യുദ്ധത്തിൽ നേട്ടമുണ്ടാക്കുന്നത് ആയുധനിർമ്മാതാക്കൾ മാത്രം: പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഡിസംബർ മാസം ആറാം തീയതി ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ മതബോധനത്തിനുശേഷം ലോകത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന സംഘർഷങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും, തന്റെ സാമീപ്യവും സാന്ത്വനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
യുദ്ധം എപ്പോഴും എല്ലാവർക്കും പരാജയമാണ് സമ്മാനിക്കുന്നതെന്നും, അവയിൽ നേട്ടമുണ്ടാക്കുന്നത് ആയുധനിർമ്മാതാക്കൾ മാത്രമാണെന്നും പാപ്പാ അടിവരയിട്ടു സൂചിപ്പിച്ചു.
"യുദ്ധത്തിന്റെ ദുരന്തം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ മറക്കരുത്, പ്രത്യേകിച്ച് ഉക്രെയ്ൻ, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ. യുദ്ധം എപ്പോഴും പരാജയമാണ്. ആരും ജയിക്കുന്നില്ല, എല്ലാവരും തോൽക്കുന്നു. ആയുധ നിർമ്മാതാക്കൾ മാത്രമാണ് പണം സമ്പാദിക്കുന്നത്." എന്നതായിരുന്നു പാപ്പായുടെ വാക്കുകൾ.
പോളണ്ടിൽ ജൂതമർദനകാലത്ത്, അവരെ രക്ഷിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട ഉൽമ കുടുംബത്തിലെ എല്ലാവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുവാൻ വത്തിക്കാനിൽ എത്തിച്ചേർന്ന തീർത്ഥാടകരെയും പാപ്പാ പ്രത്യേകമായി അഭിവാദ്യം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: