ഫ്രാൻസിസ് പാപ്പാ സിസ്റ്റൈൻ ചാപ്പലിൽ പതിനാറ് ശിശുക്കൾക്ക് മാമ്മോദീസാ നൽകി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജനുവരി ഏഴാം തിയതി തിരുസഭാ മാതാവ് കർത്താവിന്റെ മാമ്മോദീസ തിരുന്നാൾ ആഘോഷിച്ച ദിനത്തിൽ സിസ്റ്റൈൻ ചാപ്പലിൽ ഫ്രാൻസിസ് പാപ്പാ കുട്ടികൾക്ക് മാമ്മോദീസാ നൽകിക്കൊണ്ട് വിശ്വാസം എങ്ങനെ സ്വീകരിക്കാമെന്നതിന് സാക്ഷ്യം നൽകുന്ന ആ കുട്ടികളും ഇന്നത്തെ ആഘോഷത്തിന്റെ നായകരാണെന്ന് വിശദീകരിച്ചു. പാപ്പാ സംസാരിക്കുമ്പോൾ കുട്ടികളെല്ലാം നിശബ്ദരായിരുന്നുവെങ്കിലും, ആരെങ്കിലും ഒരാൾ കരഞ്ഞു തുടങ്ങിയാൽ മാത്രം മതി പിന്നെ കച്ചേരി ആരംഭിക്കുമെന്ന് തമാശ രൂപേണ പറയും എന്നാൽ ഇനി അവർ കരയുകയാണെങ്കിൽ കരഞ്ഞോട്ടെ എന്ന് മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. അതുപോലെ, അവർക്ക് വിശക്കുന്നുവെങ്കിൽ ഭക്ഷണം നൽകാൻ മടിക്കേണ്ടയെന്നും പാപ്പാ നിർദ്ദേശിച്ചു. വിശ്വാസത്തിന്റെ ദാനം സ്വീകരിക്കാൻ തയ്യാറെടുക്കുന്ന അവരാണ് ആ ദിവസം തീരുമാനങ്ങളെടുക്കുന്നത്, പാപ്പാ പറഞ്ഞു. വാസ്തവത്തിൽ അവർ നമുക്കും വിശ്വാസത്തിന്റെ ഒരു മാതൃകയാകട്ടെയെന്നും നിഷ്കളങ്കതയോടും തുറന്ന ഹൃദയത്തോടും കൂടി നമ്മുടെ വിശ്വാസം എങ്ങനെ സ്വീകരിക്കാമെന്ന് അവർ നമുക്ക് കാണിച്ചുതരട്ടെയെന്നും പാപ്പാ ആശംസിച്ചു. പിന്നെ ഓരോ കുട്ടിക്കും ജ്ഞാനസ്നാനം നൽകി വിശ്വാസ ജീവിതത്തിലേക്ക് സ്വീകരിച്ചു.
കുട്ടികളെയും അവരുടെ, ജ്ഞാനസ്നാന മാതാപിതാക്കളെയും, മാതാപിതാക്കളെയും അഭിസംബോധന ചെയ്ത പരിശുദ്ധ പിതാവ്, കുട്ടികളുടെ വളർച്ചയിൽ അനുഗമിക്കുമ്പോൾ അവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. കാരണം, വിശ്വാസത്തെ സഹായിക്കാനുള്ള ഒരു മാർഗ്ഗമാണതെന്ന് പാപ്പാ പറഞ്ഞു. അവർ നൽകിയ സാക്ഷ്യത്തിനു നന്ദി പറഞ്ഞ പാപ്പാ മാമോദീസ സ്വീകരിച്ച ദിനത്തെ ജന്മദിനം പോലെ തന്നെ കാണാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. വിശ്വാസം സ്വീകരിക്കപ്പെട്ട ദിവസമാണിത്, ആഘോഷിക്കപ്പെടേണ്ട ദിവസം, അവർ അത് അവരുടെ കുട്ടികളെ പഠിപ്പിക്കണം, പാപ്പാ പറഞ്ഞു. ചടങ്ങിനിടെ, ഓരോ പിതാവിനും കത്തിക്കാൻ നൽകിയ മെഴുകുതിരികൾ വീട്ടിലേക്ക് കൊണ്ടുപോകുവാൻ പാപ്പാ ആവശ്യപ്പെട്ടു. അത് ക്രിസ്തീയ വെളിച്ചത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അത് ഒരിക്കലും അണയാതെ സൂക്ഷിക്കാനും പ്രതിസന്ധികളുടെ സമയത്ത് മെഴുകുതിരിയിലേക്ക് തിരിയാനും കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
അവസാനമായി ഇറ്റാലിയൻ ഭാഷയിൽ "സൈലന്റ് നൈറ്റ്" എന്ന ഗാനത്തിന്റെ അകമ്പടിയോടെ, മാതാപിതാക്കളും ജ്ഞാനസ്നാന മാതാപിതാക്കന്മാരും ജപമാല സ്വീകരിക്കുകയും പരിശുദ്ധ പിതാവുമായി സംസാരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ ചുറ്റും സഞ്ചരിച്ച് ഓരോ കുട്ടിയുടേയും അടുത്തെത്തി അവരെ ആശീർവദിച്ചുകൊണ്ടാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: