അന്ധകാരം നിറഞ്ഞ ഒരു ലോകത്തിൽ നിത്യപ്രകാശമായെത്തുന്ന ക്രിസ്തുവിനെ പിന്തുടരുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അന്ധകാരം നിറഞ്ഞ ഒരു ലോകത്തേക്ക് പ്രകാശമായാണ് ക്രിസ്തു എത്തുന്നതെന്നും, പിതാവിന്റെ സ്നേഹമാണ് അവൻ നമുക്ക് പകരുന്നതെന്നും ഫ്രാൻസിസ് പാപ്പാ. റോമൻ കൂരിയയ്ക്ക് ഡിസംബർ 21 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്‌ച്ചാവേളയിലാണ് ക്രിസ്തുവിന്റെ ജനനം ലോകത്തിന് മുഴുവൻ അനുഗ്രഹമാണെന്ന സത്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. അക്രമങ്ങളും, യുദ്ധങ്ങളും, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളും, ദാരിദ്ര്യവും, സഹനവും, പട്ടിണിയും നിറഞ്ഞ ഒരു ലോകത്ത്, ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള അറിയിപ്പ് ശ്രദ്ധാപൂർവ്വം നാം ശ്രവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ദുർബലമായ മാനവികതയുടെ പിള്ളത്തൊട്ടിലിലേക്കാണ് യേശു പിറക്കുന്നതെന്നും, ദൈവികമായ ശൈലിയിൽ, തന്റെ സാമീപ്യത്തിലൂടെയും, സഹാനുഭൂതിയിലൂടെയും, ആർദ്രതയിലൂടെയുമാണ് അവൻ പിതാവായ ദൈവത്തിന്റെ സ്നേഹം നമുക്ക് പകരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വരുവാനിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള അറിയിപ്പിന്റെ വചനം നാം ശ്രവിക്കുകയും, അവന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുകയും അപഗ്രഥിക്കുകയും, അവന്റെ വചനമനുസരിച്ച്, അവനുപിന്നാലെ സഞ്ചരിക്കാൻ തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ വിശ്വാസയാത്രയിലും, റോമൻ കൂരിയായിലെ സേവനരംഗത്തും ഇത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വചനം ശ്രവിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ച പാപ്പാ, പരിശുദ്ധ അമ്മയുടെ ജീവിതത്തെ അതിനുള്ള ഉദാഹരണമായി എടുത്തുപറഞ്ഞു. ദൈവപദ്ധതിക്കായി തന്റെ ഹൃദയം തുറക്കുകയും, തന്റെ കരങ്ങളാൽ ലോകത്തെ പുണരാനെത്തിയ ദൈവത്തെ അവൾ മുറുകെപ്പിടിച്ചുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കേൾവി എന്നതിലൂടെ ശ്രവണം മാത്രമല്ല, ഹൃദയം കൊണ്ടുള്ള സ്വീകാര്യത കൂടിയാണ് അർത്ഥമാക്കുന്നതെന്ന് വിശുദ്ധഗ്രന്ഥാതിഷ്ഠിതമായി പാപ്പാ പറഞ്ഞു.
വചനത്തിന്റെ അർത്ഥം തിരിച്ചറിഞ്ഞ് ജീവിക്കുന്നതുമായി ബന്ധപ്പെട്ട് സ്നാപകയോഹന്നാനെക്കുറിച്ച് പാപ്പാ സംസാരിച്ചു. നമ്മുടെ ആധ്യാത്മികജീവിതയാത്രയിൽ ദൈവവചനം ശ്രവിച്ച് അപഗ്രഥിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യോഹന്നാനും, ക്രിസ്തുവിന്റെ മുൻപിൽ ഈയൊരു തിരിച്ചറിവിന്റെ പ്രാധാന്യം അറിയുന്നുണ്ടെന്ന് പറഞ്ഞു. അപഗ്രഥനത്തിലൂടെയും തിരിച്ചറിവിലൂടെയുമാണ്, സാധാരണ വഴികളിൽനിന്ന് മാറിനടക്കാനും, തെറ്റിദ്ധാരണകളിൽനിന്ന് സ്വാതന്ത്രരാകാനും സാധിക്കുന്നത്. കൂരിയായിൽ പരിശുദ്ധാത്മാവിലേക്ക് തുറന്ന മനസ്സോടെ പ്രവർത്തിക്കാൻ സാധിക്കുന്നതിനും ഈ വചനാപഗ്രഥനം പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തിരുവചനമനുസരിച്ച് പ്രവർത്തിക്കാൻ അത് സഹായിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വചനമനുസരിച്ച്, ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, പൂജരാജാക്കന്മാരുടെ യാത്ര, നമ്മുടെ യാത്രയുടെ പ്രത്യേകതയെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ശിഷ്വത്വത്തിലേക്കും, ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്രയിലേക്കുമാണ് സുവിശേഷത്തിന്റെ ആനന്ദം നമ്മെ നയിക്കുന്നത്. നമ്മെ സ്വാതന്ത്രരാക്കി, നമ്മുടെ വിളിയെക്കുറിച്ച് ബോധവാന്മാരാക്കുന്നത് ദൈവമാണ്. സത്യത്തെ തേടി, മനസ്സിലാക്കി യാത്ര ചെയ്യാനാണ് കൂരിയായിൽ പ്രവർത്തിക്കുന്നവർ ശ്രമിക്കേണ്ടത്. ദൈവത്താൽ വിളിക്കപ്പെട്ട്, വചനത്താൽ നയിക്കപ്പെട്ടാണ് നാം മുന്നോട്ട് പോകേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സഭയെ സ്നേഹിക്കുന്നവരും, തങ്ങളുടെ ആദ്യകാലസ്നേഹം മറന്നവരും തമ്മിലുള്ള വ്യത്യാസമാണ് ഇന്ന് സഭയിൽ നിലനിൽക്കുന്നതെന്ന് പറഞ്ഞ പാപ്പാ, നാം വിളിക്കപ്പെട്ടിരിക്കുന്നത്, എളിമയുടെയും, സ്നേഹത്തിന്റെയും സേവനത്തിന്റെയും വിശ്വാസത്തിന്റെയും യാത്ര തുടരാനാണെന്ന് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: