തിരയുക

പ്രതീകാത്മക ചിത്രം. പ്രതീകാത്മക ചിത്രം. 

പാപ്പാ: യേശുവിനോടുള്ള താദാമ്യമാണ് വൈദിക ജീവിതത്തിന്റെ അടിസ്ഥാനം

ഫ്രാൻസിലെ എഴുന്നൂറോളം വരുന്ന സെമിനാരി വിദ്യാർത്ഥികൾ പാരിസിലേക്ക് നടത്തിയ തീർത്ഥാടനത്തിന് ഫ്രാൻസിസ് പാപ്പാ ഡിസംബർ ഒന്നാം തിയതി നൽകിയ സന്ദേശത്തിൽ അഭിഷിക്തരായ പ്രേഷിതപ്രവർത്തകർ സമ്പൂർണ്ണമായ സമർപ്പണവും, അജപാലക സാമീപ്യവുമുള്ളവരായിരിക്കണമെന്ന് ആവശ്യപ്പെട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പരോളി൯ ഒപ്പുവച്ച സന്ദേശത്തിൽ ഉദാരമനസ്കതയോടും ധൈര്യത്തോടും കൂടെ ഫ്രാൻസിലെ സെമിനാരിക്കാരെടുക്കുന്ന സാഹസത്തിന് പാപ്പാ അവരെ അഭിനന്ദിച്ചു. അവരുടെ സംഗമത്തിൽ അവരെ അഭിസംബോധന ചെയ്യാനുള്ള അവസരത്തിന് സന്തോഷം അറിയിച്ചു കൊണ്ട് ഓരോർത്തർക്കും തന്റെ പ്രാർത്ഥനാ സാമിപ്യം അറിയിച്ചു.

പലരിൽ നിന്നും തിരഞ്ഞെടുത്ത്, സ്നേഹിച്ച്, തനിക്കായി മാറ്റി വച്ച് കർത്താവ് അവർക്കു നൽകിയ പ്രത്യേക വിളിക്ക് നന്ദി പറഞ്ഞ പരിശുദ്ധ പിതാവ് അവരുടെ ധൈര്യപൂർവ്വമുള്ള പ്രത്യുത്തരത്തെയും അഭിനന്ദിച്ചു. സഭയും, മതനിരപേക്ഷത നിറഞ്ഞ പാശ്ചാത്യ സമൂഹങ്ങളും കടന്നു പോകുന്ന ഈ വിഷമഘട്ടത്തിലും ധാരാളം യുവാക്കളും മുതിർന്നവരും  വിശ്വാസത്തിന്റെ  ധൈര്യമാർന്ന ഉദാരമനസ്കതയോടെ സാഹസങ്ങൾ ഏറ്റെടുത്ത് കർത്താവിന്റെ വിളിക്ക് പ്രത്യുത്തരം നൽകി കർത്താവിനെ പിൻചെല്ലാനും സഹോദരി സഹോദരരെ സേവിക്കാനും പ്രതിബദ്ധത കാണിക്കുന്നത് നന്ദി പറയാനും പ്രത്യാശിക്കാനും സന്തോഷിക്കാനും ഇടം നൽകുന്ന ഒന്നാണെന്നും പാപ്പാ അറിയിച്ചു.

ഫ്രാൻസിലെ സഭയ്ക്ക്  അവരെ ആവശ്യമുണ്ടെന്നും അവരെ കാത്തിരിക്കുകയാണ് എന്നും വൈദീകരായിരിക്കേണ്ട വിധത്തിൽ ആത്മീയ ഉന്നതിയും, വിശുദ്ധിയും തന്റെ ശരീരമായ സഭയെ ഭരിക്കുന്ന ക്രിസ്തുവിന്റെ അധികാരത്തിൽ പങ്കുചേരാൻ (Presbyterorum ordinis, n.2); പാപ്പാ അവരെ ആഹ്വാനം ചെയ്തു. ഇത് സഭയുടെ ശിരസ്സായ ക്രിസ്തുവുമായി അനുരൂപപ്പെട്ട് ആധികാരികതയോടെ പഠിപ്പിക്കാനും സുരക്ഷിതമായി നയിക്കാനം കൂദാശകളുടെ പരികർമ്മം വഴി കൃപകൾ ഫലപ്രദമായി പകർന്നു നൽകാനും വേണ്ടിയാവട്ടെ (Presbyterorum ordinis, n. 4,5,6); എന്ന് പാപ്പാ ആശംസിച്ചു.

സഭാ ജീവിതത്തിന്റെ ഏറ്റം ഉന്നതമായി അർപ്പിക്കുന്ന പരിശുദ്ധ കുർബ്ബാനയിൽ കർത്താവുമായുള്ള ഐക്യത്തിലൂടെ അൾത്താരയിൽ വൈദികൻ തന്നെത്തന്നെയും, ദൈവജനത്തിന്റെ സമർപ്പണത്തെയും അർപ്പിച്ച് ക്രിസ്തുവിന്റെ ബലി സാധ്യമാക്കുന്നു. ഈ അടിസ്ഥാന സത്യങ്ങളിൽ അവരുടെ ജീവിതവും സ്വത്വവും രൂഢമൂലമാക്കാനും പാപ്പാ സെമിനാരിക്കാരെ ആഹ്വാനം ചെയ്തു. ഈ സ്വത്വത്തിന്റെ ഹൃദയം ബ്രഹ്മചര്യത്തിലാണ് എന്ന് പറഞ്ഞ പാപ്പാ യേശുവിനോടുള്ള താദാമ്യമാണ് വൈദികൻ ഏകനായിരിക്കാൻ അടിസ്ഥാനമെന്ന് സൂചിപ്പിച്ചു. ബ്രഹ്മചര്യത്തിന്റെ ആവശ്യകത അടിസ്ഥാനപരമായി യോഗാത്മക ദർശന പരമാണെന്ന് (Mystical) പാപ്പാ പറഞ്ഞു.

വൈദീകരെക്കുറിച്ച് ഇന്ന് കേൾക്കുന്ന അപവാദങ്ങളെ പ്രതി ഭയപ്പെടാതിരിക്കാനും ആർക്കും വൈദീക വൃത്തിയുടെ സ്വഭാവം മാറ്റാനോ വ്യത്യസ്ഥപ്പെടുത്താനോ സാധിക്കില്ല എന്നും എന്നാൽ അതിന്റെ പ്രവർത്തന രീതിയിൽ ഇന്നത്തെ സമൂഹത്തിന്റെ വികസനങ്ങളും നമുക്കറിയാവുന്ന ദൈവവിളിയുടെ കാര്യത്തിലുള്ള  കഠിനമായ പ്രതിസന്ധിയും പരിഗണിക്കേണ്ടതുമാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സഭാ സ്ഥാപനങ്ങളും അതിന്റെ പൗരോഹിത്യ രൂപവും അംഗീകരിക്കാത്ത ഒരു നിലപാടിലേക്ക് ഫ്രാൻസ് എത്തിയിട്ടുണ്ട്.  അവയുടെ  എല്ലാ പ്രാധാന്യവും, സ്വാഭാവികമായ അധികാരവും ഭൂരിഭാഗം ജനങ്ങൾക്കും നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനാൽ ഇതിലൊന്നും അടിസ്ഥാനമാകാതെ ക്രിസ്തുവുമായി വ്യക്തിപരമായ ഒരു അനുഭവവും, തങ്ങളുടെ ഇടയ സമൂഹത്തിന്റെ ഗന്ധമുള്ള ഇടയന്മാരാകാനും, അവരോടു അടുപ്പവും, കരുണയും എളിമയും ഉള്ള ഒരു അജപാലന രീതി അവലംബിക്കാനും സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. ഇതാണ് പാപ്പാ ആവശ്യപ്പെടുന്ന നവസുവിശേഷവൽക്കരണം എന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു. ഇത് ഒരു പുത്തൻ രീതിയല്ല, അനേകം വിശുദ്ധരായ വൈദീകർ നടന്ന വഴിയാണെന്നും എന്നാൽ ഇന്ന് അത് വിശ്വാസ്യത വരുത്താനും ശ്രവിക്കപ്പെടാനും അത്യാവശ്യമായി തീർന്നിരിക്കുന്നുവെന്നും സന്ദേശം വ്യക്തമാക്കി. വൈദീക അവസ്ഥയുടെ പരിപൂർണ്ണത നേടാനും പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും നേരിടാനും ക്രിസ്തുവുമായി വ്യക്തിപരവും,ശക്തവും,സജീവവും ആധികാരികവുമായ ഒരു ബന്ധം മാത്രമാണ് പ്രതിവിധി. യേശുവിനെ എല്ലാറ്റിലുമുപരിയായി സ്നേഹിക്കാനും അവന്റെ  സ്നേഹം മാത്രം അവർക്ക് മതിയെന്നും അങ്ങനെ എല്ലാ പ്രതിസന്ധികളിൽ നിന്നും വിജയികളായി പുറത്തുവരാ൯ കഴിയുമെന്നും പാപ്പായുടെ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2023, 13:06