പാപ്പാ: യുവത്വം ലോകം കൈയിലെടുക്കാനല്ല ലോകത്തിനായി കൈകൾ മലിനമാക്കാനാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പത്തു വർഷത്തോളം ഡിക്കാസ്റ്റെറികളുമായും ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന പാപ്പായുടെ പ്രതിനിധി സംഘത്തോടും സഹകരിക്കുന്ന സ്ഥാപനമാണ് തൊണിയോളോ യങ് പ്രൊഫഷണൽ അസോസിയേഷൻ.
മേലോട്ടും മുന്നിലേക്കും നോക്കാത്ത “ഇവിടെ ഈ നേരം” എന്നു മാത്രം പരിഗണിക്കുന്ന ചിലർ “ഹ്രസ്വചിന്ത” എന്നു വിളിക്കുന്ന ഇന്നത്തെ കാലഘട്ടത്തിന്റെ ചിന്താരീതി യാഥാർത്ഥ്യങ്ങളെ കുറ്റപ്പെടുത്തുകയും വളച്ചൊടിക്കുകയുമാണ് അല്ലാതെ അപരന്റെ നന്മയോ സകലരുടേയും ഭാവിയോ പരിഗണിക്കുന്നതല്ല എന്ന് ആമുഖത്തിൽ തന്നെ പാപ്പാ പറഞ്ഞു വച്ചു. സ്വന്തം സർഗ്ഗശക്തി തെളിയിക്കാൻ പരിശ്രമിക്കാതെ ഒരു കംപ്യൂട്ടറിന്റെയോ സ്മാർട്ട് ഫോണിന്റെയോ സ്ക്രീനിനു മുന്നിൽ എരിഞ്ഞു തീരുന്ന യുവത്വങ്ങളെക്കുറിച്ചുള്ള തന്റെ ആകുലത വെളിപ്പെടുത്തിയ പാപ്പാ യുവാവായിരിക്കുക എന്നത് ലോകം കൈകളിലെടുക്കാൻ ചിന്തിക്കുന്നതിലല്ല മറിച്ച് ലോകത്തിനായി കൈകൾ മലിനമാക്കാനും, ജീവിതം സുരക്ഷിതമാക്കുന്നതിനേക്കാൾ ചിലവഴിക്കാൻ ഒരു ജീവിതം മുന്നിൽ ഉണ്ടാകുന്നതിനും വേണ്ടിയാണ് എന്ന് വിശദീകരിച്ചു.
ഇത്തരം ചിന്താഗതിക്കുള്ള മറുമരുന്നാണ് ഉയരങ്ങളിലേക്ക് നക്ഷത്രങ്ങൾ നോക്കുന്ന യുവാക്കളായ തൊണിയോളോ പ്രൊഫഷണലുകളുടേതെന്ന് നിരീക്ഷിച്ച പാപ്പാ യുവാക്കൾക്ക് മാത്രം നമുക്ക് തരാൻ കഴിയുന്ന സത്യത്തിനായുള്ള ദാഹവും, സമാധാനത്തിനായുള്ള മുറവിളിയും, ഭാവിയെക്കുറിച്ചുള്ള ഉള്ളുണർവ്വും, പ്രത്യാശ പകരുന്ന പുഞ്ചിരിയും നമുക്കാവശ്യമുണ്ടെന്ന് അറിയിച്ചു. അവരുടെ പ്രവർത്തനമേഖലകളിൽ ഇവയെല്ലാം ധൈര്യപൂർവ്വം പകർന്നു നൽകാൻ പരിശുദ്ധ പിതാവ് അവരെ ആഹ്വാനം ചെയ്‌തു.
സ്വയം ദാനമാകുമ്പോഴാണ് അനന്യവും അമൂല്യവുമായ ദാനങ്ങൾ കണ്ടെത്തുക. അതിനാൽ അപകടപ്പെടുമെന്ന പേടിയാൽ അവരായിരിക്കുന്ന നന്മ പിടിച്ചു വയ്ക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സൃഷ്ടി നമ്മെ ഓരോരുത്തരെയും ഒരുമയുടേയും സൗന്ദര്യത്തിന്റെയും സൃഷ്ടാക്കളാകാൻ ക്ഷണിക്കുന്നു. ആത്മാവിനെ സ്തംഭിപ്പിക്കുകയും ബോധം കെടുത്തുകയും ചെയ്യുന്ന സാമൂഹ്യ മാധ്യങ്ങളുടെ മായാലോകത്തിന്റെ അടിമത്വത്തിൽ നിന്ന് മറ്റുള്ളവർക്കായി എന്തെങ്കിലും നന്മകണ്ടെത്താൻ പുറത്തേക്കു വരാൻ യുവാക്കളെ പാപ്പാ ആഹ്വാനം ചെയ്തു. “ തിരിച്ചു കിട്ടാനായി ചെയ്യുന്ന” “ജോലി ചെയ്യുന്നത് സമ്പാദിക്കാൻ” എന്ന യുക്തിയിൽ നിന്ന് ദാനമായി നൽകുന്ന ദൈവം ലോകം സൃഷ്ടിച്ച ഒരു ശൈലിയിലേക്ക് മാറാൻ പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. ലാഭത്തിൽ സന്തോഷിക്കുന്ന ഒരു ലോകത്തിൽ പുതുമയുടെ തെളിച്ചമാകാൻ സർഗ്ഗാത്മരാവുക, പാപ്പാ പറഞ്ഞു.
വിശ്വാസത്തിൽ നിന്ന് ജീവിക്കാനുള്ള സന്തോഷത്തിന് നിറം കൊടുക്കുകയും തന്റെ കാലത്തിന്റെ പ്രശ്നങ്ങളെ ഭയമില്ലാതെ അഭിമുഖീകരിച്ചു കൊണ്ട് സാമ്പത്തിക ശാസ്ത്രത്തിന് ഒരു മനുഷ്യമുഖം നൽകുകയും ചെയ്ത ദൈവ ദാസനായ ജൂസെപ്പെ തോണിയോളോയുടെ സാക്ഷ്യം ജീവിതം വെറുതെ നടത്തിക്കൊണ്ടു പോകലിനല്ല മറിച്ച് ദാനമാക്കാനാണ് ആവശ്യപ്പെടുന്നത് എന്നതിന് സഹായിക്കും.
ഇക്കാര്യങ്ങളെല്ലാം ഏറ്റം അടിയന്തിരമായ സമാധാനം എന്ന വിഷയത്തിൽ മൂർത്തമാകാൻ ആഗ്രഹിച്ച പാപ്പാ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായിക്കൊണ്ടിരികുന്ന ആഴമാർന്ന കിടങ്ങുകൾ നികത്താൻ ആവശ്യമായ നയതന്ത്രത്തിലെ സ്വാഭാവിക ഘടകങ്ങളെ കുറിച്ചു സംസാരിച്ചു. ആയുധങ്ങളുപയോഗിക്കാതെ സമാധാനത്തിനായി സ്വപ്നം കാണാനും - ചർച്ച ചെയ്യാനും - സാഹസത്തിനു മുതിരാനും ശ്രമിക്കാത്തതിനെ അപലപിച്ച പാപ്പാ സാഹോദര്യത്തിന്റെയും പ്രത്യാശയുടെ പുതിയ താളുകൾ എഴുതാൻ ധാർഷ്ഠ്യവും ധൈര്യവുമാർന്ന ഒരു നീക്കം നന്മ ഉള്ളിൽ സ്വീകരിക്കുകയും സുവിശേഷം അതായിരിക്കുന്ന പോലെ വെല്ലുവിളിക്കുകയും ചെയ്യുന്ന യുവാക്കൾക്കേ കഴിയൂ എന്നും അവരെ ഓർമ്മിപ്പിച്ചു.
സമ്പദ് വ്യവസ്ഥ, പട്ടിണിക്കെതിരെയുള്ള പോരാട്ടം, ഉൽപ്പാദനം തുടങ്ങി ആയുധ വ്യവസായം, കാലാവസ്ഥ വരെയുള്ള മറ്റു പല വശങ്ങളിലും നവീകരണവും സർഗ്ഗാത്മകതയും ആവശ്യമുണ്ട്. അവരെ ഈ സ്വപ്നങ്ങൾ ഏല്പിക്കുന്നതിൽ ഉള്ള ഉൽസാഹം രേഖപ്പെടുത്തിക്കൊണ്ടും, അതിനെക്കാളേറെ അവരെ കാണുന്നതിൽ യേശു സന്തോഷിക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: