തിരയുക

"വിശുദ്ധ റോസയുടെ വാഹകർ" എന്ന സംഘടനാംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ "വിശുദ്ധ റോസയുടെ വാഹകർ" എന്ന സംഘടനാംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

സുവിശേഷം പ്രഘോഷിക്കാനുള്ള ആഗ്രഹത്താൽ ജ്വലിക്കുന്ന വിശുദ്ധരെ ആവശ്യമുണ്ട്: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ വിത്തേർബോ നഗരത്തിലുള്ള "വിശുദ്ധ റോസയുടെ വാഹകർ" എന്ന സംഘടനാംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ, വിശുദ്ധയുടെ ജീവിതം പോലെ, സുവിശേഷമറിയിക്കാനുള്ള തീവ്രമായ ആഗ്രഹം ജീവിക്കുന്ന വ്യക്തികളുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. വിശുദ്ധരിലൂടെ യേശുവിനെ അറിയിക്കാൻ സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്വന്തം ഭവനത്തിന്റെ സുഖലോലുപതയിൽ ചടഞ്ഞിരിക്കാതെ, സുവിശേഷം ജീവിക്കുവാനും അത് പ്രഘോഷിക്കുവാനുമുള്ള ആഗ്രഹത്താൽ എരിയുന്ന വിശുദ്ധരെയാണ് ഇന്ന് സഭയ്ക്ക് ആവശ്യമുള്ളതെന്ന് ഫ്രാൻസിസ് പാപ്പാ. വിശുദ്ധി മറ്റുള്ളവരിലേക്ക് പകരുവാനുള്ള ത്വരയുള്ള മനുഷ്യരെയാണ് സഭ ആഗ്രഹിക്കുന്നത്. ഇറ്റലിയിലെ വിത്തേർബോ നഗരത്തിൽ "വിശുദ്ധ റോസയുടെ വാഹകർ" എന്ന പേരിൽ അറിയപ്പെടുന്ന സംഘടനാംഗങ്ങൾക്ക് ജനുവരി 11 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഇത്തരമൊരു സന്ദേശം നൽകിയത്.

നന്നേ ചെറുപ്പത്തിൽത്തന്നെ തികഞ്ഞ ദാരിദ്ര്യം ജീവിക്കാനും, കാരുണ്യപ്രവർത്തികൾക്കായി സ്വയം സമർപ്പിക്കുവാനും തീരുമാനിച്ചവളാണ് വിശുദ്ധ റോസയെന്ന് പറഞ്ഞ പാപ്പാ, യേശുവിനായുള്ള തന്റെ സ്നേഹത്താൽ, മറ്റുള്ളവരെയും തന്റെ ജീവിതശൈലിയിലേക്ക് ആകർഷിച്ചുവെന്ന് ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള വിശുദ്ധ റോസയുടെ സമർപ്പിതജീവിതം അധികാരികൾക്ക് അസ്വീകാര്യമായതിനാലാണ്, അവളുടെ കുടുംബത്തിനൊപ്പം അവളെ നാടുകടത്തിയതെന്ന് പാപ്പാ വ്യക്തമാക്കി. മറഞ്ഞിരിക്കാനാകാതെ, ഭവനം മുഴുവൻ പ്രകാശം പരത്തുന്ന കത്തിച്ചുവെച്ച തിരി പോലെ, പരിശുദ്ധാത്മാവിനാൽ പ്രേരിതയായ അവളുടെ ആത്മീയാനുഭവങ്ങൾ മറച്ചുവയ്ക്കാനാകാത്തവയായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു.

ലോകമെമ്പാടുനിന്നുമുള്ള ആളുകളെ ആകർഷിക്കുന്ന വിശുദ്ധ റോസയുടെ തിരുനാളുമായി ബന്ധപ്പെട്ട പ്രദക്ഷിണത്തിന്റെ കാര്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്‌മരിച്ചു. വിശുദ്ധയുടെ രൂപം വഹിക്കുന്ന, മുപ്പത് മീറ്ററുകളോളം ഉയരവും അയ്യായിരത്തോളം കിലോ ഭാരവുമുള്ള ചട്ടക്കൂട് യുനെസ്കോയുടെ പൈതൃകലിസ്റ്റിൽ ഇടം പിടിച്ചതും പാപ്പാ എടുത്തുപറഞ്ഞു. എന്നാൽ വിശുദ്ധയുടെ രൂപം വഹിക്കുന്നതും, വിശുദ്ധ റോസയും വഴി നിങ്ങൾ യേശുവിനെയാണ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആഴമേറിയ ക്രൈസ്തവ ജീവിതമൂല്യങ്ങൾ ജീവിച്ച്, ഐക്യത്തിലും, പരസ്പരബഹുമാനത്തിലും എളിമയിലും, വിശുദ്ധയെയു, അവൾ വഴി യേശുവിനെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ പാപ്പാ ആഹ്വാനം ചെയ്‌തു. സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക പരിപാടികളെ പരാമർശിച്ച പാപ്പാ, അഗതികളായവർക്ക് അവർ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2024, 16:40