പാപ്പാ : ആശയവിനിമയം സ്നേഹം കൊണ്ടു കാണുന്ന ഹൃദയത്തിൽ നിന്ന് ആരംഭിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
Universités des communicants en Église (UCE) ആണ് ഫ്രഞ്ച് മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷനോടൊപ്പം തങ്ങളുടെ രൂപതകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും സന്യാസസഭകൾക്കും കത്തോലിക്കാ സ്ഥാപനങ്ങൾക്കും വേണ്ടി വിവിധ സ്ഥലങ്ങളിൽ ധ്യാനം സംഘടിപ്പിക്കുന്നത്. അവരുടെ ജോലി എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്ന് പങ്കുവയ്ക്കാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാക്കുന്നത്. ഈ പ്രത്യേക സംരംഭം റോമിൽ നടത്തിയത് അവരെ 2025 ലെ പ്രത്യാശയുടെ ജൂബിലിക്കായി ഒരുക്കുന്നതിനായിരുന്നു.
റോമിലെ താമസത്തിനിടയിൽ പല വത്തിക്കാൻ പ്രതിനിധികളുമായും അവർ കൂടിക്കാഴ്ച നടത്തി. അക്കൂട്ടത്തിൽ ജൂബിലിയുടെ സംഘാടനത്തിന്റെ ചുമതല വഹിക്കുന്ന നവസുവിശേഷവൽക്കരണത്തിന്റെ ഡിക്കാസ്റ്ററിയുടെ തലവൻ ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല, മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി സി. നത്തലീ മുതലായവർ ഉൾക്കൊള്ളുന്നു.
സംസാരിക്കാനുള്ള ബുദ്ധിമുട്ടു കാരണം എഴുതിവച്ച പ്രസംഗം പാപ്പാ അവർക്ക് വിതരണം ചെയ്യുകയായിരുന്നു.
അമിതസമ്പർക്കത്താൽ നിറഞ്ഞ ലോകത്തിൽ നല്ല വാർത്തകൾ കൈമാറാനുള്ള വെല്ലുവിളികളെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അവരുടെ സേവനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ചു. ജോലിയിൽ നിന്ന് കുറച്ചു ദിവസം “പങ്കു വയ്ക്കലിനും, പ്രാർത്ഥനയ്ക്കും, ശ്രവണ"ത്തിനു മായി ചിലവഴിക്കുന്നത് സഭാ മാധ്യമ പ്രവർത്തകൾ എങ്ങനെ ഈ വെല്ലവിളികൾ അഭിമുഖീകരിക്കണം എന്ന് മനസ്സിലാക്കാൻ സഹായിക്കുമെന്നും പാപ്പാ തയ്യാറാക്കിയ പ്രസംഗത്തിൽ സൂചിപ്പിക്കുന്നു.
നമ്മൾ പങ്കു വയ്ക്കുന്നവയുടെയും, നമ്മൾ സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സത്യത്തിന്റെയും, നമ്മെ ഒന്നിപ്പിക്കുന്ന യേശുവിലുള്ള ഐക്യത്തിന്റെയും വേരുകൾ കണ്ടെത്താനും അതേപോലെ നമ്മുടെ പങ്കു വയ്ക്കലിന്റെ ലക്ഷ്യം നമ്മുടെ വ്യക്തിപരമായ തന്ത്രങ്ങളോ വ്യവഹാരമോ അല്ല എന്ന് തിരിച്ചറിയാനും അത് ഉപകരിക്കും. എല്ലാം സാങ്കേതിക പുരോഗതിയിൽ കേന്ദ്രീകരിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
കത്തോലിക്കാ ആശയവിനിമയ പ്രവർത്തനം ഒരു പ്രചരണമല്ല അത് അപരന്റെ പരിപാലനമാണ് അതിനാൽ ആശയ വിനിമയം ഹൃദയം കൊണ്ടാവണമെന്നു മാത്രമല്ല ലോകത്തിന്റെ കാഴ്ചപ്പാടിനെയും വിഭാഗീയതകളെയും തകിടം മറിക്കുന്നതുമാവണം. അപകടകരമായ വാക്കുകളും, അധികാര സ്വപ്നവും, മഹത് വൽക്കരണവും കൊണ്ട് മലീമസമായ ഇന്നത്തെ ആശയ വിനിമയ പ്രവർത്തനത്തിൽ സുവിശേഷ സമൂലവൽക്കരണം (Evangelical Radicalism) ആവശ്യമാണെന്ന് പാപ്പാ അടിവരയിട്ടു.
കത്തോലിക്കാ ആശയവിനിമയ പ്രവർത്തകർക്ക് ലോകത്തിൽ നടക്കുന്ന സംഭവങ്ങൾക്ക് ഒരു ക്രൈസ്തവ വ്യാഖ്യാനം കൊടുക്കാൻ കഴിയണം എന്ന് സൂചിപ്പിച്ച ശേഷം ക്രൈസ്തവ സാക്ഷ്യം, സുവിശേഷം പങ്കുവയ്ക്കാനുള്ള ധൈര്യം, വിദൂരങ്ങളിലേക്ക് കാണാനുള്ള ഒരു നോട്ടം എന്നിവയായിരിക്കണം അവരുടെ മനസ്സിൽ സൂക്ഷിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങളെന്നും പാപ്പാ വിശദീകരിച്ചു.
“നമ്മുടെ ആശയവിനിമയം സ്നേഹം കൊണ്ടു കാണുന്ന ഹൃദയത്തിൽ നിന്നാരംഭിച്ചാൽ എല്ലാം വ്യക്തമായിരിക്കും“, പാപ്പാ ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: