വിശുദ്ധനാട്ടിൽ അനുരഞ്ജനവും സമാധാനവും വീണ്ടം തഴച്ചുവളരട്ടെ, പാപ്പാ !

യുദ്ധവും ജീവനാശവും തിരുപ്പിറവിയാഘോഷത്തിന്മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്ന ഇടമായ സമാധാനരാജൻറെ ജന്മസ്ഥലമായ വിശുദ്ധ നാടിനു വേണ്ടിയുള്ള ഗാനസംരംഭത്തിന്, “മാലാഖമാരുടെ നിലവിളി കേൾക്കൂ” (Hear Angels Cry) എന്ന ഗാനത്തിന് പാപ്പായുടെ ആശംസകൾ. ബത്ലഹേം സർവ്വകലാശാലാ വിദ്യാർത്ഥിനി യുസ്തീന സാഫർ ലണ്ടനിലെ ഒരു സംഗീതസംഘമായ ഊബെർഫ്യൂസുമായി (Ooberfuse) ചേർന്ന് തയ്യാറാക്കിയിരിക്കുന്നതാണ് ഈ ഗാനം. ഇതിൽനിന്നുണ്ടാകുന്ന സാമ്പത്തിക വരുമാനം വിശുദ്ധനാട്ടിലെ ജനങ്ങൾക്ക്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ നാട്ടിൽ സാഹോദര്യവും ഐക്യദാർഢ്യവും അനുരഞ്ജനവും സമാധാനവും വീണ്ടും തഴച്ചുവളരുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ “മാലാഖമാരുടെ  രോദനം കേൾക്കൂ”  എന്ന ഗാന സംരംഭം അനേകർക്ക് പ്രചോദനേകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

അനേകരുടെ ജീവൻ പൊലിഞ്ഞ, സംഘർഷഭരിതമായ ഒരു അന്തരീക്ഷമായതിനാൽ ഇക്കൊല്ലം വിശുദ്ധ നാട്ടിൽ യേശുക്രിസ്തുവിൻറെ ജനനസ്ഥലത്ത് ക്രിസ്തുമസ്സ് അലങ്കാരമരങ്ങളോ, പതിവ് തിരുപ്പിറവിപാരമ്പര്യാഘോഷങ്ങളൊ ഇല്ലാത്ത ഒരവസ്ഥയിൽ സമാധാന സന്ദേശമായി, പ്രത്യാശയുടെ സന്ദേശമായി അവിടെ അലയടിക്കുക ബത്ലഹേം സർവ്വകലാശാലാ വിദ്യാർത്ഥിനി യുസ്തീന സാഫർ ലണ്ടനിലെ ഒരു സംഗീതസംഘമായ ഊബെർഫ്യൂസുമായി (Ooberfuse) ചേർന്ന് തയ്യാറാക്കിയിരിക്കുന്ന “മാലാഖമാരുടെ നിലവിളി കേൾക്കൂ” (Hear Angels Cry)   എന്ന ഗാനമായിരിക്കും. വിശുദ്ധനാടിനുവേണ്ടിയുള്ള ധനസമാഹരണാർത്ഥം ഈ ഗാനം വില്ക്കപ്പെടുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആശംസാസന്ദേശം.

പപ്പായുടെ ഈ ആശംസാ സന്ദേശം വത്തിക്കാൻ സംസ്ഥാന കാര്യകർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഒപ്പിട്ട് വെസ്റ്റ്മിനിസ്റ്റെർ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിൻസെൻറ് നിക്കോൾസിന് ബ്രിട്ടനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് മിഖേൽ മൗറി ബുവെന്തിയ വഴി എത്തിക്കുകയായിരുന്നു.

ഈ ഗാനസംരംഭം യേശു പിറന്ന നഗരത്തിൻറെ ഉൽകൃഷ്ടമായ അർത്ഥത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുമെന്നു പറയുന്ന പാപ്പാ സമാധാന രാജൻ പിറവിയെടുത്ത ഇടം എല്ലാവർക്കും സമാഗമത്തിൻറെയും സംഭാഷണത്തിൻറെയും പ്രത്യാശയുടെയും വേദിയായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു.

മെച്ചപ്പെട്ടൊരു ഭാവി നരുകുലത്തിൻറെ ഹൃദയത്തിൽ നിന്നു ജന്മംകൊള്ളുമെന്ന പ്രത്യാശയെക്കുറിച്ചുള്ള ബോധ്യം വിളിച്ചോതുന്നതാണ് ഈ ഗാനം: https://www.youtube.com/watch?v=-djFW5AyG7A

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2023, 14:40