റോമാ രൂപതയിലെ 800 വരുന്ന വൈദീകരുമായി ഫ്രാൻസിസ് പാപ്പാ വി. ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച്  നടത്തിയ കൂടിക്കാഴ്ച. റോമാ രൂപതയിലെ 800 വരുന്ന വൈദീകരുമായി ഫ്രാൻസിസ് പാപ്പാ വി. ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് നടത്തിയ കൂടിക്കാഴ്ച.  (Vatican Media)

പാപ്പാ : ക്രിസ്തുവിന്റെ വിശ്വസനീയ സാക്ഷികളാവുക

റോമാ രൂപതയിലെ 800 വരുന്ന വൈദീകരുമായി ഫ്രാൻസിസ് പാപ്പാ വി. ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികളായി മാറാനും അവരുടെ വചനപ്രഘോഷണങ്ങൾ ഹ്രസ്വവും സ്പഷ്ടവുമാക്കാൻ ആവശ്യപ്പെട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റോമിലെ വൈദീകരുമായുള്ള പരിശുദ്ധ പിതാവിന്റെ വാർഷിക കൂടിക്കാഴ്ചയായിരുന്നു ശനിയാഴ്ച രാവിലെ നഗരത്തിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് ബസിലിക്കായിൽ വച്ച് നടന്നത്. ഒമ്പത് മണിയോടെ എത്തിയ പാപ്പയെ രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ചലോ ദെ ദൊണാത്തിസ് സ്വാഗതം ചെയ്തു. രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും, സന്യാസ വൈദീകരും, സ്ഥിരം ഡീക്കന്മാരും ഉൾപ്പെടുന്ന  സമൂഹത്തെ അഭിസംബോധന ചെയ്ത റോമിന്റെ മെത്രാനായ പാപ്പാ മുഴുവൻ സഭാ സമൂഹത്തിന്റെയും സുവിശേഷവൽക്കരണത്തിനായി അഭ്യർത്ഥിച്ചു. കോവിഡ്  മഹാമാരി കാരണം നിർത്തിവച്ചിരുന്ന ഇടവക സന്ദർശനം തുടരുമെന്നും പാപ്പാ അവരെ അറിയിച്ചു.

റോമാ രൂപതയെ ഒരു “മിഷനറി നാട്” എന്ന് വിശേഷിപ്പിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വളരെ തുറന്നതും, സൗഹാർദപരവുമായ സംവാദമായിരുന്നു വൈദീകരും പാപ്പായുമായി നടന്നത് എന്ന് റോമാ രൂപത ഒരു പ്രസ്താവനയിൽ അറിയിച്ചു. മൂന്നു മണിക്കൂറുകളോളം നീണ്ട കൂടിക്കാഴ്ചയിൽ വൈദികരോടു സ്വാതന്ത്ര്യത്തോടെയും ആത്മാർത്ഥതയോടും  ചോദ്യങ്ങൾ ചോദിക്കാൻ ക്ഷണിച്ച പാപ്പാ അതിന് അവർക്ക് മറുപടിയും നൽകി. വിജാതീയ സാഹചര്യങ്ങളിലെ സവിശേഷവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച പാപ്പാ വിശ്വസനീയമായ സാക്ഷ്യത്തിന്റെ പ്രധാന്യവും ഉയർത്തിക്കാണിച്ചു.

സ്വവർഗ്ഗ ദമ്പതികളുടെ ആശീർവ്വാദത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ട്, പാപത്തെയല്ല വ്യക്തികളെയാണ് ആശീർവദിക്കുന്നതെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹിക കൂദാശയുടെ അനുശാസനത്തിന്  ഒരു മാറ്റവും ഇല്ല എന്നും അവരോടു പറഞ്ഞു.

ആഫ്രിക്കയിൽ ജനിച്ച ഒരു വൈദീകന്റെ ചോദ്യത്തിന് ആഫ്രിക്കയുടെ സംസ്കാരം ഈ ആശീർവ്വാദം അംഗീകരിക്കാത്തത് അവിടത്തെ വ്യത്യസ്ഥങ്ങളായ സംവേദനക്ഷമതകൾ കൊണ്ടാണെന്ന് പാപ്പാ പറഞ്ഞു. ഇക്കാര്യം അവിടത്തെ മെത്രാൻ സമിതികളുടെ കൂട്ടായ്മയുടെ തലവൻ കർദ്ദിനാൾ ഫ്രിദൊളിനുമായി വിശദീകരിച്ചിട്ടുണ്ട് എന്നും പാപ്പാ അറിയിച്ചു.

ഏതാണ്ട് മുപ്പതോളം ചോദ്യങ്ങൾക്ക് പാപ്പാ ഉത്തരം നൽകി വിശദീകരിച്ചു. പലരും സഭ പുറപ്പെടുവിക്കുന്ന പാഠങ്ങൾ ശരിയായി വായിക്കാറില്ല എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ മറച്ചുവയ്ക്കുകയല്ല മറിച്ച് തരണം ചെയ്യുകയാണ് വേണ്ടത്.  വൈദീകരോടു എപ്പോഴും ക്ഷമിക്കുന്നവരായിരിക്കാനും സ്ഥിരം ഡീക്കന്മാർ ആവശ്യമുള്ളവർക്ക് ശുശ്രൂഷ ചെയ്തു കൊണ്ട് ജനങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നും പാപ്പാ പറഞ്ഞു. വചന പ്രഘോഷണങ്ങൾ ഏഴ് മുതൽ എട്ട് മിനിറ്റു വരെയുള്ളവയാക്കി ചുരുക്കാനും അത് വളച്ചു കെട്ടില്ലാതെ പറയാനും ഓർമ്മിപ്പിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2024, 15:17