ചോക്കോ പ്രകൃതിദുരന്തങ്ങളിലെ ഇരകൾക്ക് പാപ്പായുടെ അനുശോചനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജനുവരി പതിനഞ്ചാം തിയതി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പു വച്ച് ക്വിബ്ഡോയിലെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ, മോൺ. മരിയോ ദെ ജെസൂസ് അൽവാരെസ് ഗോമസിനയച്ച ഫ്രാൻസിസ് പാപ്പയുടെ ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ തന്റെ അനുശോചനം അറിയിച്ചത്.
സംഭവിച്ച ജീവഹാനിയെക്കുറിച്ച് അറിഞ്ഞതിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തന്റെ അതീവ ദുഃഖം രേഖപ്പെടുത്തി. ചോക്കോ മേഖലയിൽ നാശം വിതച്ച പ്രകൃതി ദുരന്തത്തിലെ നിരവധിയായ ഇരകളെക്കുറിച്ചും വ്യാപകമായ ഭൗതിക നാശനഷ്ടങ്ങളെക്കുറിച്ചും പാപ്പാ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രകൃതി ദുരന്തത്തിൽ അന്തരിച്ച ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുന്നതിന് തന്റെ തീവ്രമായ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത പാപ്പാ ദുഃഖിതരായ കുടുംബങ്ങൾക്കും നിലവിൽ വേദനയും അനിശ്ചിതത്വവും അനുഭവിക്കുന്നവർക്കും സാന്ത്വനമേകാൻ കർത്താവിനോടു ആത്മാർത്ഥമായി അപേക്ഷിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തി. കാണാതായ വ്യക്തികൾക്കായുള്ള തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ നന്ദി അറിയിക്കുകയും ദൈവാനുഗ്രഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ഈ ദുരന്തം ബാധിച്ചവർക്കുവേണ്ടി തന്റെ പുത്രനായ ക്രിസ്തുവിനോടു പ്രാർത്ഥിക്കാ൯ പരിശുദ്ധ കന്യാമറിയത്തോടു മാധ്യസ്ഥം യാചിച്ച പാപ്പാ ദുരിതമനുഭവിക്കുന്നവരോടുള്ള തന്റെ ആത്മീയ സാമീപ്യത്തിന്റെ അടയാളമായി തന്റെ വാത്സല്യപൂർണ്ണമായ അപ്പോസ്തോലിക ആശീർവ്വാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: