തിരയുക

സാലുസ് പോപ്പുളി റൊമാനിക്കു മുൻപിൽ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നു സാലുസ് പോപ്പുളി റൊമാനിക്കു മുൻപിൽ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നു  

അമലോത്ഭവതിരുനാൾ വേളയിൽ മാതാവിന്റെ അത്ഭുത ഛായാചിത്രത്തിനു സ്വർണ്ണ റോസാപ്പൂ സമ്മാനിക്കും

സകലവിധ അനുഗ്രഹങ്ങളുടെയും പ്രതീകമായ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ ചിത്രമായ സാലുസ് പോപ്പുളി റൊമാനിക്കു മുൻപിൽ അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി ഫ്രാൻസിസ് പാപ്പാ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമ്മാനിക്കും.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സകലവിധ അനുഗ്രഹങ്ങളുടെയും പ്രതീകമായ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ ചിത്രമായ സാലുസ് പോപ്പുളി റൊമാനിക്കു മുൻപിൽ അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി  ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു 3 .30 നു ഫ്രാൻസിസ് പാപ്പാ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമ്മാനിക്കും.

'സ്വർണ്ണറോസാപ്പൂ' പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പായുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നു.

നൂറ്റാണ്ടുകളായി,ആശ്രമങ്ങൾക്കും, ഭരണാധികാരികൾക്കും  പ്രമുഖ വ്യക്തിത്വങ്ങൾക്കും വിശ്വാസത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള  അവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി സ്വർണ്ണറോസാപ്പൂ നൽകി ആദരിച്ചിരുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യമാണ്.ഫ്രാൻസിസ് പാപ്പാ പരിശുദ്ധ അമ്മയുടെ ഐക്കൺചിത്രത്തിനു മുൻപിൽ പൂക്കൾ സമർപ്പിക്കുന്നത് ആത്മീയപ്രാധാന്യത്തെ അടിവരയിടുവാനാണ്.

പാശ്ചാത്യലോകത്തെ ഏറ്റവും പഴക്കമേറിയ മരിയൻ തീർത്ഥാടനകേന്ദ്രമാണ് റോമിലെ മരിയ മജോറെ ബസിലിക്ക.സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന ഈ ചടങ്ങു നാനൂറു വർഷങ്ങൾക്കു ശേഷമാണ് 2023 ഡിസംബർ 8 നു വീണ്ടും നടക്കുന്നത്. അതിനാൽ ചരിത്രപ്രസിദ്ധമായ ഒരു കർമ്മത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. തന്റെ ഓരോ അപ്പസ്തോലികയാത്രയ്ക്കു മുൻപും,പിൻപും ഈ വിശുദ്ധ ചിത്രത്തിന് മുൻപിൽ പ്രാർത്ഥനക്കു വേണ്ടി ഫ്രാൻസിസ് പാപ്പാ എത്തുന്നത് ലോകമെങ്ങും അറിയപ്പെടുന്നതാണ്.

1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പായാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്.തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പായും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2023, 13:47