം, രക്ഷകനും സമാധാനത്തിൻറെ രാജകുമാരനുമായ അവന് നമ്മുടെ ഹൃദയം തുറക്കാം!

ഈ വാക്കുകളില്‍  “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം  ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരാംഭിക്കുന്ന ത്രികാലപ്രാര്‍ത്ഥന നയിച്ചു. ഫ്രാന്‍സീസ് പാപ്പാ “ഊര്‍ബി  ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കാന്‍പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ സാമൂഹ്യവിനിമയോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും റോമിൻറെ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിലെ മുഖ്യ പുരോഹിതനായ കർദ്ദിനാൾ  ജെയിംസ് മൈക്കിൾ ഹാർവി  cardinale James Michael Harvey അറിയച്ചതിനെ  തുടര്‍ന്ന് പാപ്പാ ആശീര്‍വ്വാദം നല്കി. ആശീര്‍വ്വാദനാന്തരം, പാപ്പാ കൈകൾ വീശി എല്ലാവരെയും അഭിവാദ്യം ചെയ്തതിനു ശേഷം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുകപ്പില്‍ നിന്ന് പിന്‍വാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2023, 13:21