തിപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് അണിഞ്ഞൊരുങ്ങി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വര,  ദീപാലംകൃത ക്രിസ്തുമസ് മരവും പൂൽക്കൂടും തിപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് അണിഞ്ഞൊരുങ്ങി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വര, ദീപാലംകൃത ക്രിസ്തുമസ് മരവും പൂൽക്കൂടും   (ANSA)

വത്തിക്കാൻ: തിരുപ്പിറവിത്തിരുന്നാൾ നിശാ ദിവ്യബലി!

ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വത്തിക്കാനിൽ അർപ്പിക്കപ്പെടുന്ന തിരുപ്പിറവിത്തിരുന്നാൾ ദിവ്യബലിയിൽ പുഷ്പാർച്ചകരായി രണ്ടു മലയാളി കുട്ടികളും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ, തിരുപ്പിറവിത്തിരുന്നാൾ രാത്രിക്കുർബ്ബാന വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടും.

ഇരുപത്തിനാലാം തീയതി രാത്രി (24/12/23) റോമിലെ സമയം 7.30-ന് ഇന്ത്യയിലെ സമയം രാത്രി 12 മണിക്ക് ആയിരിക്കും ഈ ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. പാപ്പാ മുഖ്യകാർമ്മികനായർപ്പിക്കുന്ന ഈ ദിവ്യബലിയിൽ കർദ്ദിനാളന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പടെ ഇരുന്നൂറ്റിയമ്പതോളം സഹകാർമ്മികരുണ്ടായിരിക്കും.

ഈ ദിവ്യബലി മദ്ധ്യേ പുഷ്പാഞ്ജലി അർപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന പത്തു കുട്ടികളിൽ രണ്ടുപേർ മലയാളികളാണ്, ആറു വയസ്സുള്ള നോറ കോയിക്കലും 5 വയസ്സുള്ള ഐഡൻ ഷാജു എടത്തലയും. മറ്റുള്ളവർ ഇറ്റലി (3), മെസ്കിക്കൊ (1), ഐവറിക്കോസ്റ്റ് (2), കൊറിയ (2) എന്നീ നാട്ടുകാരാണ്.

ഈ വിശുദ്ധകുർബ്ബാനയിൽ വിശ്വാസികളുടെ പ്രാർത്ഥന ചൈനീസ്, ഫ്രഞ്ച്, അറബ്, പോർച്ചുഗീസ്, വിയറ്റ്നാമീസ് എന്നീ ഭാഷകളിലായിരിക്കും.

തിരുപ്പിറവിത്തിരുന്നാൾ ദിനമായ ഇരുപത്തിയഞ്ചാം തീയതി തിങ്കളാഴ്ച പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ മുകപ്പിൽ അഥവാ, ബാൽക്കണിയിൽ നിന്നുകൊണ്ട്, റോമാനഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന “ഊർബി ഏത്ത് ഓർബി”  (Urbi et Orbi) സന്ദേശവും ആശീർവ്വാദവും നല്കും. ഈ ആശീർവ്വാദം, സഭ നിഷ്ക്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതം, നേരിട്ടൊ മാദ്ധ്യമങ്ങളിലൂടെയൊ സ്വീകരിക്കുന്നവർക്ക് പൂർണ്ണദണ്ഡവിമോചനം ലഭിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2023, 11:54