തിരയുക

എപ്പിഫനിയുടെ തിരുനാൾ ദിനത്തിൽ ഉണ്ണിയേശുവിന്റെ തിരുസ്വരൂപത്തിൽ ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പാ എപ്പിഫനിയുടെ തിരുനാൾ ദിനത്തിൽ ഉണ്ണിയേശുവിന്റെ തിരുസ്വരൂപത്തിൽ ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

പൂജരാജാക്കന്മാർ മുന്നോട്ടുവയ്ക്കുന്ന വിശ്വാസജീവിതമാതൃക

2024-ലെ എപ്പിഫനി തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സുവിശേഷപ്രഭാഷണത്തെ ആധാരമാക്കിയ ചിന്താമലരുകൾ.
പൂജരാജാക്കന്മാർ മുന്നോട്ട് വയ്ക്കുന്ന വിശ്വാസജീവിതമാതൃക - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എപ്പിഫനി, പ്രത്യക്ഷീകരണത്തിരുനാൾ എന്നൊക്കെയുള്ള പേരിൽ നാം ആഘോഷിക്കുന്നത്, പൗരസ്ത്യദേശത്തുനിന്നെത്തിയ പൂജരാജാക്കന്മാർ വിണ്ണിൽ നക്ഷത്രത്തെ കണ്ട്, ബെത്ലഹേമിലേക്ക് യാത്ര പുറപ്പെട്ട്, പുൽക്കൂട്ടിലെത്തി ഉണ്ണിയേശുവിനെ കണ്ടെത്തി ആരാധിക്കുന്ന സംഭവമാണ്. ഹൃദയമൊരു പുൽക്കൂടാക്കി മാറ്റാൻ, ഉണ്ണിയേശുവിനും തിരുക്കുടുംബത്തിനും അവിടൊരു സ്ഥലമൊരുക്കാൻ, എന്നാൽ പൂജരാജാക്കന്മാരെപ്പോലെ, വിണ്ണിന്റെ, സ്വർഗ്ഗത്തിന്റെ അടയാളങ്ങളെ കണ്ടെത്താനും, തിരിച്ചറിയാനും, അവയനുസരിച്ച് ജീവിതങ്ങളെ മാറ്റാനും ഈ തിരുനാൾ നമ്മെ ക്ഷണിക്കുന്നുണ്ട്.

പൂജരാജാക്കന്മാർ ജറുസലേമിൽ ജന്മമെടുത്ത രാജാവിനെ കാണാൻ യാത്രയാകുന്ന തിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാപ്പാ 2024-ലെ എപ്പിഫനിത്തിരുനാളിലെ തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. ഈ പൂജരാജാക്കന്മാരുടെ യാത്രയുടെയും അവരുടെ ജീവിതത്തിന്റെയും പ്രവൃത്തികളുടെയും പ്രത്യേകതകൾ എടുത്തുകാട്ടി, എപ്രകാരം ക്രിസ്‌തുമസും വിശ്വാസവുമൊക്കെ ജീവിക്കണമെന്ന് പാപ്പാ നമുക്ക് കാണിച്ചുതരുന്നു.

പാപ്പായുടെ തിരുവചനസന്ദേശത്തിലൂടെ

ദൈവത്തെ തേടി യാത്ര ചെയ്യുന്ന ആളുകളുടെ പ്രതീകങ്ങളാണ് പൂജരാജാക്കന്മാർ. അതുപോലെ തന്നെ ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ കാണുന്നതുപോലെ, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും ദൈവത്തിന്റെ ഉടമ്പടിയോട് വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന, ദൈവത്തിന്റെ വിശുദ്ധ ഗിരിയിലേക്ക് നയിക്കപ്പെടുന്ന, പരദേശികളുടെയും (ഏശയ്യാ 56, 6-7), കർത്താവിന്റെ രക്ഷയെക്കുറിച്ച് അറിയാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്ന വിദൂരസ്ഥരുടെയും (ഏശയ്യാ 33, 13), ഒരു സ്നേഹസ്വരത്തിന്റെ വിളി കേൾക്കാൻ സാധിക്കുന്ന ജീവിതത്തിൽ വഴിതെറ്റിപ്പോയവരുടെയും പ്രതീകങ്ങൾകൂടിയാണ് പൂജരാജാക്കന്മാർ. ബെത്ലഹേമിലെ ശിശുവിന്റെ ശരീരത്തിലൂടെ ദൈവത്തിന്റെ മഹത്വം എല്ലാ ജനതകൾക്കുമായി വെളിവാക്കപ്പെട്ടിരിക്കുന്നു (ഏശയ്യാ 40, 5),  എല്ലാവരും ദൈവത്തിന്റെ രക്ഷ കാണുവാൻ പോകുന്നു (ലൂക്ക 3, 6).

ജ്ഞാനികളുടെ പ്രത്യേകതകൾ

കിഴക്കുനിന്നും വന്നെത്തുന്ന മൂന്ന് ജ്ഞാനികളെ ശ്രദ്ധിക്കുമ്പോൾ, അവരിൽ മൂന്ന് പ്രത്യേകതകളാണ് നമുക്ക് കാണാൻ സാധിക്കുക എന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി, അവരുടെ കണ്ണുകൾ വിണ്ണിലേക്ക് നട്ടാണിരിക്കുന്നത്, രണ്ടാമതായി അവർ ഭൂമിയിൽ കാലുകളുറപ്പിച്ച് യാത്ര ചെയ്യുകയാണ്, മൂന്നാമതായി അവരുടെ ഹൃദയം ആരാധനയോടെ കുമ്പിട്ടിരിക്കുന്നു.

കണ്ണുകൾ വിണ്ണിലേക്ക്

ഇതിൽ ഒന്നാമതായി, കണ്ണുകൾ വിണ്ണിലുറപ്പിച്ച് ജീവിക്കുന്നവരാണ് ജ്ഞാനികൾ എന്ന പ്രത്യേകതയെക്കുറിച്ച് നമുക്ക് വിചിന്തനം ചെയ്യാം. ജ്ഞാനികൾ അനന്തതയെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിൽ ജീവിക്കുന്നവരാണ്. അവർ വാനിലെ നക്ഷത്രങ്ങളാൽ ആകർഷിക്കപ്പെടുന്നവരാണ്. തങ്ങളുടെ കാൽചുവടുകളിൽ കണ്ണുകൾ ഉടക്കി ജീവിക്കുന്നവരല്ല അവർ. സ്വയം പഴിച്ച്, ഈ ഭൂമിയുടേതായ ചക്രവാളങ്ങളിൽ തടവുകാരായി, എല്ലാത്തിനോടും തോൽവി പറഞ്ഞും, എല്ലാത്തിനെക്കുറിച്ചും കുറ്റം പറഞ്ഞും സമയം കളയുന്നവരല്ല അവർ. അവർ ശിരസ്സുയർത്തി, തങ്ങളുടെ ജീവിതലക്ഷ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു കിരണത്തിനായി, ഉന്നതത്തിൽനിന്ന് വരുന്ന രക്ഷയ്ക്കായി കാത്തിരിക്കുന്നവരാണ്. അങ്ങനെ നോക്കുമ്പോഴാണ് ഇതാ, മറ്റു നക്ഷത്രങ്ങളേക്കാൾ പ്രകാശമാനമായ ഒരു നക്ഷത്രമുദിക്കുന്നു, അത് അവരെ മുന്നോട്ട് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ഇതാണ് നമ്മുടെ അസ്തിത്വം മനസ്സിലാക്കിത്തരുന്ന യഥാർത്ഥ താക്കോൽ. നാം ഈ ലോകത്തിന്റേതായ ഇടുങ്ങിയ ചുറ്റളവുകളിൽ നമ്മെത്തന്നെ തടവുകാരാക്കി പൂട്ടിയിടുകയും, നമ്മുടെ പരാജയങ്ങളുടെയും, പശ്ചാത്താപത്തിന്റെയുമൊക്കെ ബന്ദികളായി ശിരസ്സ് കുനിച്ച് നടക്കുകയും, ദൈവികമായ വെളിച്ചത്തിനും സ്നേഹത്തിനും വേണ്ടി അന്വേഷിക്കുന്നതിന് പകരം, ലൗകികമായ വസ്തുക്കൾക്കും ആശ്വാസങ്ങൾക്കും വേണ്ടി ദാഹിക്കുകയും ചെയ്യുന്നവരാണെങ്കിൽ, നമ്മുടെ ജീവിതം അവസാനിച്ചു എന്ന് പറയേണ്ടിവരുമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. പരദേശികളായ, ഇനിയും യേശുവിനെ കണ്ടെത്തിയിട്ടില്ലാത്ത, ജ്ഞാനികൾ, ഉന്നതങ്ങളിലേക്ക് നോക്കാൻ, സ്വർഗ്ഗത്തിലേക്കുയർന്ന കണ്ണുകളോടെ ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നൂറ്റിയിരുപ്പത്തിയൊന്നാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട്, പാപ്പാ തുടരുന്നു, ‘നമുക്ക് സഹായമെത്തുന്ന പർവ്വതങ്ങളിലേക്ക് കണ്ണുകളുയർത്താൻ നമ്മെ പഠിപ്പിക്കുന്നു, കാരണം നമ്മുടെ സഹായം കർത്താവിൽനിന്ന് വരുന്നു’ (സങ്കീ. 121, 1-2).

സഹോദരീ സഹോദരന്മാരെ, കണ്ണുകൾ വിണ്ണിലുറപ്പിക്കുക എന്ന് പാപ്പാ നമ്മോട് ആവശ്യപ്പെടുന്നു. യാഥാർത്ഥ്യങ്ങളെ മുകളിൽനിന്ന് നോക്കിക്കാണാനും, പഠിക്കാനും, ഉന്നതങ്ങളിലേക്ക് ഉറപ്പിച്ച കണ്ണുകൾ നമുക്ക് ആവശ്യമുണ്ട്. ജീവിതയാത്രയിൽ, കർത്താവുമായുള്ള സൗഹൃദത്താൽ, നമ്മെ താങ്ങുന്ന അവന്റെ സ്നേഹത്താൽ, രാത്രിയിൽ നക്ഷത്രമെന്നപോലെ നമ്മെ നയിക്കുന്ന അവന്റെ വചനത്തിന്റെ വെളിച്ചത്താൽ അനുഗമിക്കപ്പെടാൻ നമുക്ക് ഇങ്ങനെ കണ്ണുകൾ ഉന്നതത്തിലേക്കുറപ്പിച്ച് നടക്കേണ്ടതിന്റെ ആവശ്യമുണ്ട്. നമ്മുടെ വിശ്വാസപ്രയാണത്തിന്റെ ജീവിതം, മതപരമായ കുറച്ച് ആചാരങ്ങളിലേക്കും, ബാഹ്യമായ ഒരു വസ്ത്രത്തിലേക്കും ചുരുങ്ങിപ്പോകാതിരിക്കാനും, നമ്മുടെ ഉള്ളിൽ എരിയുന്ന ഒരു അഗ്നിയായി മാറാനും, നാം ദൈവത്തിന്റെ മുഖം തേടുന്ന തീക്ഷ്ണതയുള്ള അന്വേഷകരും, സുവിശേഷത്തിന്റെ സാക്ഷികളുമാകാനും ഇത്തരമൊരു മനോഭാവത്തിന്റെ ആവശ്യമുണ്ട്. വൈവിധ്യമാർന്ന നമ്മുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നമ്മെ വേർതിരിക്കുന്നതിന് പകരം, ദൈവത്തെ കേന്ദ്രബിന്ദുവാക്കി നിർത്തുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നതിനായി സഭയിലും ഇത്തരമൊരു ഉന്നതത്തിലേക്കുള്ള നോട്ടത്തിന്റെ ആവശ്യമുണ്ട്. നമ്മുടെ ആശയങ്ങളോ പദ്ധതികളോ അല്ല, ദൈവം, അവനാണ് യഥാർത്ഥ കേന്ദ്രബിന്ദു. നമുക്ക് ദൈവത്തിൽനിന്ന് വീണ്ടും ആരംഭിക്കാം. ബുദ്ധിമുട്ടുകളുടെ മുന്നിൽ നിന്നുപോകാതിരിക്കാനും, പ്രതിബന്ധങ്ങളെ തരണം ചെയ്യാനും വേണ്ട ധൈര്യവും, കൂട്ടായ്‌മയിലും, ഐക്യത്തിലും ജീവിക്കുന്നതിന്റെ സന്തോഷവും അവനിൽ തേടാം,

മണ്ണിൽ ഉറപ്പിച്ച കാലുകൾ

പാപ്പാ പങ്കുവയ്ക്കുന്ന രണ്ടാമത്തെ ചിന്ത ഇതാണ്. ഉണ്ണിയേശുവിനെ കാണാനായി പുറപ്പെടുന്ന വിദ്വാന്മാർ തങ്ങളുടെ കാലുകൾ മണ്ണിലുറപ്പിച്ചാണ് നടക്കുന്നത്. അവർ ജെറുസലേമിലേക്ക് യാത്രപുറപ്പെടുന്നു. "എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്" (മത്തായി 2, 2) എന്ന് അവർ പറയുന്നു. ആകാശത്ത് തിളങ്ങുന്ന നക്ഷത്രം ഭൂമിയിലെ വഴികളിലൂടെ സഞ്ചരിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ശിരസ്സ് മുകളിലേക്കുയർത്തി, താഴേക്കിറങ്ങാനാണ് അതവരെ പ്രേരിപ്പിക്കുന്നത്. ദൈവത്തെ തേടുന്ന അവരെ, മനുഷ്യനിൽ, പുൽത്തൊട്ടിയിൽ ശയിക്കുന്ന ഒരു ശിശുവിൽ അവനെ കണ്ടെത്താൻ നക്ഷത്രം പ്രേരിപ്പിക്കുന്നു. കാരണം, ഏറ്റവും വലിയവനായ ദൈവം, ഏറ്റവും ചെറുതായ ഈ ശിശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

സഹോദരീസഹോദരന്മാരെ, ഭൂമിയിൽ കാലുകൾ ഉറപ്പിച്ച് നമ്മുടെ വിശ്വാസപ്രയാണം തുടരാമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. വിശ്വാസമെന്ന ദാനം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്, കണ്ണുകൾ വിണ്ണിൽ ഉറപ്പിച്ച് നിൽക്കാൻ മാത്രമല്ല എന്ന് യേശുവിന്റെ സ്വർഗ്ഗാരോഹണം സംബന്ധിച്ച വിവരണവുമായി ബന്ധപ്പെട്ട് പാപ്പാ ഓർമ്മിപ്പിച്ചു. (അപ്പസ്തോലപ്രവർത്തികൾ 1, 11), മറിച്ച് ലോകത്തിന്റെ വഴികളിൽ സുവിശേഷത്തിന്റെ സാക്ഷികളായി നടക്കാനാണ് നമുക്ക് വിശ്വാസം നൽകപ്പെട്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന യേശുക്രിസ്തുവെന്ന പ്രകാശം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്, നമ്മുടെ ഇരുളടഞ്ഞ നിമിഷങ്ങളിൽ ആശ്വസിക്കപ്പെടാൻ മാത്രമല്ല, മറിച്ച്, കനത്ത ഇരുളുകൊണ്ട് ചുറ്റപ്പെട്ട സാമൂഹികസാഹചര്യങ്ങളിൽ പ്രകാശത്തിന്റെ കിരണങ്ങൾ തുറക്കാനാണ്. നമ്മെ കാണാനായി വരുന്ന ദൈവത്തെ നാം കണ്ടെത്തേണ്ടത്, മനോഹരമായ മത സിദ്ധാന്തങ്ങളിൽ ഇരുപ്പുറപ്പിച്ചുകൊണ്ടല്ല, മറിച്ച് വിശ്വാസയാത്രയിലൂടെ, ദൈനംദിനയാഥാർത്ഥ്യങ്ങളിൽ അവന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ തേടിക്കൊണ്ടും, അതിലുപരി, നമ്മുടെ സഹോദരങ്ങളെ തൊട്ട്, കണ്ടുമുട്ടിയാണ്. ജ്ഞാനികൾ ദൈവത്തെ തേടുകയും, മാംസശരീരങ്ങളുള്ള ഒരു ശിശുവിനെ കണ്ടെത്തുകയും ചെയ്യുന്നു. ദൈവത്തെ മാംസശരീരങ്ങളിൽ, നമ്മുടെ അടുത്തുകൂടെ അനുദിനം കടന്നുപോകുന്ന വ്യക്തികളിൽ, പ്രത്യേകിച്ച് അവരിലെ പാവപ്പെട്ടവരിൽ കണ്ടെത്തുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ദൈവവുമായുള്ള കണ്ടുമുട്ടൽ, നമ്മെ വലുതായ ഒരു പ്രതീക്ഷയിലേക്ക് നയിക്കുന്നുവെന്ന് ജ്ഞാനികൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവവുമായുള്ള കണ്ടുമുട്ടൽ, നമ്മുടെ ജീവിതശൈലിയെ മാറ്റാനും, ലോകത്തെ പരിവർത്തനം ചെയ്യാനും പ്രേരിപ്പിക്കുന്നുവെന്ന് അവർ നമ്മെ പഠിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞ ഒരു പ്രഭാഷണം, ഫ്രാൻസിസ് പാപ്പാ ഉദ്ധരിക്കുന്നുണ്ട്. ബെനഡിക്ട് പാപ്പാ 2008 ജനുവരി 6-ന് നടത്തിയ സുവിശേഷപ്രഭാഷണത്തിൽ ഇങ്ങനെയാണ് പറഞ്ഞത്: “യഥാർത്ഥ പ്രത്യാശ നഷ്ടപ്പെട്ടാൽ, മനുഷ്യർ ലഹരികളിലും, ഉപരിപ്ലവമായവയിലും, അനാവശ്യമായവയിലും അത് തേടുകയും, തങ്ങളെത്തന്നെയും ലോകത്തെയും നശിപ്പിക്കുകയും ചെയ്യും. ഇക്കാരണത്താൽ, വലിയ പ്രത്യാശ വളർത്തുന്ന, അതുകൊണ്ടുതന്നെ ഏറെ സ്ഥൈര്യമുള്ള ആളുകളെ നമുക്ക് ആവശ്യമുണ്ട്. ഒരു നക്ഷത്രത്തെ പിന്തുടർന്ന് ഏറെ നീണ്ട ഒരു യാത്ര നടത്തിയ, ഒരു ശിശുവിന്റെ മുന്നിൽ മുട്ടുമടക്കി, അവന് അവരുടെ ഏറെ വിലയേറിയ സമ്മാനങ്ങൾ നൽകാൻ കഴിഞ്ഞ ജ്ഞാനികളുടെ ധൈര്യം നമുക്ക് ആവശ്യമുണ്ട്".

ആരാധനയിൽ പ്രണമിക്കുന്ന ഹൃദയം

മൂന്നാമതായി പാപ്പാ പങ്കുവച്ച ചിന്ത, ജ്ഞാനികളുടെ ആരാധനാമനോഭാവവുമായി ബന്ധപ്പെട്ടതാണ്. ആരാധനയിൽ പ്രണമിക്കുന്ന ഹൃദയമാണ് അവർക്കുള്ളത്. അവർ വിണ്ണിലെ നക്ഷത്രത്തെ നോക്കിക്കാണുന്നു, എന്നാൽ ഭൂമിയിൽനിന്ന് വിട്ടുനിൽക്കുന്ന ഒരു ഭക്തിമാർഗ്ഗത്തിൽ അഭയം പ്രാപിക്കാതെ, അവർ യാത്ര തിരിക്കുന്നു. അതേസമയം അവർ ലക്ഷ്യമില്ലാത്ത വിനോദസഞ്ചാരികളെപ്പോലെ അലഞ്ഞുതിരിയുകയല്ല. അവർ ബെത്ലഹേമിലെത്തുന്നു, ശിശുവിനെ കണ്ടെത്തുമ്പോൾ അവർ "അവനെ കുമ്പിട്ട് ആരാധിക്കുന്നു" (മത്തായി 2, 11). തുടർന്ന് തങ്ങളുടെ ഭണ്ണാരങ്ങൾ തുറന്ന് അവർ അവന് പൊന്നും കുന്തിരിക്കവും മീറയും സമർപ്പിക്കുന്നു. ഈ രഹസ്യാത്മകമായ സമ്മാനങ്ങൾകൊണ്ട് അവർ, തങ്ങൾ ആരാധിക്കുന്നവൻ ആരാണെന്ന് വെളിവാക്കുന്നു: സ്വർണ്ണം കൊണ്ട്, അവൻ രാജാവാണെന്നും, കുന്തിരിക്കം കൊണ്ട് അവൻ ദൈവമാണെന്നും, മീറ കൊണ്ട് അവൻ മർത്യനാണെന്നും അവർ പ്രഖ്യാപിക്കുന്നു (മഹാനായ വിശുദ്ധ ഗ്രിഗോറിയസ് ഒന്നാമൻ മാർപ്പാപ്പ, പത്താമത് എപ്പിഫനിദിന സുവിശേഷപ്രഭാഷണം, ആറാം ഖണ്ണിക). സേവനത്തിനായി വന്ന ഒരു രാജാവ്, മനുഷ്യനായിത്തീർന്ന, നമ്മോട് സഹാനുഭൂതിയുള്ള, നമുക്കൊപ്പം സഹിക്കുകയും, നമുക്കുവേണ്ടി മരിക്കുകയും ചെയ്യുന്ന ഒരു ദൈവം. ഈയൊരു രഹസ്യത്തിനുമുൻപിൽ നാം നമ്മുടെ ഹൃദയവും മുട്ടുകളും മടക്കി ആരാധിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. എളിമയിൽ വരുന്ന, നമ്മുടെ ഭവനങ്ങളുടെ സാധാരണതയിൽ വസിക്കുന്ന, സ്നേഹത്തിന്റെ പേരിൽ മരിക്കുന്ന ദൈവത്തെ ആരാധിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. "ആകാശത്തിന്റെ അഗാധതയിൽ, നക്ഷത്രങ്ങളുടെ അടയാളത്താൽ സ്വയം പ്രകടമാക്കുന്ന ദൈവം, ഇടുങ്ങിയ ഒരു സങ്കേതത്തിൽ, നവജാതശിശുവിന്റെ വസ്ത്രങ്ങളാൽ പൊതിയപ്പെട്ട ഒരു ശിശുവിന്റെ മാംസത്തിൽ തന്നെത്തന്നെ വെളിവാക്കുകയും, വിദ്വാന്മാരാൽ ആരാധിക്കപ്പെടുകയും, ദുഷ്ടന്മാർ അവനെ ഭയപ്പെടുകയും ചെയ്യുന്നു" (വിശുദ്ധ അഗസ്തീനോസ്, പ്രഭാഷണങ്ങൾ, 200). ആരാധനയുടേതായ പ്രാർത്ഥനയുടെ രുചി നമുക്ക് വീണ്ടെടുക്കാം. യേശുവിനെ നമ്മുടെ ദൈവവും കർത്താവുമായി തിരിച്ചറിയുകയും, നമ്മുടെ സമ്മാനങ്ങൾ, ഏറ്റവുമുപരിയായി, നാമെന്ന സമ്മാനത്തെത്തന്നെ അവനു സമർപ്പിക്കുകയും ചെയ്യാം.

പ്രഭാഷണം അവസാനിപ്പിക്കുമ്പോൾ, തന്റെ മൂന്ന് ചിന്തകളും പാപ്പാ വീണ്ടും ആവർത്തിച്ചു, സഹോദരങ്ങളെ, നമുക്ക് ജ്ഞാനികളെപ്പോലെ കണ്ണുകൾ വിണ്ണിലേക്കുയർത്താം, ദൈവത്തെ അന്വേഷിച്ച് യാത്ര ആരംഭിക്കാം, ആരാധനയോടെ ഹൃദയത്തിൽ പ്രണമിക്കാം. ദൈവത്തെ തേടുവാനുള്ള ധൈര്യം നഷ്ടമാകാതിരിക്കാനും, പ്രത്യാശയുള്ള മനുഷ്യരായി, നിർഭയം സ്വപ്നം കാണുകയും, വിണ്ണിനെ നിരീക്ഷിച്ച്, ലോകപാതകളിലൂടെ സഞ്ചാരിച്ച്, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ക്രിസ്തുവിന്റെ പ്രകാശം ഏവരിലേക്കുമെത്തിക്കാൻ കഴിയുന്നവരായി മാറാനും വേണ്ടിയുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

നമ്മുടെ വിശ്വാസജീവിതവും ക്രിസ്‌തുവിന്റെ പ്രത്യക്ഷീകരണത്തിരുനാളും

പാപ്പായുടെ ഈ പ്രഭാഷണത്തിലൂടെ കടന്നുപോകുമ്പോൾ, നമുക്കും നമ്മുടെ വിശ്വാസജീവിതത്തിന്റെ വളർച്ചയ്ക്കായി പ്രാർത്ഥിക്കാം. പൂജരാജാക്കന്മാരുടെ മാതൃകയിൽ, ദൈവോന്മുഖരായി, എന്നാൽ മാംസശരീരങ്ങളോടെ നമുക്കിടയിലായിരിക്കുന്ന ഒരു ശിശുവിൽ നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്താനും, സഹോദരങ്ങളുടെ ജീവിതത്തിന് അനുഗ്രഹമായി, സുവിശേഷത്തിന്റെ സാക്ഷ്യമേകി, ലോകത്തിന്റെ ഇരുളടണഞ്ഞ ഇടങ്ങളിൽ ദൈവത്തിന്റെ പ്രകാശം പരത്തി, നിർമ്മലമായ കണ്ണുകളോടെ ക്രിസ്തുവെന്ന അനുഗ്രഹത്തെ നോക്കിക്കാണാനും നമുക്ക് പരിശ്രമിക്കാം. നമ്മുടെ ജീവിതങ്ങൾ ക്രിസ്തുവിന് പ്രീതികരമായ സമ്മാനങ്ങളായി മാറാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഉണ്ണിയേശുവിന്റെ പുഞ്ചിരി നമ്മുടെ ഹൃദയവേദനകളിൽ ആശ്വാസമേകട്ടെ. തന്റെ ദിവ്യസുതനായ യേശുവിനോടുള്ള സ്നേഹത്തിൽ കൂടുതൽ ആഴപ്പെടാൻ വേണ്ട അനുഗ്രഹത്തിനായി പരിശുദ്ധ അമ്മ നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2024, 14:45