തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

തൊഴിൽമേഖലയിലെ അസ്ഥിരത വ്യക്തികളുടെ അന്തസ്സിന് മുറിവേൽപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

"തൊഴിൽദിനം: തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ഒരു തൊഴിലിടം" എന്ന പേരിൽ "ഇറ്റലിക്കാരായ തൊഴിലാളികളുടെ ക്രൈസ്‌തവ അസോസിയേഷനുകൾ" സംഘടിപ്പിച്ച രണ്ടാം സമ്മേളനത്തിലേക്ക് നൽകിയ സന്ദേശത്തിൽ, തൊഴിലിടങ്ങളിൽ യുവജനങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതി. തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന ശൂന്യതയും അസ്ഥിരതയും ജീവിതത്തിൽ ഒന്നും സ്ഥിരമല്ലെന്ന ചിന്തയിലേക്ക് യുവജനങ്ങളെ നയിക്കുന്നുവെന്നും, അവരുടെ അന്തസ്സിന് കോട്ടമേൽപ്പിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആളൊഴിഞ്ഞ തൊഴിലിടങ്ങൾ "ശൂന്യതയുടെ" അനുഭവം ഉളവാക്കുമ്പോൾ, സജീവമായ തൊഴിലിടങ്ങൾ ഓടിനടന്ന് ജോലിയിലേർപ്പെട്ടിരിക്കുന്ന ആളുകളുടെ "ധൃതിപിടിച്ച ഓട്ടമാണ്" കാണിച്ചുതരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. "തൊഴിൽദിനം: തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ഒരു തൊഴിലിടം" എന്ന പേരിൽ "ഇറ്റലിക്കാരായ തൊഴിലാളികളുടെ ക്രൈസ്‌തവ അസോസിയേഷനുകൾ" സംഘടിപ്പിച്ച രണ്ടാം സമ്മേളനത്തിലേക്ക് കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ എഴുതിയത്.

തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതും, ജോലിസ്ഥിരത ഉറപ്പില്ലാത്തതും വ്യക്തികളുടെ അന്തസ്സിന് മുറിവേൽപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. കുടുംബരൂപീകരണം, മക്കൾക്ക് ജന്മം നൽകുന്നത്, തുടങ്ങിയ സുപ്രധാന തീരുമാനങ്ങളെ മുൾമുനയിൽ നിറുത്താൻ ഇതുപോലെയുള്ള അവസ്ഥകൾ കാരണമാകുമെന്ന് പാപ്പാ വിശദീകരിച്ചു. എന്നാൽ തൊഴിൽ മേഖലകളിലേക്ക് എത്തിച്ചേരുന്ന വഴികളിലുള്ള അസ്ഥിരതയും, സാമ്പത്തികഭദ്രതക്കുറവും, പലരും തൊഴിലധിഷ്ഠിതവിദ്യാഭ്യാസമേഖലകളിൽനിന്ന് മാറുവാൻ കാരണമാകുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരം അനുഭവങ്ങൾ മുതിർന്ന തലമുറകളിൽനിന്ന് ചെറുപ്പക്കാരിലേക്ക് തെറ്റായ ധാരണകളാണ് പകരുന്നത്. ജീവിതത്തിൽ ഒന്നും സ്ഥിരമല്ല എന്ന ഒരു ചിന്തയാണ് പലപ്പോഴും തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന ശൂന്യത ആളുകൾക്ക് പകരുന്നത്.

ജീവിതത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാൻ അനുവദിക്കാത്ത തരത്തിൽ, നിശ്ചിതകാലത്തേക്കുമാത്രമായുള്ള കരാറുകൾ, കുറഞ്ഞ ശമ്പളം, തൊഴിൽ സംരക്ഷണം ഇല്ലായ്മ തുടങ്ങിയവ, തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന ശൂന്യതയുടെ തടവറയിൽനിന്ന് പുറത്തേക്കിറങ്ങാൻ നമ്മെ അനുവദിക്കാത്ത മതിലുകളാണ് തീർക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം അരക്ഷിതാവസ്ഥയിൽനിന്ന് യുവജനങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രസ്ഥാനങ്ങളുടെയും ആളുകളുടെയും ആവശ്യമുണ്ടെന്നും, ഇത്തരുണത്തിൽ "തൊഴിൽദിനം" പോലെയുള്ള പദ്ധതികൾ തനിക്ക് പ്രിയപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.

അതേസമയം, സജീവമായ തൊഴിലിടങ്ങൾ ശൂന്യത അനുഭവപ്പെടുന്ന ഒഴിഞ്ഞ തൊഴിലിടങ്ങളിൽനിന്ന് വിഭിന്നമായ അനുഭവമാണ് നൽകുന്നതെന്ന് പറഞ്ഞ പാപ്പാ, അവിടെ തൊഴിലിൽ ഏർപ്പെട്ട് ധൃതിയിൽ ഓടിനടക്കുന്ന ആളുകളെയാണ് നമുക്ക് കാണാൻ സാധിക്കുകയെന്ന് ഓർമ്മിപ്പിച്ചു. പലപ്പോഴും മതിയാകാത്ത സമയവും, കൂടുതൽ ആവശ്യങ്ങളും കാരണം ആളുകളെ ശ്വാസം മുട്ടിക്കുന്ന നിരന്തരമായ സമ്മർദ്ധവും, ലാഭത്തിന് വേണ്ടി എല്ലാം ത്യാഗം ചെയ്യുന്ന മനോഭാവവുമാണ് പല ജോലിയിടങ്ങളിലും ഉള്ളതെന്ന് പാപ്പാ പറഞ്ഞു. കച്ചവടവത്കരിക്കപ്പെട്ട ഒരു തൊഴിൽ മേഖലയാണ് ഇന്നുള്ളതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പലയിടങ്ങളിലും നിയമാനുസൃതമല്ലാതെയും, നിയമവിരുദ്ധമായും ഉള്ള ജോലികളും, മനുഷ്യസാന്നിദ്ധ്യം ആവശ്യമില്ലാത്തതാക്കുന്ന ആധുനികസാങ്കേതികവിദ്യകളുടെ ഉപയോഗവും, മനുഷ്യത്വരഹിതമായ ജോലിമേഖലകളും ജോലിയുടെ സുരക്ഷിതത്വവും സ്ഥിരതയും അപകടത്തിലാക്കുന്നുണ്ട്.

തൊഴിൽമേഖലകളിലെ അസ്വസ്ഥതകൾ നിലനിൽക്കുമ്പോഴും, തൊഴിൽ, പ്രത്യാശ വളർത്തുന്ന ഒന്നാണെന്ന് പാപ്പാ പറഞ്ഞു. ഈ പ്രത്യാശ, സാഹചര്യങ്ങൾ അനുസരിച്ചുള്ള ശുഭാപ്തിവിശ്വാസമെന്നതിനേക്കാൾ, പങ്കാളിത്തത്തോടെയും, പ്രതിബദ്ധതയോടെയും പൊതുനന്മ വളർത്തിയെടുക്കുന്നതിലൂടെ നേടിയെടുക്കുന്നതാണെന്ന് പാപ്പാ വിശദീകരിച്ചു. അങ്ങനെ തൊഴിൽ പ്രത്യാശ വളർത്തുന്ന ഒന്നായി മരുന്ന്. അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് ആശങ്ക പുലർത്തുന്നതിനേക്കാൾ നല്ലത്, മറ്റുള്ളവർക്കുവേണ്ടി അധ്വാനിക്കുന്നതാണ്. തൊഴിൽ പ്രത്യാശയുടെയും സ്വപ്നങ്ങളുടെയും ഒരു തൊഴിലിടമാകട്ടെയെന്നും, തൊഴിൽ വസ്തുക്കൾ ഉണ്ടാക്കുന്ന ഇടമെന്നതിനേക്കാൾ, അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരിടമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

സഭ ഉൾപ്പെടെ, വിവിധ മേഖലകളിലെ ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട്, യുവജനങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യവത്കരിക്കാനും, അവരെന്നെ മൂല്യത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാനും, "ക്രൈസ്‌തവ അസോസിയേഷനുകൾ" നടത്തുന്ന ഇതുപോലെയുള്ള സംരംഭങ്ങൾക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. പ്രത്യാശയുടെ തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്ത പാപ്പാ, അന്തസ്സുള്ള തൊഴിൽ ഏവർക്കും ലഭ്യമാകാൻ ഇത് കാരണമാകട്ടെയെന്ന് ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2023, 17:30