വത്തിക്കാനിലെ ജോലിക്കാർക്കും കുടുംബങ്ങൾക്കുമൊപ്പം പാപ്പാ വത്തിക്കാനിലെ ജോലിക്കാർക്കും കുടുംബങ്ങൾക്കുമൊപ്പം പാപ്പാ  (VATICAN MEDIA Divisione Foto)

യേശു നമ്മോടൊപ്പം എളിമയിൽ സഹവസിക്കുന്നു: ഫ്രാൻസിസ് പാപ്പാ

വത്തിക്കാനിലെ ജോലിക്കാരായ സമർപ്പിതർക്കും, അൽമായർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുവദിച്ച കൂടിക്കാഴ്ചയിൽ, ക്രിസ്തുവിന്റെ, ജനനത്തിന്റെയും സാന്നിധ്യത്തിന്റെയും പ്രത്യേകതകളിലേക്ക് വെളിച്ചം വീശി ഫ്രാൻസിസ് പാപ്പാ. എളിമയോടെ ,നമ്മിലൊരുവനായാണ് അവൻ ഈ ഭൂമിയിലേക്ക് കടന്നുവരുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അധികാരത്തോടും ശക്തിയോടും കൂടെ മനുഷ്യരുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതല്ല ക്രിസ്തുവിന്റെ ശൈലിയെന്ന്‌ ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ജോലിചെയ്യുന്ന ആളുകൾക്ക് ഡിസംബർ 21 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയുടെ അവസരത്തിലാണ്, ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ക്രിസ്തുവിൽ നാം കാണുന്ന ലാളിത്യത്തെക്കുറിച്ചും, എളിമയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചത്.

മറ്റുള്ളവരുടെ മുന്നിൽ പ്രധാനപ്പെട്ടവരല്ലാതിരുന്ന ജോസഫിന്റെയും മേരിയുടെയും മകനായി ജനിക്കുന്ന ഒരു ശിശുവായി, എളിമയിൽ അവൻ മറഞ്ഞിരിക്കുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒരു പുൽക്കൂടിന്റെ ദാരിദ്ര്യത്തിലാണ് അവനു ജനിക്കേണ്ടിവന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രത്യേകതകൾ ഇവിടെ നമുക്ക് കണ്ടെത്താമെന്ന് പാപ്പാ പറഞ്ഞു. അവൻ ചെറിയവരുടെയും ഒന്നുമല്ലാത്തവരുടെയും ദൈവമാണ്. സ്വർഗ്ഗത്തിലേക്കുള്ള പാത, മറ്റുള്ളവർക്ക് മുന്നിൽ കാണിക്കുവാൻവേണ്ടി ചെയ്യുന്ന കൃത്രിമമായ മതപരതയല്ലെന്നും, കുട്ടികളെപ്പോലെ ചെറുതാകുന്നതിന്റെ പാതയാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പലപ്പോഴും അനുദിനജീവിതത്തിൽ മറ്റുള്ളവരുടെ മുന്നിൽ വരാതെ, അപ്രധാനമെന്നു തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് നിങ്ങൾ കരുതിയേക്കാമെങ്കിലും, സഭയ്ക്കും സമൂഹത്തിനും ഒരു സേവനമാണ് നിങ്ങൾ ചെയ്യുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഹപ്രവർത്തകർക്ക് ക്രൈസ്തവസാക്ഷ്യം നൽകിക്കൊണ്ട്, കൃതജ്ഞതയോടെയും, ശാന്തതയോടെയും, വിനയത്തോടെയും നിങ്ങളുടെ പ്രവൃത്തികൾ തുടരുവാൻ സാധിക്കട്ടെയെന്നാണ് പാപ്പാ ആശംസിച്ചു.

പുൽക്കൂടുകളുടെ ലാളിത്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, നന്മ വളരുന്നത് ശബ്ദകോലാഹലങ്ങളോടെയല്ല, നിശബ്ദമായാണെന്ന് ഓർമ്മിപ്പിച്ചു. നന്മയായ ദൈവമാണ് സമാധാനവും, ഹൃദയത്തിൽ ആനന്ദവും പകരുന്നതെന്ന് പരിശുദ്ധപിതാവ് എടുത്തുപറഞ്ഞു.

സമൂഹത്തിന് മുന്നിൽ കാണപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ലോകത്ത്, ക്രിസ്തുവിന്റെ, സ്വയം മറഞ്ഞിരിക്കുന്നതും, ചെറുതാകുന്നതുമായ ശൈലിയാണ് നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ജീവിക്കാൻ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. കുടുംബങ്ങളിൽ, സ്നേഹവും, ആർദ്രതയും സഹാനുഭൂതിയും വളരട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2023, 15:50