അധികാരാധിപത്യങ്ങളല്ല മനുഷ്യൻറെ സമഗ്ര നന്മ ആയിരിക്കണം സാങ്കേതികപുരോഗതിയുടെ ലക്ഷ്യം, പാപ്പാ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സേവനവും മാനവികതയും സാങ്കേതിക പുരോഗതിയുടെ ദ്വിമാനങ്ങളായിരിക്കണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഇറ്റലിയിലെ വ്യോമസേനയുടെ സ്ഥാപന ശതാബ്ദിയോടനുബന്ധിച്ച് ഇതിൻറെ ഇരുന്നൂറ്റിയമ്പതോളം പ്രതിനിധികളെ ശനിയാഴ്‌ച (09/102/23) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവ്വെ ഫ്രാൻസീസ് പാപ്പാ നരുകുലത്തിൻറെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്ന ഇന്നത്തെ സാങ്കേതിക പുരോഗതിയെക്കുറിച്ചും അതിലടങ്ങിയിരിക്കുന്ന നല്ലതും മോശവുമായ വശങ്ങളെക്കുറിച്ചും പരാമർശിക്കുകയായിരുന്നു.
വ്യോമയാനരംഗത്തുൾപ്പടെ, സാങ്കേതിക തലത്തിലുള്ള ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നൂതന സാങ്കേതിക വിദ്യകളും ഒരിക്കലും അധികാരാധിപത്യങ്ങളും ഹാനികരമായ ഉപയോഗങ്ങളും ലക്ഷ്യമിടുന്നതായിരിക്കരുതെന്നും അവയെന്നും മനുഷ്യൻറെ സമഗ്ര നന്മയുടെ അഭിവൃദ്ധിയും സകലജനതകളുടെയും വികസനവും ഉപരി നീതിയും ഉന്നം വയ്ക്കണമെന്നും പാപ്പാ പറഞ്ഞു.
ഈ സരണി പിഞ്ചെല്ലുന്ന പക്ഷം വ്യോമസേനാംഗങ്ങളുടേത് സമാധാനത്തിനുള്ള വിലയേറിയ ഒരു സേവനമായി ഭിവിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.ജീവകാരുണ്യപ്രവർത്തനങ്ങൾ, പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ആ രംഗത്തു നടത്തുന്ന ഇടപെടലുകൾ, ആരോഗ്യരംഗത്തു തുടങ്ങി വിവിധ മേഖലകളിൽ വ്യോമസേനാംഗങ്ങൾ നല്കുന്ന സേവനങ്ങൾ സാങ്കേതിക പുരോഗതിയുടെ സേവന മാനം അവർ സമൂർത്തമാക്കുന്നതിന് ഉദാഹരണങ്ങളായി പാപ്പാ നിരത്തി.
അതുപോലെ തന്നെ ആവശ്യത്തിലരിക്കുന്ന ജനവിഭാഗത്തിന് സുരക്ഷിതത്വം ഉറപ്പാക്കുകയും അവരെ സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്തുകൊണ്ട് സാങ്കേതികപുരോഗതിയുടെ മാനവിക മാനവും അവർ ആവിഷ്ക്കരിക്കുന്നുവെന്ന് പാപ്പാ ശ്ലാഘിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: