ഫ്രാൻസിസ് പാപ്പാ - പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ - പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

ചൈനയിലെ ഭൂകമ്പത്തിന്റെ ഇരകൾക്ക് പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ ദിവസം ചൈനയിലെ രണ്ടു പ്രവിശ്യകളിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവർക്ക് സാമീപ്യമറിയിച്ചും അനുഗ്രഹാശംസകളേകിയും ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ചൈനയിലെ ഗാൻസു, ഷിൻഹായ്‌ പ്രവിശ്യകളിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ നേർന്നു. ഡിസംബർ 20 ബുധനാഴ്ച വത്തിക്കാനിൽ പതിവുപോലെ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിൽ സംസാരിക്കവെയാണ് ഈ പ്രകൃതിദുരന്തം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ പാപ്പാ അനുസ്‌മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഗാൻസു, ഷിൻഹായ്‌ പ്രവിശ്യകളിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവരെയും, പരിക്കേറ്റവരെയും താൻ അനുസ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ഈ വിഷമാവസ്ഥയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളോട് താൻ പ്രാർത്ഥനയുടെയും സ്നേഹത്തോടെയും സമീപസ്ഥനാണെന്ന് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പിന്തുണ വാഗ്ദാനം ചെയ്ത പാപ്പാ, വേദനയിൽ സാന്ത്വനവും ആശ്വാസവും നൽകുന്നതിനായി, ഏവർക്കും സർവ്വേശ്വരന്റെ അനുഗ്രഹങ്ങൾ നേരുകയും ചെയ്തു.

തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഗാൻസു, ഷിൻഹായ്‌ പ്രവിശ്യകളിലെ പർവ്വതപ്രദേശങ്ങളിൽ, റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏതാണ്ട് 118 പേർ മരിക്കുകയൂം നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത ശൈത്യകാലമായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായി തുടരുന്നു. ഗാൻസു പ്രദേശത്താണ് കൂടുതൽ ആളുകൾ മരിച്ചത്. ഏതാണ്ട് 105 പേർ മരിച്ചതായും നാനൂറോളം പേർക്ക് പരിക്കേറ്റതായുമാണ് വാർത്ത. ഷിൻഹായ്‌ പ്രവിശ്യയിൽ 13 പേർ മരിക്കുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2023, 17:35