പാപ്പാ : എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുമാനിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് സ്വപ്നം കാണുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കഴിഞ്ഞ ജൂലൈയിൽ നടന്ന 2023 ലിസ്ബൺ യുവജന ദിനത്തിന്റെ സംഘാടക പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരുടെ പ്രത്യാശയ്ക്കും പ്രവർത്തനങ്ങളേയും ശ്ലാഘിച്ചുകൊണ്ട് പാപ്പാ അവർക്ക് നന്ദിയർപ്പിച്ചു.
ആഗോള യുവജന ദിനം, സുവിശേഷവൽക്കരണത്തിന്റെയും, സന്തോഷത്തിന്റെയും യുവത്വം തുളുമ്പുന്ന പ്രകടനമാക്കാൻ അവർ ഒരുക്കിയ എല്ലാറ്റിനും പാപ്പാ നന്ദി പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കാതെ സ്വതന്ത്രമായി സംസാരിച്ച പാപ്പാ ജൂലൈ മാസത്തിലെ യുവജനസംഗമത്തിന്റെ ആറു ദിനങ്ങളിൽ നിന്ന് ഓർമ്മയിൽ താലോലിക്കുന്ന ചില സംഭവങ്ങൾ അനുസ്മരിച്ചു. വളരെ സവിശേഷരായ കുറെയാളുകളെ അവിടെ കണ്ടുമുട്ടാൻ കഴിഞ്ഞതിലും പാപ്പാ സന്തോഷമറിയിച്ചു. 96 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് സമ്മാനമായി ലഭിച്ച ജപമാല താൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് അവരോടു പറഞ്ഞ പാപ്പാ ആ സ്ത്രീയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും അവരോടു അന്വേഷിച്ചു. അവർ ജീവിച്ചിരിക്കുന്നു എന്ന് മറുപടി കേട്ടയുടൻ ഗുരുതരമായ രോഗം ബാധിച്ച 19 കാരിയായ യുവതിയുടെ കാര്യവും പാപ്പാ ആരാഞ്ഞു. താൻ മരിക്കുമെന്ന് ചിന്തിച്ചിരുന്ന അവൾ ആഗോള ദിനത്തിനായി തന്റെ ജീവിതം സമർപ്പിച്ചിരുന്നു. അവളും ജീവിച്ചിരിക്കുന്നു എന്ന് അവർ പാപ്പായോടു പറഞ്ഞു.
ആഗോള യുവജന ദിനത്തിന്റെ ജോലികൾക്കിടെ മരണമടഞ്ഞ ഒരു സന്നദ്ധ സേവകനേയും അദ്ദേഹത്തിന്റെ മക്കളെയും കൂടി പാപ്പാ ഓർമ്മിച്ചു കൊണ്ട് ഒരു പറ്റം സാധാരണക്കാരായ ജനങ്ങൾ ഈ സംരംഭത്തിനായി അവരുടെ പ്രവർത്തികളും പ്രത്യാശയും സമർപ്പിച്ചതിന് നന്ദി പറഞ്ഞ പാപ്പാ പോർച്ചുഗീസ് കർദ്ദിനാൾ അമെരികോ അഗ്വിയാറിനും കൃതജ്ഞതയർപ്പിച്ചു. തന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ കൊണ്ട് തയ്യാറാക്കിയ പ്രസംഗം വായിക്കാത്തതിൽ ക്ഷമ ചോദിച്ചു കൊണ്ട് അത് പാപ്പാ പ്രതിനിധി സംഘത്തിന് കൈമാറി.
തയ്യാറാക്കിയ പ്രസംഗത്തിൽ ലിസ്ബണിലെ യുവജനസംഗമത്തിൽ താൻ സന്തോഷം തൊട്ടനുഭവിച്ചെന്ന് എടുത്തു പറഞ്ഞ് പാപ്പാ അതിന്റെ വിജയകരമായ സംഘാടനത്തിന്റെ ഉത്തരവാദികളായ അവരെ സാക്ഷികളായി വിശേഷിപ്പിച്ചു. പലപ്പോഴും പാശ്വവൽക്കറിക്കപ്പെട്ടിരുന്നവരെ കേന്ദ്രസ്ഥാനത്ത് എത്തിച്ച് എല്ലാവരേയും ഉൾക്കൊള്ളിച്ച് പരസ്പരം വിശ്വസിച്ച് തലന്തുകൾ പങ്കിട്ട് അത് വിജയകരമാക്കിതും പാപ്പാ ഉയർത്തിക്കാണിച്ചു. എല്ലാവരേയും ഉൾക്കൊള്ളിക്കുന്നതും ബഹുമാനിക്കുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഒരുമിച്ചു സ്വപ്നം കാണാനും പുതിയ സ്വപ്നക്കാരെ ഉൾക്കൊള്ളിക്കാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: