വത്തിക്കാനിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് വേഗത്തിലാക്കി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാനിൽ ഇനിമുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ പുതിയ കൽപ്പന പുറത്തിറക്കി. “ആക്താ അപ്പസ്തോലിച്ചേ സേദിസ്” എന്ന ഔദ്യോഗിക ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരിക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായാണ് ഈ പുതിയ ഡിക്രി.
വത്തിക്കാനിലെ നിയമനിർമ്മാണ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ച്, വത്തിക്കാനിലെ നിയമങ്ങൾ സമയബന്ധിതമായി പ്രാബല്യത്തിൽ വരുന്നത് ഉറപ്പാക്കാനായി ഉചിതമായ വ്യക്തത വരുത്തുവാനായാണ് പുതിയ കൽപ്പന നൽകുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
2008 ഒക്ടോബർ ഒന്നാം തീയതി, നിയമഉറവിടങ്ങളുമായി ബന്ധപ്പെട്ട് നൽകപ്പെട്ട എഴുപത്തിയൊന്നാം നിയമം രണ്ടാം വിഭാഗം നിലനിൽക്കെ തന്നെ, എല്ലാ നിയന്ത്രണ വ്യവസ്ഥകളും, വത്തിക്കാനിലെ വിശുദ്ധ ഡാമസ് ചത്വരത്തിലും വത്തിക്കാൻ പോസ്റ്റ് ഓഫിസുകളിലും, വത്തിക്കാൻ ഗവർണറേറ്റിലും ഉള്ള നോട്ടീസ് ബോർഡുകളിലും വത്തിക്കാന്റെ ഔദ്യോഗിക സൈറ്റിലും പരസ്യപ്പെടുത്തുന്നതോടെ, ആക്താ അപ്പസ്തോലിച്ചേ സേദിസ് എന്ന പരിശുദ്ധസിംഹാസനത്തിന്റെ ഔദ്യോഗിക ബുള്ളറ്റിന്റെ അനുബന്ധമായി അവ പ്രസിദ്ധീകരിക്കുന്ന തീയതി ഇനിമേൽ പരിഗണിക്കാതെ തന്നെ അവ പ്രസിദ്ധീകരിച്ചതായി കണക്കിലെടുക്കാമെന്ന് പുതിയ ഈ കൽപ്പനയിലൂടെ പാപ്പാ വ്യക്തമാക്കി.
ജനുവരി 17ന് പുറത്തുവിട്ട ഈ പുതിയ കൽപ്പന ഉടനടി പ്രാബല്യത്തിൽ വരുത്തണമെന്നും പാപ്പാ എഴുതി. വത്തിക്കാനിൽ നിയമരംഗത്ത് അനാവശ്യമായ കാലതാമസവും അതുവഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കുവാനായാണ് പാപ്പാ ഇത്തരമൊരു കൽപ്പന നൽകിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: