തിരയുക

ഫ്രാൻസിസ് പാപ്പായും എക്യമേനിക്കൽ പാത്രിയർക്കായ ബെർത്തൊലോമിയോ ഒന്നാമനും (ഫയൽ ചിത്രം). ഫ്രാൻസിസ് പാപ്പായും എക്യമേനിക്കൽ പാത്രിയർക്കായ ബെർത്തൊലോമിയോ ഒന്നാമനും (ഫയൽ ചിത്രം). 

എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തൊലോമിയോയ്ക്ക് ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

കോൺസ്റ്റാന്റിനോപ്പിളിന്റെ മധ്യസ്ഥനായ വി.അന്ത്രയാസിന്റെ തിരുനാൾ ദിനത്തിലാണ് പാപ്പാ ആശംസ അർപ്പിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നവംബർ മുപ്പതാം തിയതി വി. അന്ത്രയാസിന്റെ തിരുനാൾ ദിനമായി ആചരിക്കപ്പെടുന്നു. ഈ ദിനത്തിൽ എക്യമേനിക്കൽ പാത്രിയർക്കായ ബെർത്തൊലോമിയോയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പാപ്പാ സന്ദേശമയച്ചു. 1964ൽ പോൾ ആറാമൻ പാപ്പായും എക്യമേനിക്കൽ പാത്രിയാർക്കായിരുന്ന അത്തനാഗോറസ്സുമായുമുള്ള കൂടിക്കാഴ്ചയെ കുറിച്ച് സന്ദേശത്തിൽ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. വി. പത്രോസും, അന്ത്രയാസും നമുക്ക് സാഹോദര്യ ഐക്യവും സമാധാനവും നൽകട്ടെ എന്നും പാപ്പാ ആശംസിച്ചു.

60 കൊല്ലങ്ങൾക്കു മുമ്പ് ജെറുസലേമിൽ വച്ച് നടന്ന ആ കൂടിക്കാഴ്ച ആയിരം വർഷങ്ങൾക്കിപ്പുറം ഒരു പാപ്പയും എക്യുമെനിക്കൽ പാത്രിയാർക്കും തമ്മിലുള്ള ആദ്യത്തേ കണ്ടുമുട്ടലായിരുന്നു. ആയിരം വർഷത്തോളം ഉണ്ടായിരുന്ന തെറ്റിധാരണകളും, പരസ്പര വിശ്വാസമില്ലായ്മയും ശത്രുതയും അകറ്റാൻ സഹായിച്ച ഒന്നാണത് എന്ന് ഫ്രാൻസിസ് പാപ്പാ ഇപ്പോഴത്തെ പാത്രിയാർക്ക് ബർത്തോലോമിയോയ്ക്ക് എഴുതി.

ഇരുസഭകളും തമ്മിലുള്ള പൂർണ്ണ ഐക്യത്തിലേക്കെത്തുക എല്ലാ സത്യസന്ധമായ പാതകളും വ്യക്തിപരമായ ബന്ധവും ഒരുമിച്ച് സമയം ചിലവഴിക്കലും വഴിയാണെന്ന് അവരുടെ മാതൃക വരച്ചു കാട്ടുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. അതോടൊപ്പം സൗഹൃദപൂർണ്ണമായ സംവാദം, പ്രാർത്ഥന, മാനവീകതയ്ക്കായുള്ള ഒരുമിച്ച പ്രവർത്തനം എന്നിവയും ക്രൈസ്തവ ശിഷ്യർ തമ്മിലുള്ള വ്യത്യാസങ്ങളെ മറികടക്കാൻ സഹായിക്കും.

ഫ്രാൻസിസ് പാപ്പായ്ക്കും ബർത്തലോമിയോ ഒന്നാമനും തങ്ങളുടെ മുൻഗാമികളുടെ പാത പിൻചെല്ലാൻ ദൈവത്തിന്റെ സഹായത്താൽ കഴിയുന്നതും പാപ്പാ അനുസ്മരിച്ചു. ഒക്ടോബറിൽ നടന്ന സിനഡിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന എക്യുമേനിക്കൽ പ്രാർത്ഥനാ ജാഗരണത്തിൽ പങ്കെടുത്തതിന് പാത്രിയാർക്കിന് പാപ്പാ നന്ദി പറഞ്ഞു. കൂടാതെ സിനഡിന്റെ സമ്മേളനത്തിൽ പങ്കെടുത്ത കോൺസ്റ്റാന്റിനോപ്പിളിലെ പ്രതിനിധി സംഘത്തിനും പാപ്പാ കൃതജ്ഞതയർപ്പിച്ചു.

മരണവും നാശവും വിതയ്ക്കുന്ന യുദ്ധങ്ങൾ അവസാനിക്കാനും രാഷ്ട്രഭരണകൂടങ്ങളും മത നേതാക്കളും സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും മാർഗ്ഗം അവലംബിക്കാനും തീക്ഷ്ണമായി പ്രാർത്ഥിക്കാനും പാപ്പാ അഭ്യർത്ഥിച്ചു. അപ്പോസ്തലരായ പത്രോസിന്റെയും അന്ത്രയാസിന്റെയും പ്രാർത്ഥനകൾ വഴി സാഹോദര്യ ഐക്യവും സമാധാനവും എല്ലാ ജനതകൾക്കും നേടുവാൻ കഴിയട്ടെ എന്നും ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2023, 13:50