ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ - വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തിരുപ്പിറവിത്തിരുന്നാൾ നിശാ ദിവ്യബലി വേളയിൽ, 24/12/23 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ - വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തിരുപ്പിറവിത്തിരുന്നാൾ നിശാ ദിവ്യബലി വേളയിൽ, 24/12/23  (ANSA)

ചെറുമയുടെ പാത തിരഞ്ഞെടുക്കുന്ന ചരിത്രത്തിൻറെ രാജൻ!

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (24/12/23) തിരുപ്പിറവിത്തിരുന്നാൾ നിശാ ദിവ്യബലിയർപ്പിക്കുകയും സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്തു. മനുഷ്യാവതാരത്തെ സ്വാഗതം ചെയ്യാനുള്ള ഏക മാർഗ്ഗം ആരാധനയാണെന്നും കാരണം, പിതാവിൻറെ വചനമായ യേശു നമ്മുടെ ജീവിതത്തിൽ മാംസം ധരിക്കുന്നത് നിശബ്ദതയിലാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അധിപൻ ചരിത്രത്തിലെ മഹാന്മാർക്കിടയിൽ ഉന്നതനായിരിക്കാൻ ശ്രമിക്കുമ്പോൾ  ചരിത്രത്തിൻറെ നൃപൻ തിരഞ്ഞെടുക്കുന്നത് എളിമയുടെ സരണിയാണെന്ന് മാർപ്പാപ്പാ.

ഞായറാഴ്ച (24/12/23) തിരുപ്പിറവിത്തിരുന്നാൾ നിശാ ദിവ്യബലിയർപ്പിച്ച ഫ്രാൻസീസ് പാപ്പാ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.

ലോക കനേഷുമാരികണക്കെടുപ്പിന് അഗസ്റ്റസ് സീസർ ഉത്തരവിട്ടതും അതനുസരിച്ച്  പേരെഴുതിക്കാനായി ആ സമയത്ത് ജോസഫും മറിയവും ബത്ലഹേമിലേക്കു പോകുകയും അവിടെ വച്ച് മറിയം ദൈവസുതനു ജന്മമേകുകയും ചെയ്യുന്നതുമായ സംഭവത്തിൽ തെളിയുന്ന ഒരു വൈരുദ്ധ്യം പാപ്പാ എടുത്തുകാട്ടി.

ചക്രവർത്തി ലോകത്തിലെ ജനങ്ങളുടെ കണക്കെടുപ്പു നടത്തുമ്പോൾ ദൈവം അവിടെ ആരാലും അറിയപ്പെടാതെ കടന്നുവരുന്നുവെന്നും, സാമൂഹ്യജീവിത്തിൻറെ അരികുകളിൽ കഴിയുന്നവരായ ഏതാനും ഇടയന്മാരല്ലാതെ ശക്തന്മാരാരും ചരിത്രത്തിൻറെ നാഥൻറെ ആഗമനം തിരിച്ചറിയുന്നില്ലെന്നും പാപ്പാ വിശദീകരിച്ചു. അനേകർക്കിടയിൽ ഒരുവനായി വരുന്നത് കോപിഷ്ഠനും ശിക്ഷിക്കുന്നവനുമായ ഒരു ദൈവമല്ല, പ്രത്യുത, കാരുണ്യവാനായ ദൈവമാണ് മനുഷ്യാവതാരം ചെയ്യുന്നതും ലോകത്തിലേക്ക് ബലഹീനനായി കടന്നുവരുന്നതുമെന്ന് പാപ്പാ പറഞ്ഞു.

ജനസംഖ്യാകണക്കെടുപ്പു കാണിക്കുന്നത് ചരിത്രത്തിലൂടെ കടന്നുപോകുന്ന വളരെ മാനുഷികമായ ഒരു തന്ത്രം, അതായത് അധികാരവും ശക്തിയും പ്രശസ്തിയും പ്രതാപവും അന്വേഷിക്കുന്ന ഒരു ലോകത്തിൻറെ തന്ത്രം ആണെന്നും, അവിടെ സകലത്തിൻറെയും അളവുകോൽ നേട്ടങ്ങളും ഫലങ്ങളും കണക്കുകളുമാണെന്നും പാപ്പാ വിശദീകരിച്ചു.

മനുഷ്യാവതാരത്തെ എങ്ങനെ സ്വാഗതം ചെയ്യാനാകും എന്നതിനെക്കുറിച്ചും പാപ്പാ പറഞ്ഞു. അതിനുള്ള  ഏക വഴി ആരാധനായാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പിതാവിൻറെ വചനമായ യേശു നമ്മുടെ ജീവിതത്തിൽ മാംസം ധരിക്കുന്നത് നിശബ്ദതയിലാണ് പാപ്പാ പറഞ്ഞു. ആരാധനയുടെ പൊരുൾ വീണ്ടും കണ്ടെത്തേണ്ടതിൻറെ അനിവാര്യത ചൂണ്ടിക്കാട്ടിയ പാപ്പാ, ആരാധിക്കുയെന്നാൽ സമയം പാഴാക്കലല്ലെന്നും മറിച്ച്, നമ്മുടെ സമയത്തിൽ കുടിയിരിക്കാൻ ദൈവത്തെ അനുവദിക്കലാണെന്നും ഉദ്ബോധിപ്പിച്ചു. ആരാധന എന്നാൽ മദ്ധ്യസ്ഥത വഹിക്കുകയും നവീകരിക്കുകയും ചരിത്രത്തെ നേരെയാക്കാൻ ദൈവത്തെ അനുവദിക്കുകയുമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു .

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2023, 12:52