പാപ്പാ : സർവ്വശക്തരെന്ന മിഥ്യാധാരണയിലുള്ള ജീവിതം ഭൂമിയെ നശിപ്പിക്കും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഒരു Cop സമ്മേളനത്തിൽ മതങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു സംരംഭം ആദ്യമായാണ് നടക്കുന്നത്. പാപ്പായുടെ അഭാവത്തിൽ വിശ്വാസ പ്രദർശന മണ്ഡപം ഉദ്ഘാടനം ചെയ്തതിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള പാപ്പായുടെ സന്ദേശം കർദ്ദിനാൾ പരോളിനാണ് വായിച്ചത്. സന്ദേശത്തിൽ ആദ്യമായി ഇങ്ങനെ ഒരു പവിലിയൻ Cop സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ചതിന് പാപ്പാ നന്ദി പറഞ്ഞു. അത് എല്ലാ സത്യമതങ്ങളുടെ വിശ്വാസങ്ങളും കൂടിക്കാഴ്ചയുടെയും പ്രവൃത്തിയുടേയും ഉറവിടങ്ങളാണ് എന്നതാണ് വെളിവാക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
നമ്മുടെ വ്യത്യസ്തകൾക്കപ്പുറം ഒരു മനുഷ്യകുടുംബത്തിലെ സഹോദരീ സഹോദരന്മാരായി കാണാൻ കഴിയുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് രേഖപ്പെടുത്തിയ പാപ്പാ വിശ്വാസികൾ എന്ന നിലയിൽ ഈ ഭൂവാസികളായ നമുക്ക് നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കാനുമുള്ള കടമയുണ്ടെന്ന് ഓർമ്മിപ്പിച്ചു. മാനവീകതയുടെ മനസാക്ഷി ശബ്ദമായ മതങ്ങൾ, നമ്മൾ പരിമിതരായ ജീവികളാണെന്നും അപരിമിതനായ ഈശ്വരന്റെ ആവശ്യം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണെന്നും നമ്മോടു വിളിച്ചു പറയുന്നു. മനുഷ്യന്റെ അടങ്ങാത്ത അധികാരക്കൊതി മൂലം ലോകത്തിന്റെ നാഥനായി അവൻ സ്വയം കണക്കാക്കുമ്പോഴും, ദൈവം ഇല്ലാത്തതുപോലെ ജീവിക്കുമ്പോഴുമെല്ലാം നമ്മൾ നശ്വരതയുടെ ഇരകളായി മാറുകയും സർവ്വ ശക്തരെന്ന മിഥ്യാധാരണയാൽ നമ്മുടെ ഭൂമിയെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. സാങ്കേതികതയെ കീഴടക്കേണ്ടതിന് പകരം അതിന്റെ അടിമകളായി മാറിക്കൊണ്ട് നമ്മൾ വെറും ചരക്കുകളും, സംവേദനക്ഷമത നശിച്ച് സങ്കടപ്പെടാനും അനുകമ്പ പ്രകടിപ്പിക്കാനും കഴിവില്ലാത്തവരായി ധാർമ്മികതയും വിവേകവും വെടിഞ്ഞ് ജീവന്റെ ഉറവിടത്തെ തന്നെ നശിപ്പിക്കുന്നവരായും തീരുന്നു. ഇതിനാലാണ് കാലാവസ്ഥാ വ്യതിയാനം മതത്തിന്റെയും കൂടി ഒരു പ്രശ്നമായി മാറുന്നത്. സൃഷ്ടി സ്വയം പര്യാപ്തമാണെന്ന അനുമാനത്തിലാണ് അതിന്റെ വേരുകൾ. എങ്കിലും സ്രഷ്ടാവില്ലാതെ സൃഷ്ടി അപ്രത്യക്ഷമാകുകയാണ് ചെയ്യുക എന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Gaudium Et Spes 36 ഉദ്ധരിച്ചു കൊണ്ട് പാപ്പാ അടിവരയിട്ടു. അതിനാൽ ഈ മണ്ഡപം ഒരു കൂടിക്കാഴ്ചയുടെ ഇടമാവട്ടെ എന്നാശംസിച്ച പാപ്പാ മതങ്ങൾ അത്യുന്നതനായുള്ള നമ്മുടെ ദാഹത്തെ സ്വാഗതം ചെയ്യുന്നതും, സാഹോദര്യവും ബഹുമാനവും, പരസ്പര പരിചരണവും, സൃഷ്ടിയുടെ ദുരുപയോഗത്തെ ഒരു തരത്തിലും ന്യായീകരിക്കാത്തതുമായ “സ്വീകരണത്തിന്റെ ഇടങ്ങളാവട്ടെ” എന്ന അബുദാബിയിൽ 2019 ഫെബ്രുവരി 4ന് ഒച്ചവച്ച മാനവ സാഹോദര്യത്തിന്റെ പ്രമാണവും പാപ്പാ ഉദ്ധരിച്ചു.
പരിതസ്ഥിതിക്കായി കർമ്മോത്സുകരാകേണ്ടതിന്റെ അടിയന്തിരസ്ഥിതി ചൂണ്ടിക്കാണിച്ചു കൊണ്ട് പവിലിയന്റെ കേന്ദ്ര വിഷയമായ “പ്രവൃത്തനങ്ങളെ” ക്കുറിച്ച് പാപ്പാ സന്ദേശത്തിൽ അടയാളപ്പെടുത്തിയത്. ചെലവ് കൂട്ടുന്നതിൽ മാത്രം കാര്യമില്ല നമ്മുടെ ജീവിതരീതിയാണ് മാറ്റേണ്ടതെന്ന് പാപ്പാ പറഞ്ഞു. അങ്ങനെ എല്ലാവർക്കും സമചിത്തതയും സാഹോദര്യപൂർണ്ണവുമായ ഒരു ജീവിത ശൈലി പഠിപ്പിക്കേണ്ട ആവശ്യകതയും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. ധ്യാനിക്കാൻ പഠിപ്പിക്കേണ്ട മതങ്ങളുടെ ഒരു കടമയാണ് ഇത്. ധ്യാന ദരിദ്രമായ ഒരു ലോകം ആത്മാവിൽ മലിനമായിരിക്കുമെന്നും അത് ജനങ്ങളെ അവഗണിച്ച് പ്രയോജനമില്ലാത്ത വസ്തുക്കൾ നിർമ്മിക്കുമെന്നും അടിവരയിട്ട പാപ്പാ പ്രാർത്ഥനയില്ലാത്ത ഒരു ലോകം വാക്കുകളിൽ ധാരാളിത്തം കാണിക്കുമെങ്കിലും കണ്ണീരും അനുകമ്പയുമില്ലാതെ പണവും ആയുധവും കൊണ്ടുള്ള ഭൗതീകവാദത്തിൽ മാത്രമേ ജീവിക്കു എന്നും മുന്നറിയിപ്പു നൽകി.
സൃഷ്ടിയുടെ സംരക്ഷണവും സമാധാനവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ സൂചിപ്പിച്ചു. നമ്മൾ കൺമുന്നിൽ കാണുന്ന യുദ്ധങ്ങളും സംഘർഷങ്ങളും അന്തരീക്ഷത്തെ മലിനീകരിക്കുകയും രാഷ്ട്രങ്ങളെ വിഘടിപ്പിക്കുകയും ചെയ്യുന്നത് ഭൂമിയുടെ സുരക്ഷണത്തിനായുള്ള പൊതുവായ പ്രതിബദ്ധതയ്ക്ക് ഭംഗം വരുത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പാപ്പാ ഇക്കാര്യം പറഞ്ഞത്. കുടുംബത്തിൽ സമാധാന അന്തരീക്ഷമുള്ളപ്പോഴാണ് അത് ജീവിക്കാൻ പറ്റുന്ന സ്ഥലമാവുകയെന്നും അതിനാൽ സമാധാനം കാത്തു സൂക്ഷിക്കുക മതങ്ങളുടെയും കൂടി കർത്തവ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
നമ്മുടെ പ്രവൃത്തികൾ, നമ്മൾ പറയുന്ന വാക്കുകൾക്ക് വിപരീതമാകാതിരിക്കട്ടെ എന്ന് ആശംസിച്ച പരിശുദ്ധ പിതാവ് സമാധാനത്തെക്കുറിച്ച് വെറുതെ സംസാരിക്കുക മാത്രമല്ല വിശ്വാസികളെന്നു പറയുകയും അതേ സമയം അക്രമങ്ങളെ എതിർക്കാതെ വെറുപ്പിനെ ആളിക്കത്തിക്കുന്നവർക്കെതിരെ നിലപാടെടുക്കുകയും വേണമെന്നു ആഹ്വാനം ചെയ്തു. “നിങ്ങൾ നിങ്ങളുടെ ചുണ്ടുകളാൽ സമാധാനം പ്രഘോഷിക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ ഒരു വലിയ സമാധാനം ഉണ്ടെന്ന് ഉറപ്പാക്കണം” എന്ന ഫ്രാൻസിസ് അസ്സീസിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: