തിരയുക

ഫ്രാൻസീസ് പാപ്പാ, ദേവാലയഗീതങ്ങൾ ആലപിക്കുന്ന കൊച്ചുഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” അന്താരാഷ്ട്ര സംയുക്ത സംഘടനയിലെ കുട്ടിഗായകരെ  വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചപ്പോൾ,30/12/23 ഫ്രാൻസീസ് പാപ്പാ, ദേവാലയഗീതങ്ങൾ ആലപിക്കുന്ന കൊച്ചുഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” അന്താരാഷ്ട്ര സംയുക്ത സംഘടനയിലെ കുട്ടിഗായകരെ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചപ്പോൾ,30/12/23  (Vatican Media)

ഗാനം, ആനന്ദവും പ്രാർത്ഥനയും വിനയത്തിൻറെ വിദ്യാലയവും, പാപ്പാ!

ദേവാലയഗീതങ്ങൾ ആലപിക്കുന്ന കൊച്ചുഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” അന്താരാഷ്ട്ര സംയുക്ത സംഘടനയിലെ (International Federation of Pueri Cantores) മൂവായിരത്തി അഞ്ഞൂറിലേറെ കുട്ടിഗായകരെയും അവരെ നയിക്കുന്നവരെയും ഫ്രാൻസീസ് പാപ്പാ ശനിയാഴ്‌ച (30/12/23) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാനത്തിലൂടെ, വിശിഷ്യ, കൂട്ടായ ഗാനാലാപനത്തിലൂടെ, ആനന്ദം പകർന്നു നല്കപ്പെടുകയും സമൂഹത്തെ പ്രാർത്ഥിക്കാൻ സഹായിക്കുകയും എളിമ അഭ്യസിക്കുകയും ചെയ്യുന്നുവെന്ന് മാർപ്പാപ്പാ.

ദേവാലയഗീതങ്ങൾ ആലപിക്കുന്ന കൊച്ചുഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” അന്താരാഷ്ട്ര സംയുക്ത സംഘടനയിലെ (International Federation of Pueri Cantores) മൂവായിരത്തി അഞ്ഞൂറിലേറെ കുട്ടിഗായകരെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്‌ച (30/12/23) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യവെ ഗാനത്തിൻറെ സിവിശേഷതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

ഗാനം, സംഘമായി ആലപിക്കുമ്പോൾ പ്രത്യേകിച്ച്, അത് ആനന്ദമായി ഭവിക്കുന്നുവെന്നും, ആ സന്തോഷം ഗാനസൃഷ്ടാക്കളിലും അത് പഠിപ്പിച്ചവരിലും അത് കൈമാറുന്നവരിലും നിന്ന് അവർക്കു ലഭിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ഉത്സാഹത്തോടെ ഗാനം ആലപിക്കുമ്പോൾ ഗായകർ ശ്രോതാക്കൾക്ക് മഹത്തായ ഒരു സമ്മാനമാണ് നല്കുന്നതെന്നും പാപ്പാ പറഞ്ഞു. സന്തോഷത്തോടെ നല്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2 കോറിന്തോസ്9,7) എന്ന വിശുദ്ധഗ്രന്ഥ വാക്യവും പാപ്പാ അനുസ്മരിച്ചു.

ദേവാലയഗായകരായ കുഞ്ഞുങ്ങൾ അവരുടെ ഗാനരൂപത്തിലുള്ള പ്രാർത്ഥന വഴി മറ്റുള്ളവരെ പ്രാർത്ഥിക്കാൻ സഹായിക്കുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു. ആലാപനം സ്നേഹത്തിൻറെ ഒരു പ്രവർത്തിയാണെന്ന് പാപ്പാ “പാടുകയെന്നത് സ്നേഹിക്കുന്നവൻറെ സവിശേഷതയാണെന്ന” വിശുദ്ധ അഗസ്റ്റിൻറെ ഉദ്ബോധനം അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.

അതുപോലെ തന്നെ പാടുന്ന വ്യക്തി, തനിച്ചു പാടുമ്പോൾ പോലും, തന്നെക്കാൾ വലുതായ ഗായകസംഘത്തിൽ ഒന്നു ചേർന്നു നില്ക്കുന്നുവെന്നും അതിൽ എല്ലാവരും, ഗായകസംഘത്തെ നയിക്കുന്നയാൾ പോലും, പരസ്പര സേവനത്തിലാണെന്നും, വിശദീകരിച്ച പാപ്പാ അതുകൊണ്ടു തന്നെ ഗാനം എളിമയുടെ വിദ്യാലയമാണെന്ന് ഉദ്ബോധിപ്പിച്ചു. ദേവാലയഗായകരായ കുഞ്ഞുങ്ങളുടെ ഗാനം ഉപരി താഴ്മയുള്ളതാണെന്നും കാരണം അത് ദൈവശുശ്രൂഷയാണെന്നും, ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറ്റുള്ളവരെ സഹായിക്കുന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഏകസ്വരത്തിൽ ഒന്നിച്ചുപാടുകയെന്നത് അത്യധികം പരിശീലനം ആവശ്യമുള്ള ആയാസകരമായ ഒരു ദൗത്യമാണെന്ന വസ്തുതയും അനുസ്മരിച്ച പാപ്പാ വിശുദ്ധ ഗീതത്തിൻറെ ആത്മാവ് ദൈവവചനമാണെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2023, 12:40