2015 ൽ ആഫ്രിക്കയിലേക്കുള്ള അപ്പോസ്തോലിക യാത്രയിൽ ഫ്രാൻസിസ് പാപ്പാ. 2015 ൽ ആഫ്രിക്കയിലേക്കുള്ള അപ്പോസ്തോലിക യാത്രയിൽ ഫ്രാൻസിസ് പാപ്പാ. 

പാപ്പാ: പ്രത്യാശയുടെ അടയാളവും സമാധാനപൂർവ്വമായ സഹവർത്തിത്വത്തിന്റെ ഉറച്ച അടിത്തറയുമാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം

ഡിസംബർ 7 മുതൽ 10 വരെ അബിജാനിൽ നടക്കുന്ന കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ഒന്നാം ആഫ്രിക്കൻ സമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പുവച്ച സന്ദേശം മതങ്ങളുടെയും സമൂഹങ്ങളുടേയും അന്തർദ്ദേശീയ സംഘടനയായ KIGALI യുടെ സഹാധ്യക്ഷൻമാരായ മോൺ. ഫിലിപ്പർ റുക്കുമ്പയെയും, ഡോം ബെർണാർഡ് ലോറെൻറിനേയും അഭിസംബോധന ചെയ്തു കൊണ്ടാണ് ആരംഭിക്കുന്നത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആദ്യത്തെ ഈ സമ്മേളനത്തിനും വിദ്യാഭ്യാസത്തിനുള്ള ഉടമ്പടിയിലും പാപ്പായ്ക്കുള്ള സന്തോഷം പങ്കുവച്ച കർദ്ദിനാൾ കഴിഞ്ഞ ജൂൺ ഒന്നിന് വത്തിക്കാനിൽ അവതരിപ്പിച്ച ഈ വിദ്യാഭ്യാസ ഉടമ്പടി ആഫ്രിക്കയിൽ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയുടെ പുതിയ ഒരു കാലം പിറക്കുന്നതിന്റെ അടയാളമാണെന്നറിയുന്നതിലുള്ള പാപ്പായുടെ ചാരിതാർത്ഥ്യവും രേഖപ്പെടുത്തി. ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി കൂടുതൽ പ്രാദേശികമായ ഒരു യാഥാർത്ഥ്യമായി തീരട്ടെ എന്നും സ്വന്തം പ്രാദേശിക യഥാർത്ഥ്യങ്ങളിൽ നിന്നും സാംസ്കാരിക സമ്പത്തിൽ നിന്നും വിചിന്തനം ആരംഭിച്ച് അവിടത്തെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

മറ്റിടങ്ങളിലെന്നപോലെ മനുഷ്യന്റെ സമ്പൂർണ്ണതയെ കണക്കിലെടുക്കാതെ അവന്റെ ബുദ്ധിയെ മാത്രം രൂപീകരിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെ പ്രതിസന്ധിയിൽ ആഫ്രിക്ക സുരക്ഷിതമല്ല എന്ന്  വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് കത്തോലിക്കാ വിദ്യാഭ്യാസത്തിന് കൂടുതൽ തുറവും, എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു നവീന രൂപീകരണ രീതി വഴി യുവജനങ്ങളിൽ  ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ഒരു നല്ല പൊരുത്തം സൃഷ്ടിക്കാൻ കഴിയും എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കൂടാതെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സാമൂഹിക- സാംസ്കാരിക മൂല്യങ്ങളിൽ ഊന്നി എന്നാൽ മറ്റു സംസ്കാരങ്ങളും മതങ്ങളുമായും സംവാദിക്കാൻ കഴിവുള്ള ഒരു തലമുറ രൂപീകരിക്കാനും ഇത് സഹായിക്കും. കത്തോലിക്കാ വിദ്യാഭ്യാസം യുവാക്കളിൽ അവരുടെ ആഫ്രിക്കൻ സ്വത്വം നിറയ്ക്കുമ്പോൾ അതോടൊപ്പം ജീവിതത്തിന്റെ അർത്ഥമായി യേശു ക്രിസ്തുവിനെ കാണിച്ചു കൊടുക്കാനുള്ള കടമ മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ കത്തോലിക്കാ വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്നവർ സുവിശേഷം അവരുടെ ജീവിതവുമായി സംവദിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതരാകേണ്ടതുണ്ട്. അങ്ങനെ അവരുടെ മാതൃകാപരമായ ജീവിതം വിദ്യാർത്ഥികൾക്ക് മാനുഷികവും ആത്മീയവുമായ വളർച്ചയെ സഹായിക്കുന്നതായി മാറും.

കത്തോലിക്കാ വിദ്യാഭ്യാസം വഴി സ്വാർത്ഥതയിലേക്ക് നയിക്കുന്ന മാത്സര്യത്തിലേക്കല്ല മറിച്ച് സാമൂഹിക ചൈതന്യത്തിലേക്കും ഐക്യദാർഢ്യത്തിലേക്കും അവരെ നയിക്കാൻ വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്നവരെ പാപ്പാ പ്രത്യേകം ക്ഷണിച്ചു. യുവാക്കളെ ക്രിയാത്മകമായ തിരഞ്ഞെടുപ്പിനും, നാളെയ്ക്കു വേണ്ടി തീരുമാനമെടുക്കുന്നവരാക്കാനും, കൂടുതൽ സാഹോദര്യവും, എല്ലാവർക്കും സേവനവും, പൊതുനന്മയെ ബഹുമാനിക്കുന്നവരുമാകാൻ കഴിവുള്ളവരാക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. സത്യത്തിൽ ഗുണ നിലവാരമുള്ള വിദ്യാഭ്യാസം പ്രത്യാശയുടെ അടയാളവും ആഫ്രിക്കയ്ക്ക് ഇന്നാവശ്യമായ സമാധാനപൂർവ്വമായ സഹവർത്തിത്വത്തിന്റെ ഉറച്ച അടിത്തറയുമാണ് പാപ്പാ അറിയിച്ചു.

അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടും ആഫ്രിക്കയിലെ യുവജനങ്ങളുടെ രൂപീകരണത്തിനായുള്ള അവരുടെ അതിലോലമായ ദൗത്യത്തിന് ശക്തി പകരാൻ പരിശുദ്ധാത്മാവിന്റെ കൃപകൾ യാചിച്ചു കൊണ്ടും അവർക്ക് ആശീർവ്വാദം നൽകി കൊണ്ടുമാണ് പരിശുദ്ധ പിതാവ് സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2023, 14:24