തിരയുക

യൂണിത്താൽസി സന്നദ്ധപ്രവർത്തകർക്കും രോഗികൾക്കുമിടയിൽ ഫ്രാൻസിസ് പാപ്പാ യൂണിത്താൽസി സന്നദ്ധപ്രവർത്തകർക്കും രോഗികൾക്കുമിടയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

മരിയൻ തീർത്ഥാടനം, രോഗികൾക്ക് ആശ്വാസത്തിന്റെ തൈലം: ഫ്രാൻസിസ് പാപ്പാ

രോഗികളും ദുർബലരുമായ ആളുകൾക്ക് ലൂർദ്ദിലേക്ക് തീർത്ഥാടനസൗകര്യമൊരുക്കുന്ന ഇറ്റലിയിലെ യൂണിത്താൽസി (UNITALSI) എന്ന സംഘടനാംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ, അവരേകുന്ന സഹായത്തിന് നന്ദി പറഞ്ഞ് പാപ്പാ. കാരുണ്യപ്രവർത്തികളിലൂടെ സുവിശേഷമറിയിക്കുന്ന സഭയെയാണ് സംഘടന പ്രതിനിധാനം ചെയ്യുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദുർബലരായ ആളുകൾക്ക് സഹായമെത്തിക്കുകയും, അവരെ പരിചരിക്കുകയും, കാരുണ്യപ്രവർത്തികളിലൂടെ സുവിശേഷമറിയിക്കുകയും ചെയ്യുന്ന ഒരു സഭയുടെ മുഖമാണ് യൂണിത്താൽസി എന്ന് ഫ്രാൻസിസ് പാപ്പാ. സുഖസൗകര്യങ്ങളുടെയും, കാര്യക്ഷമതയുടെയും പേരിൽ ദുർബലവിഭാഗങ്ങളെ തള്ളിക്കളയുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, ഇത്തരം മനുഷ്യർക്ക് നൽകുന്ന സേവനങ്ങൾ തുടരാൻ സംഘടനാംഗങ്ങളോട് പാപ്പാ ആവശ്യപ്പെട്ടു.

യൂണിത്താൽസി സംഘടനാസ്ഥാപകൻ ജ്യോവന്നി ബത്തിസ്ത്ത തോമാസിയുടെ ആദ്യ ലൂർദ്ദ് തീർത്ഥാടനവും സൗഖ്യവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, ഇന്നും, സംഘടന ഒരുക്കുന്ന തീർത്ഥാടനങ്ങൾ അംഗവൈകല്യമുള്ളവരും, രോഗികളും, വയോധികരും, പാവപ്പെട്ടവരുമായ ആളുകൾക്ക് അവരുടെ മുറിവുകളിൽ ആശ്വാസത്തിന്റെ തൈലമായി മാറുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ഇവ ജീവന്റെയും സൗഖ്യത്തിന്റെയും യാത്രകളായി മാറുന്നുണ്ടെന്നും, ഏതൊരാവസ്ഥയിലുമുള്ള മനുഷ്യരുടെയും അന്തസ്സിനെ ഈ തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. തന്റെമേൽ നമ്മുടെ രോഗങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങാനെത്തിയ ക്രിസ്തുവിന്റെ മുഖമാണ് തീർത്ഥാടനങ്ങളിൽ പ്രതിഫലിക്കുന്നത്.

ഇതുപോലെയുള്ള തീർത്ഥാടനയാത്രകളിൽ, മറ്റുള്ളവരെ സ്വീകരിക്കുന്നതിന്റെയും, ആതിഥേയത്വത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, രോഗികളെയും, ആരോഗ്യമുള്ളവരെയും, വയോധികരെയും, ചെറുപ്പക്കാരെയും, സമർപ്പിതരെയും അൽമായരെയും ഉൾക്കൊള്ളിച്ചുകൊണ്ട് യൂണിത്താൽസി സംഘടിപ്പിക്കുന്ന തീർത്ഥാടനങ്ങൾ, ഒരുമിച്ച് സഞ്ചരിക്കുകയും, ആരെയും ഒഴിവാക്കാതെ പോവുകയും ചെയ്യുന്ന ഒരു സഭയുടെ അടയാളമായി മാറുന്നുണ്ടെന്നു പറഞ്ഞു.

പ്രധാനമായും ഇറ്റലിക്കുള്ളിൽ പ്രവർത്തിക്കുന്ന യൂണിത്താൽസി സംഘടനയുടേത്, വാക്കുകളിൽ മാത്രം ഒതുങ്ങാതെ, പ്രവർത്തിയിൽ അടിസ്ഥാനമിട്ട നിശബ്ദമായ സേവനനമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. ദൈവവചനം നിങ്ങളുടെ പോഷണവും താങ്ങുവടിയുമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പരിശുദ്ധ അമ്മയിൽ ആശ്രയിച്ച് മുന്നോട്ട് പോകുവാൻ സംഘടനാംഗങ്ങളെ ആഹ്വാനം ചെയ്ത പാപ്പാ, മാതാവിന്റെ കാൽക്കൽ, എല്ലാ സങ്കടങ്ങളും, വേദനകളും സമർപ്പിക്കുവാൻ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുമസിന് ഒരുക്കമായുള്ള ഈ ദിനങ്ങളിൽ പരിശുദ്ധ അമ്മ കൂടുതൽ സമീപസ്ഥയാണെന്ന് നമുക്ക് അനുഭവപ്പെടുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അമ്മയെ പിന്തുടർന്ന്, അവളാൽ നയിക്കപ്പെട്ട്, ദൈവികപദ്ധതികൾക്ക് സമ്മതമേകാൻ അവളിൽനിന്ന് പഠിച്ച്, ദുർബലരെയും ചെറിയവരെയും സംരക്ഷിച്ച് മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്‌തു.

ഡിസംബർ 14 വ്യാഴാഴ്ചയാണ് യൂണിത്താൽസി സംഘടനാംഗങ്ങൾക്കും അവർക്കൊപ്പമെത്തിയ സന്നദ്ധപ്രവർത്തകർക്കും രോഗികൾക്കും വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2023, 16:08