തിരയുക

കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന്റെ പ്രതിനിധികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന്റെ പ്രതിനിധികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ   (VATICAN MEDIA Divisione Foto)

ഐക്യത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുക: ഫോക്കുലർ സംഘടനാംഗങ്ങളോട് ഫ്രാൻസിസ് പാപ്പാ

കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന്റെ എൺപതാം സ്ഥാപകവാർഷികദിനത്തിൽ ബന്ധപ്പെട്ട് സംഘടനയുടെ പ്രതിനിധികളെ, വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, സഭാപരമായ പക്വതയിൽ വളരാനും, തങ്ങളുടെ വിളിയോട് വിശ്വസ്തരായിരിക്കാനും, സമാധാനത്തിനായി പ്രവർത്തിക്കാനും ഏവരോടും ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന്റെ എൺപതാം സ്ഥാപകവാർഷികദിനവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രതിനിധികളെ, ഡിസംബർ 7 വ്യാഴാഴ്ച, വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, പരിശുദ്ധ അമ്മ ദൈവത്തിന് നൽകിയ ഉത്തരം പോലെ, ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിച്ച ദൈവദാസി ക്യാര ലൂബിക്കിന്റെ ജീവിതം, ലോകമെങ്ങും പരന്ന ഒരു ആദ്ധ്യാത്മികതതരംഗത്തിനാണ് തുടക്കം കുറിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു. ഐക്യത്തിൽ അധിഷ്ഠിതമായി സുവിശേഷം ജീവിക്കുക എന്ന സന്ദേശമാണ് ദൈവദാസിയുടെ ജീവിതം മുന്നോട്ട് വച്ചത്. മതൈക്യവേദികളും, മതാന്തരസംവാദവേദികളും ഉൾപ്പെടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ എൺപത് വർഷങ്ങളിൽ ക്യാര ലൂബിക്കിന്റെ സന്ദേശം പരത്താൻ സംഘടനയ്ക്ക് കഴിഞ്ഞുവെന്നത് പാപ്പാ അനുസ്‌മരിച്ചു. അതുവഴി, ധാരാളം ദൈവവിളികൾക്കും, നിരവധി ആളുകൾക്ക് വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവിനും, പരിവർത്തനത്തിനും കാരണമാകാൻ കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നതും പാപ്പാ എടുത്തുപറഞ്ഞു.

2021-ഫെബ്രുവരി ആറിന്, കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന്റെ പൊതുസമ്മേളനത്തിലേക്ക് നൽകിയ സന്ദേശത്തിൽ, ഊർജ്ജസ്വലതയോടെ തങ്ങളുടെ സിദ്ധിയോട് വിശ്വസ്തതയോടെ ജീവിക്കുക, പ്രതിസന്ധികളുടെ നിമിഷങ്ങളെ പക്വത പ്രാപിക്കാനുള്ള അവസരങ്ങളായി മാറ്റുക, ഫോക്കുലർ ആധ്യാത്മികതയെ യാഥാർത്ഥ്യബോധത്തോടും സമന്വയത്തോടും കൂടി ഉൾക്കൊള്ളുക എന്നീ മൂന്ന് നിലപാടുകൾ സ്വീകരിക്കുന്നതിന് താൻ ആഹ്വാനം ചെയ്തിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവയനുസരിച്ച് ജീവിക്കാൻ, സഭാപരമായ പക്വത, സംഘടനാസിദ്ധിയോടുള്ള വിശ്വസ്‌തത, സമാധാനത്തിനായുള്ള പ്രതിബദ്ധത എന്നീ സഹായിക്കുമെന്ന് പാപ്പാ സംഘടനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

സഭാപരമായ പക്വത ഉറപ്പാകുന്നതിനുവേണ്ടി, പൂർണ്ണമായും സിനഡലും, പ്രേഷിതയുമായ ഒരു സഭ എന്ന സ്വപ്‌നത്തിനുവേണ്ടി പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പൊതുവായ ഉത്തരവാദിത്വവും പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയിൽ സമൂഹജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ പാപ്പാ ആവശ്യപ്പെട്ടു. കൂടുതൽ ബലഹീനരായ അംഗങ്ങളുടേത് ഉൾപ്പെടെയുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത്, ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ഫോക്കുലാർ പ്രസ്ഥാനം മുന്നോട്ട് പോകേണ്ടത്.

സംഘടനാസിദ്ധിയോടുള്ള വിശ്വസ്‌തതയുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, സുവിശേഷസന്ദേശം നൽകിക്കൊണ്ട് കടന്നുപോകുവാൻ സംഘടനാംഗങ്ങളോട് ദൈവദാസി ക്യാര ലൂബിക്ക് ആവശ്യപ്പെട്ടത് ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്ക് ക്രിസ്‌തുവെന്ന സുവിശേഷം പകർന്നുകൊണ്ട്, ഏവരും ഒന്നായിരിക്കുന്നതിനായി പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്‌തു.

സമാധാനത്തിനായുള്ള പ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കവെ, 1943 ഡിസംബർ 7-ന്, ലോകമഹായുദ്ധത്തിന്റെ സമയത്ത്, യേശുവിന്റെ വചനം പൂർത്തിയാകാൻവേണ്ടിയാണ് ദൈവദാസി തന്റെ ജീവിതം സമർപ്പിച്ചതെന്ന് പാപ്പാ അനുസ്‌മരിച്ചു. എന്നാൽ ഇന്നും ലോകം വിവിധ സംഘർഷങ്ങളാലും, കലഹങ്ങളാലും നിറഞ്ഞ ഇടമായിരിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സൃഷ്ടാക്കളെ ഇന്ന് ലോകത്തിന് ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു. സ്നേഹമാവുകയും, സ്നേഹം പകരുകയുമാണ് കത്തോലിക്കാ ഫോക്കുലർ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി ക്യാര ലൂബിക്ക് മുന്നോട്ട് വച്ചതെന്ന് പാപ്പാ എടുത്തുപറഞ്ഞു.

ലൗകികത നിറഞ്ഞ ആദ്ധ്യാത്മികതയുടെ മുന്നിൽ ജാഗ്രതയോടെ ജീവിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടു. നാം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് ഏറ്റവും മോശമായ എതിർസാക്ഷ്യമെന്ന് പാപ്പാ പറഞ്ഞു. ഐക്യത്തിന്റെ അപ്പസ്തോലരായി, സഭയുടെയും മാനവികതയുടെയും സേവനവുമായി മുന്നോട്ട് പോകാൻ ഏവർക്കും സാധിക്കട്ടെയെന്നും, പരിശുദ്ധ അമ്മ ഇതുവരെയെന്നപോലെ, ഇനിയും സംഘടനാംഗങ്ങൾക്ക് തുണയായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2023, 16:44