പാപ്പാ : ജീവന്റെ വചനത്തെ തിരിച്ചറിയാൻ വചന ഞായർ സഹായിക്കട്ടെ!
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ദൈവവചനത്തെ വ്യക്തി ജീവിതത്തിന്റെയും സമൂഹ ജീവിതത്തിന്റെയും കേന്ദ്രമാക്കുവാനുള്ള ആഹ്വാനമാണ് ദൈവവചന ഞായർ ആഘോഷത്തിന്റെ ലക്ഷ്യം. ഓരോ ആരാധനാ വർഷത്തിന്റെയും മൂന്നാമത്തെ ഞായറാഴ്ചയാണ് വചന ഞായർ ആയി ആചരിക്കുക. വിശ്വാസികളോടു കൈവശം എപ്പോഴും ഒരു സുവിശേഷ ഗ്രന്ഥം കൊണ്ടു നടക്കാൻ ക്ഷണിച്ച പാപ്പാ ആഘോഷത്തിന്റെ ഭാഗമായി ബസിലിക്കയിൽ മർക്കോസിന്റെ സുവിശേഷം വിതരണം ചെയ്യുകയും ചെയ്തു.
അയ്യായിരം പേരോളം സംബന്ധിച്ച ദിവ്യബലി മദ്ധ്യേ രണ്ട് സ്ത്രീകൾക്ക് പാപ്പാ ദൈവവചന പ്രലോഷണ ശുശ്രൂഷാ (Lectorate) പദവിയും, ഒമ്പത് പേർക്ക് മതബോധന ശുശ്രൂഷാ (Catechist) പദവിയും നൽകി. ബ്രസീൽ, ബൊളീവിയ, കൊറിയാ, ചാദ്, ജർമ്മനി, അൻറ്റില്ലെ എന്നിവിടങ്ങളിൽ നിന്നുള്ള അൽമായരായ ഇവരുടെ കരങ്ങളിൽ വിശുദ്ധഗ്രന്ഥവും കുരിശുരൂപവും നൽകിക്കൊണ്ട് ദൈവത്തിലേക്ക് ആകർഷിതരാവുകയും മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുവാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു.
ദൈവത്തിലേക്ക് ആകർഷിക്കുകയും മറ്റുള്ളവരിലേക്ക് അയക്കുകയും ചെയ്യുന്ന വചനം
ദൈവവചനം ദൈവത്തിലേക്ക് ആകർഷിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പുറപ്പെടുവിക്കുകയും ദൈവത്തിൽ നിന്ന് വിദൂരത്തായിരിക്കുന്നവരിലേക്ക് അവരെ അയക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ദിവ്യബലിയുടെ വായനകളിൽ നിന്ന് യേശുവിന്റെ വചനം കേട്ട് അവനെ അനുഗമിച്ച ശിഷ്യരുടേയും നിനേവെയിലേക്ക് അയക്കപ്പെട്ട യോനാ പ്രവാചകന്റെയും കഥകളിലൂടെയാണ് ഇത് പാപ്പാ വിശദീകരിച്ചത്. നമ്മിലേക്ക് തന്നെ ചുരുങ്ങുന്നതിനുള്ള പ്രവണത വെടിഞ്ഞ് ഹൃദയങ്ങൾ വിശാലമാക്കി, വഴി തിരിച്ച്, സ്വഭാവങ്ങൾക്ക് പരിവർത്തനം വരുത്തി ദൈവവചനം പുതിയ രംഗങ്ങളിലേക്കും അചിന്തനീയമായ ചക്രവാളങ്ങളിലേക്കും തുറന്നു തരും എന്ന് ദൈവ വചനത്തിന്റെ ശക്തി വിവരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.
യേശുവിന്റെ വചനം കേട്ട് വലകളുമുപേക്ഷിച്ച് സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ട ശിഷ്യരെ പോലെ നമ്മുടെ ജീവിതത്തിന്റെ തീരങ്ങളിൽ കുടുംബമാകുന്ന വഞ്ചികൾക്കും അനുദിനചര്യകളുടെ വലകൾക്കുമരികെ വചനം നമ്മെ യേശുവിന്റെ വിളി കേൾക്കാൻ ഇടയാക്കുന്നു. അത് അവനോടൊപ്പം മറ്റുള്ളവർക്കായി ഇറങ്ങി പുറപ്പെടാൻ നമ്മെ വിളിക്കുകയും ദൈവത്തിന്റെ സന്ദേശവാഹകരും സാക്ഷികളുമാകുന്ന ദൗത്യവാഹകർ (missionary) ആക്കുന്നു. ക്രിസ്തുവിനാൽ വിളിക്കപ്പെടുകയും ആകർഷിക്കപ്പെടുകയും ലോകത്തിൽ സാക്ഷികളായി അയക്കപ്പെടുകയും ചെയ്യുക എന്നതാണ് സഭ ജീവിക്കുന്ന ചലനാത്മകത, പാപ്പാ തന്റെ വചനപ്രഘോഷണത്തിൽ വ്യക്തമാക്കി.
ഒരു വ്യക്തിപരമായ സംവാദത്തിൽ എന്നപോലെ ഹൃദയത്തെ സ്പർശിക്കുകയും ആത്മാവിൽ യേശുവിന്റെ സമാധാനം നവീകരിക്കുകയും മറ്റുള്ളവരെക്കുറിച്ച് കരുതലുള്ളവരാകാൻ നമ്മെ ഒരുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ വചനവും അതിന്റെ ശാന്തവും നിഷ്കളങ്കവുമായ ശക്തിയുമില്ലാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. ചരിത്രത്തിൽ സുവിശേഷത്തിന്റെ സാക്ഷികളും ദൈവത്തിന്റെ ചങ്ങാതിമാരുമായിരുന്ന വിശുദ്ധരെ നോക്കിയാൽ അവർ ഓരോരുത്തരുടെയും ജീവിത പരിവർത്തനത്തിന് ദൈവവചനം നിർണ്ണായകമായിരുന്നു എന്ന് വിശുദ്ധ ആന്റണി ആബട്ട്, അഗസ്റ്റിൻ, കൊച്ചുത്രേസ്യാ, ഫ്രാൻസിസ് അസീസ്സി തുടങ്ങിയരുടെ ജീവിതോദാഹരണങ്ങളിലൂടെ ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.
ദൈവവചനം വായിച്ചു പ്രാർത്ഥിക്കുക
എന്നാൽ പലവട്ടം വചനം ശ്രവിക്കുന്ന നമ്മിൽ അങ്ങനെ സംഭവിക്കാത്തത് ദൈവവചനത്തോടു നാം ബധിരരായിരിക്കുന്നത് കൊണ്ടാവാമെന്ന് പാപ്പാ അനുമാനിച്ചു. വാക്കുകളുടെ കുത്തൊഴുക്കുകളിൽ മുഴുകി ദൈവവചനം നമ്മെ തൊടാതെ വഴുതിപ്പോകാൻ ഇടയാക്കുന്നു. നാം അത് കേൾക്കും എന്നാൽ ശ്രദ്ധിക്കില്ല; ശ്രദ്ധിക്കും, എന്നാൽ പാലിക്കില്ല; സൂക്ഷിക്കും, എന്നാൽ ജീവിത മാറ്റത്തിന് പ്രചോദനമാക്കില്ല. എല്ലാറ്റിലുമുപരി, നാം വായിക്കും എന്നാൽ അത് വച്ച് പ്രാർത്ഥിക്കാത്തതാണ് കാരണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദേയി വെർബൂം എന്ന പ്രമാണം (Dv 25) ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ക്രൈസ്തവ പ്രാർത്ഥനയുടെ രണ്ട് അടിസ്ഥാന ഘടകങ്ങളാണ് ദൈവ വചനം ശ്രവിക്കുകയും കർത്താവിനെ ആരാധിക്കുകയും ചെയ്യുന്നത്. അതിനാൽ യേശുവിന്റെ വാക്കുകളെ പ്രാർത്ഥനയോടെ വായിക്കാൻ ജീവിതത്തിൽ ഇടം കൊടുക്കാൻ പാപ്പാ ആവശ്യപ്പെട്ടു. അപ്പോൾ ആദ്യ ശിഷ്യർക്കുണ്ടായ അതേ അനുഭവം നമുക്കും ഉണ്ടാകും. ആരാധനാക്രമത്തിലെ വായനകളാൽ സുവിശേഷ ഭാഗത്തുനിന്ന് (മർക്കോ 1,18) “അവർ വലകൾ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു" എന്ന വാക്യത്തിൽ നിന്ന് അവരുടെ രണ്ട് പ്രതികരണങ്ങളെ പാപ്പാ തന്റെ വചന പ്രഘോഷണത്തിൽ വിശദമായി വിചിന്തനം ചെയ്തു.
അവർ ഉപേക്ഷിച്ചു
വള്ളവും വലകളും ഉപേക്ഷിക്കുക എന്നാൽ അവർ അതുവരെ ജീവിച്ചു വന്ന ജീവിതം ഉപേക്ഷിച്ചു എന്നാണർത്ഥം. ദൈവവചനത്തോടു പ്രത്യുത്തരിക്കുമ്പോൾ ജീവിക്കുന്ന വചനം നമ്മുടെ കഴിഞ്ഞ കാല മുറിവുകൾ സുഖപ്പെടുത്തി. അതിൽ ദൈവത്തെയും അവന്റെ പ്രവർത്തികളെയും ചേർത്തു വയ്ക്കും. നമ്മൾ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടരും പ്രിയപ്പെട്ട ദൈവമക്കളാണെന്നുമുള്ള ബോധ്യം വിശുദ്ധ ഗ്രന്ഥം നമ്മിൽ ഉറപ്പിക്കുന്നു. ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും, ഭയമകറ്റി ഏകാന്തതയെ മറികടക്കാനും സഹായിക്കുന്ന ദൈവവചനം വിശ്വാസം നവീകരിക്കുകയും, ശുദ്ധീകരിക്കുകയും, സുവിശേഷത്തിന്റെ ശുദ്ധമായ ഉറവിടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദൈവം നമുക്കായി ചെയ്തവ വിവരിച്ചുകൊണ്ട് വിശുദ്ധ ഗ്രന്ഥം നമ്മുടെ മരവിച്ച വിശ്വാസത്തെ മോചിപ്പിച്ച് കർത്താവുമായുള്ള ഒരു സ്നേഹകഥയായ യഥാർത്ഥ ക്രൈസ്തവ ജീവിതം വീണ്ടും രുചിക്കാൻ ഇടയാക്കുകയും ചെയ്യും.
അവർ അനുഗമിച്ചു
ഗുരുവിന്റെ കാലടികൾ പിൻതുടർന്ന് ശിഷ്യർ മുന്നോട്ടു നീങ്ങി. കാരണം, ക്രിസ്തുവിന്റെ വചനം നമ്മൾ വഹിക്കുന്ന ഭൂത-വർത്തമാനകാല ഭാരങ്ങളിൽ നിന്ന് നമ്മെ മോചിക്കുക മാത്രമല്ല സത്യത്തിലും സ്നേഹത്തിലും പക്വതയുള്ളവരാക്കുകയും ചെയ്യുന്നു. അത് ഹൃദയത്തെ പുനരുജ്ജീവിപ്പിക്കുകയും, വെല്ലുവിളിക്കുകയും, കപടതകളിൽ നിന്ന് ശുദ്ധീകരിക്കുകയും പ്രത്യാശയാൽ നിറയ്ക്കുകയും ചെയ്യും. വചന ഭാഗങ്ങളിലൂടെ പരിശുദ്ധ പിതാവ് വിശ്വാസത്തിന് സുദൃഢത നൽകുകയും ആത്മാവിന് ആഹാരവും ആത്മീയ ജീവിതത്തിന് ശുദ്ധവും തെറ്റാത്ത അടിത്തറയും നൽകുന്ന (DV 21) ദൈവ വചനത്തിന്റെ ശക്തിയെയും കുറിച്ച് വിശദീകരിച്ചു.
വചന ഞായർ ഉറവിടങ്ങളിലേക്കുള്ള തിരിച്ചു പോക്ക്
ദൈവവചന ഞായർ വിശ്വാസത്തിന്റെ ഉറവിടത്തിലേക്ക് സന്തോഷത്തോടെ തിരിച്ചെത്താൻ നമ്മെ സഹായിക്കുന്നു. സഭയെ കുറിച്ചുള്ള വാക്കുകളാൽ സംരക്ഷിക്കപ്പെട്ട നമ്മെ സഭയിൽ പ്രതിധ്വനിക്കുന്ന ജീവന്റെ വചനത്തെ തിരിച്ചറിയാൻ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. അല്ലെങ്കിൽ, അവനെക്കുറിച്ച് സംസാരിക്കുന്നതിലേറെ നമ്മെക്കുറിച്ച് സംസാരിക്കുകയും, ക്രിസ്തുവിലും അവന്റെ വചനത്തിലും ശ്രദ്ധിക്കുന്നതിനേക്കാൾ നമ്മുടെ ചിന്തകളിലും പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി. അതിനാൽ ദാഹിക്കുകയും എന്നാൽ കണ്ടെത്താൻ കഴിയാതെ വലയുകയും ചെയ്യുന്ന ലോകത്തിന് ജീവജലം നൽകാൻ നമുക്ക് ഉറവിടങ്ങളിലേക്കു തിരിച്ചു പോകാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സമൂഹവും സാമൂഹ്യ മാധ്യമങ്ങളും വാക്കുകളുടെ അക്രമം പ്രതിഫലിപ്പിക്കുമ്പോൾ നമുക്ക് രക്ഷ നൽകുന്ന ശാന്തമായി നമ്മുടെ ഹൃദയങ്ങളിലെത്തുന്ന ദൈവ വചനത്തെ സമീപിക്കാനും പരിപോഷിപ്പിക്കാനും പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. ദൈവവചനത്തിന് നാം ജീവിക്കുന്നിടത്ത് കൊടുക്കുന്ന സ്ഥാനത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സ്വയം ചോദ്യം ചെയ്യാനും പരിശോധിക്കാനും ആവശ്യപ്പെട്ട പരിശുദ്ധ പിതാവ് ക്രിസ്തുവാണ് നമുക്ക് ഏറ്റം പ്രിയപ്പെട്ടവനെങ്കിൽ അവന്റെ വചനത്തെ എങ്ങനെയാണ് കൂടെ കൊണ്ടു നടക്കാൻ കഴിയാത്തതെന്ന് പറഞ്ഞു കൊണ്ട് ജീവന്റെ പുസ്തകമായ സുവിശേഷം കൂടെ കൊണ്ടു നടക്കാനും ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: