സ്നേഹവും നീതിയും സമാധാനവും വാഴുന്ന ഒരു ലോകത്തിനായി പാപ്പായുടെ പ്രാർത്ഥന !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനസാന്തരസരണി കാണിച്ചുതരുന്നതിനായി പാപ്പാ അമലോത്ഭവനാഥയോട് പ്രാർത്ഥിക്കുന്നു.
അമലോത്ഭവനാഥയുടെ തിരുന്നാള്‍ദിനമായിരുന്ന ഡിസമ്പര്‍ 8 ന്, പതിവുപോലെ ഇക്കൊല്ലവും, ഫ്രാന്‍സീസ് പാപ്പാ, റോമിലെ സ്പാനിഷ് ചത്വരത്തില്‍ 40 അടിയോളം, കൃത്യമായി പറഞ്ഞാല്‍, 11 ദശാംശം 81 മീററര്‍, ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ അമലോത്ഭവനാഥയുടെ തിരുസ്വരൂപത്തിനുമുന്നിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി കൃതജ്ഞതയർപ്പിക്കുകയും സകലജനത്തെയും കുടുംബങ്ങളെയും ദുരിതക്കയത്തിൽ മുങ്ങുന്നവരെയും അവൾക്ക് സമർപ്പിച്ചു പ്രാര്‍ത്ഥിക്കുകയുമായിരുന്നു.
മാപ്പേകലിൻറെ അഭാവത്തിൽ സമാധാനം സാദ്ധ്യമല്ലെന്നും പശ്ചാത്താപമില്ലെങ്കിൽ മാപ്പേകൽ ഉണ്ടാകില്ലെന്നും ഹൃദയപരിവർത്തനം സാദ്ധ്യമായാൽ മാത്രമെ ലോകത്തിനു മാറ്റം ഉണ്ടാകുകയുള്ളുവെന്നും ഈ മാറ്റം നാം ഒരോരുത്തരിലും നിന്നു തുടങ്ങണമെന്നും പാപ്പാ പറഞ്ഞു. യുദ്ധക്കെടുതിയനുഭവിക്കുന്ന ജനതകൾക്കായി, വിശിഷ്യ ഉക്രൈയിൻ, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കുവേണ്ടി പാപ്പാ അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടി. യുദ്ധവും ഭീകരപ്രവർത്തനങ്ങളും ജീവനപഹരിച്ച മക്കളെയോർത്തു കേഴുന്നവരും ആശയറ്റവരായി യാത്രപുറപ്പെടുന്ന മക്കളെ നോക്കിനില്ക്കേണ്ടിവരുന്നവരുമായ വേദനതിന്നുന്ന അമ്മമാരെയും പാപ്പാ അമലോത്ഭവകന്യകയ്ക്ക് സമർപ്പിച്ചു.
ആദ്യത്തെയും അവസാനത്തെയും വാക്ക് തിന്മയുടെതല്ലെന്നും നമ്മുടെ ഭാഗധേയം മരണമല്ല ജീവിതമാണെന്നും, വിദ്വേഷമല്ല സാഹോദര്യമാണെന്നും, സംഘർഷമല്ല പൊരുത്തമാണെന്നും, യുദ്ധമല്ല സമാധനാമാണെന്നും, പരിശുദ്ധ അമ്മയുടെ അസ്തിത്വം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
1854-ല്‍ 9-Ɔο പിയൂസ് പാപ്പായാണ് മറിയത്തിന്‍റെ അമലോത്ഭവം (Immaculate Conception) വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. അതിന്‍റെ സ്മരണാർത്ഥമാണ് റോമിലെ സ്പാനിഷ് ചത്വരത്തില്‍ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കാര്യാലയത്തിനു മുന്‍പിലായി 40 അടിയോളം ഉയരമുള്ള മാര്‍ബിള്‍ സ്തംഭത്തില്‍ 12 അടി വലുപ്പമുള്ള അമലോത്ഭവനാഥയുടെ മനോഹരമായ വെങ്കല പ്രതിമ 1857 ഡിസംബര്‍ 8-ന് സ്ഥാപിക്കപ്പെട്ടത്. ഉദ്ഘാടനച്ചടങ്ങിൽ വാസ്തുശില്പി ലൂയിജി പൊളേത്തിയുടെ നേതൃത്വത്തിൽ 220 അഗ്നിശമന സേനാംഗംങ്ങളുടെ സേവനം ശദ്ധേയമായിരുന്നു. അക്കൊല്ലം മുതൽ എല്ലാവർഷവും ഈ തിരുന്നാളിൽ റോമിലെ അഗ്നിശമനസേനാംഗങ്ങൾ അമലോത്ഭവ നാഥയുടെ ഈ സ്വരൂപത്തിനു മുന്നിൽ പുഷ്പചക്രം സമർപ്പിക്കുന്നു. സ്തൂപത്തിൻറെ വാസ്തുശില്പി ഇറ്റലിക്കാരനായ ലൂയിജി പൊളേത്തിയും അമോത്ഭവനാഥയുടെ തിരുസ്വരൂപത്തിൻറെ ശില്പി ജുസേപ്പെ ഒബീച്ചിയുമാണ് (Giuseppe Obici) 1958 മുതൽ എല്ലാ ഡിസംബര്‍ 8-നും പത്രോസിന്‍റെ പിന്‍ഗാമി ഈ ചത്വരത്തില്‍ എത്തി അമലോത്ഭനാഥയെ വണങ്ങുന്നു. കോവിദ് മഹാമാരി മൂലമുള്ള നിയന്ത്രങ്ങൾ ഉണ്ടായിരുന്ന 2020-ലും 2021-ലും ഫ്രാൻസിസ് പാപ്പ ചത്വരത്തിലെത്തി ദൈവമാതാവിൻറെ തിരുസ്വരൂപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചിരുന്നു.
സ്പാനിഷ് ചത്വരത്തിലെ പ്രാർത്ഥനാന്തരം എട്ടാം തീയതി വൈകുന്നേരം ഫ്രാൻസീസ് പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കു പോകുകയും ആ ദേവാലയത്തിൽ “റോമൻ ജനതയുടെ രക്ഷ” അഥവാ “സാളൂസ് പോപുളി റൊമാനി” (Salus Populi Romani) എന്ന നാമധേയത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയ്ക്ക് “സ്വർണ്ണ റോസാ പുഷ്പം” സമർപ്പിക്കുകയും ചെയ്തു. ഫ്രാൻസീസ് പാപ്പാ ഇത് നൂറ്റിപ്പതിനഞ്ചാം തവണയാണ് ഈ മാതൃസന്നിധിയിൽ എത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: