2019ൽ ഫ്രാൻസിസ് പാപ്പാ സിറക്കൂസയിലെ കണ്ണുനീർമാതാവിന്റെ തിരുശേഷിപ്പിന്റെ മുന്നിൽ  സാന്താ മാർത്തയിൽ വി കുർബാന അർപ്പിച്ചപ്പോൾ പകർത്തിയ ചിത്രം. 2019ൽ ഫ്രാൻസിസ് പാപ്പാ സിറക്കൂസയിലെ കണ്ണുനീർമാതാവിന്റെ തിരുശേഷിപ്പിന്റെ മുന്നിൽ സാന്താ മാർത്തയിൽ വി കുർബാന അർപ്പിച്ചപ്പോൾ പകർത്തിയ ചിത്രം. 

പാപ്പാ: പരിശുദ്ധ കന്യകയുടെ കണ്ണീർ ദരിദ്രരോടുള്ള ദൈവത്തിന്റെ പ്രത്യേക സ്നേഹത്തിലുള്ള പങ്കുചേരൽ

ഇറ്റലിയിൽ സിറക്കൂസയിലെ കണ്ണുനീർമാതാവിന്റെ 70 ആം വാർഷികം പ്രമാണിച്ച് സിറക്കൂസയിലെ മെട്രൊ പൊളിറ്റൻ ആർച്ച് ബിഷപ്പായ മോൺ. ഫ്രാൻചെസ്കോ ലൊമാന്തോയെ അഭിസംബോധന ചെയ്തു കൊണ്ടു പരിശുദ്ധ പിതാവ് കത്തയച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സിറക്കൂസയുടെ മണ്ണിൽ കന്യകയുടെ കണ്ണിൽ നിന്നും 1953 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്നുവരെ വാൽസല്യത്തോടെ ഒഴുകിയ കണ്ണുനീരിന് 70 വർഷം കഴിഞ്ഞു എന്നു പറഞ്ഞാരംഭിക്കുന്ന കത്തിൽ പരിശുദ്ധ പിതാവ് ആ സംഭവത്തിന്റെ ലഘുചരിത്രം വിവരിക്കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലാണ് ആദ്യ സന്തതിയുടെ വരവും കാത്തിരുന്ന ആഞ്ചലോ ഇയാനുസോയുടേയും അന്തോണീനാ ജുസ്തോയുടെയും എളിയ കുടുംബത്തിൽ കട്ടിലിന് തലയ്ക്ക് വച്ചിരുന്ന കന്യകയുടെ രൂപത്തിൽ നിന്ന് കണ്ണുനീർ വാർന്നത്. അന്നു മുതൽ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള രോഗികൾ, പ്രായമായവർ, ദുരിതമനുഭവിക്കുന്നവർ, സഭാ സമൂഹങ്ങൾ എന്നിവരിലേക്കെത്തുന്ന ദൈവത്തിന്റെയും നമ്മുടെയും അമ്മയായ മറിയത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമായി ആ കണ്ണീർ സിറക്കൂസയിലെ സഭ കാത്തു സൂക്ഷിച്ചു എന്ന് പരിശുദ്ധ പിതാവ് കത്തിൽ രേഖപ്പെടുത്തി.  മറിയത്തിന്റെ കണ്ണുനീർ അവിടുത്തെ മക്കളായ നമുക്കു വേണ്ടി, നമ്മുടെ മാനസാന്തരം അത്യധികമായി ആഗ്രഹിക്കുന്ന, നമ്മെ കാത്തിരിക്കുന്ന എല്ലാം പൊറുക്കുന്ന ദയാപരനായ പിതാവിന്റെ ക്ഷമയിലും  കർത്താവിന്റെ കരുണാർദ്ര സ്നേഹത്തിലുമൊക്കെയുള്ള അവളുടെ പങ്കുചേരലാണ് എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ കടമെടുത്തു കൊണ്ട് ആ കണ്ണുനീരിന്റെ നിഗൂഢമായ ഭാഷ മനസ്സിലാക്കാൻ മനുഷ്യർക്കാവുമോ എന്ന് പാപ്പാ ചോദിച്ചു. സിറക്കൂസയിലെ സഭ ആചരിക്കുന്ന മരിയൻ വർഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാപ്പാ അവിടെ എഴുപത് വർഷം മുമ്പു നടന്ന സംഭവത്തിൽ കർത്താവിന് ദരിദ്രരോടുള്ള പ്രത്യേക സ്നേഹത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് കർത്താവിന്റെ മണവാട്ടിയായ സഭയ്ക്ക് ഈ പ്രത്യേക സ്നേഹത്തോടു താദാത്മ്യം പ്രാപിക്കാതിരിക്കാനാവില്ല എന്നും ചൂണ്ടിക്കാണിച്ചു. ജീവന്റെയും സ്നേഹത്തിന്റെയും കേന്ദ്രമായ കുടുംബ പശ്ചാത്തലത്തിൽ നടന്ന ആ കണ്ണുനീർ വാർക്കൽ സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാന ഘടകമായ വിവാഹത്തിലധിഷ്ഠിതമായ കുടുംബ ബന്ധങ്ങളെ പ്രോൽസാഹിപ്പിക്കുന്നതുമാണ്, പാപ്പാ സൂചിപ്പിച്ചു.

ഇന്നും ബലഹീനർ വിവേചനം നേരിടുമ്പോഴും, അക്രമവും യുദ്ധവും നിരപരാധികളെ ഇരയാകുമ്പോഴും അമ്മ കണ്ണീർ പൊഴിച്ചു കൊണ്ടിരിക്കുന്നു എന്നും ഇന്നത്തെ യുദ്ധ പശ്ചാത്തലങ്ങളിൽ സമാധാനത്തിന്റെ രാജ്ഞിയും സാന്ത്വനവുമായ മറിയത്തിന്റെ മധ്യസ്ഥം മടുക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനത്തിന്റെയും ക്ഷമയുടെയും പാത പിൻതുടരുവാനും രോഗികളും, ഏകാന്തരും, ഉപേക്ഷിക്കപ്പെട്ടവരുമായവർക്ക് സമീപസ്ഥരായിരിക്കുവാനുമുള്ള മാതാവിന്റെ അഭിലാഷം വിശ്വാസികൾക്ക് പ്രേരണയായി മാറണമെന്നും പാപ്പാ പറഞ്ഞു. ഈ വാർഷികാഘോഷം സിറക്കൂസയിലുടനീളം ഏറ്റവും വലിയ കൃപയായി മറിയം ചൂണ്ടിക്കാണിക്കുന്ന കർത്താവായ യേശുക്രിസ്തുവിനോടു കൂടുതൽ അനുരൂപരാകാൻ ഇടയാക്കട്ടെ എന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. അങ്ങനെ സാക്ഷ്യം കൊണ്ടും പ്രത്യാശ കൊണ്ടും പിന്തുണയ്ക്കുന്ന വിശ്വാസം പുനരുജ്ജീവിപ്പിക്കുകയും ദാനധർമ്മം പരിശീലിക്കുകയും ചെയ്യാൻ ഇടയാകട്ടെ എന്ന് പാപ്പാ പ്രാർത്ഥിച്ചു. പരിശുദ്ധ അമ്മ അവരെ പിന്തുണയ്ക്കാൻ പ്രാർത്ഥന ചൊല്ലി കൊണ്ടാണ് പരിശുദ്ധ പിതാവ് കത്ത് അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2023, 14:04