വത്തിക്കാനിലെ സാമ്പത്തികരംഗത്തുള്ള പരിഷ്‌കാരപ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാനിലെ സമ്പത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട പരിഷ്‌കാരപ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും, ഇപ്പോൾ വരെ നടന്നത് തുടക്കം മാത്രമാണെന്നും ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലെ ധനകാര്യവിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കാര്യാലയത്തിലെ (SPE) അംഗങ്ങൾക്ക് കഴിഞ്ഞ മാസത്തിൽ അനുവദിച്ച കൂടിക്കാഴ്ചയിലായിരുന്നു ഇതുസംബന്ധിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്.
നമുക്കുവേണ്ടി മാത്രമല്ല, ഇനി വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടിയും അവരുടെ വിശ്വാസയാത്രയിൽ ആവശ്യമായവ ഉറപ്പുനൽകാൻവേണ്ടി സഭയുടെ പിത്രുപൈതൃകം സംരക്ഷിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഇതുവരെ ധനകാര്യവിഷയങ്ങൾക്കായുള്ള കാര്യാലയം മുന്നോട്ടുകൊണ്ടുപോയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പാപ്പാ, ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും, മുൻപുണ്ടായ തെറ്റുകൾ ആവർത്തിക്കപ്പെടാൻ പാടില്ലെന്നും എഴുതി.
കൂടുതൽ മെച്ചപ്പെട്ട സാമ്പത്തികവിനിമയത്തിനായി മെച്ചപ്പെട്ട ധനകാര്യപരിഷ്‌കാരങ്ങൾ ഇനിയും കൊണ്ടുവരേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ മുൻപ് ചെയ്‌തിരുന്ന കാര്യങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ ചെയ്യുന്നത് എന്ന് കാണിക്കാൻവേണ്ടി മാത്രമാകരുത് മാറ്റങ്ങളെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ മക്കളെ വളർത്തുന്നതുപോലെ, അധികാരികതയോടെയും, ബഹുമാന്യത അർഹിക്കുന്ന തരത്തിലും, ഉത്തരവാദിത്വത്തോടെ, പൊതുനന്മ ലാക്കാക്കിവേണം പ്രവർത്തിക്കേണ്ടതെന്ന് സാമ്പത്തികകാര്യങ്ങൾക്കായുള്ള കാര്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നവരോട് പാപ്പാ പറഞ്ഞു. സത്യസന്ധതയോടും, വിവേകത്തോടും കൂടി വേണം പ്രവർത്തിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സഭയുടെ പ്രേഷിതപ്രവർത്തനത്തിന് എതിരായ കാര്യങ്ങളോട് അരുതെന്ന് പറയാൻ കഴിയേണ്ടതുണ്ടെന്ന് പറഞ്ഞു.
പരിശുദ്ധ സിംഹാസനത്തിന്റെ ഓരോ വർഷത്തെയും കണക്കുകൾ പ്രകാരം ഗണ്യമായ ധനകമ്മി രേഖപ്പെടുത്തുന്നത്, സഭയുടെ പൈതൃകസ്വത്ത് കൂടുതലായി ഉപയോഗിക്കാനും, ഭാവിയെ പരുങ്ങലിലാക്കാനുമുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. അതുകൊണ്ടുതന്നെ, സഭയുടെ പൈതൃകസ്വത്ത് വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കാൻ നാമോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ധാർമ്മികമായ രീതിയിൽ വേണം ധനനിക്ഷേപങ്ങൾ നടത്തേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സഭയുടെ ദൗത്യത്തെ മുന്നിൽക്കണ്ട്, ആവശ്യാനുസരണമാണ് ധനം വിനിയോഗിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
നവംബർ പതിമൂന്നാം തീയതിയായിരുന്നു ധനകാര്യങ്ങൾക്കായുള്ള കാര്യാലയത്തിലെ അംഗങ്ങൾക്കായി പാപ്പാ ഇത്തരമൊരു കത്ത് നൽകിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: