നിരപരാധികളുടെ രക്തം യുദ്ധത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നു:പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ജനുവരി മാസം മുപ്പത്തിയൊന്നാം തീയതി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചു നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, ഫ്രാൻസിസ് പാപ്പാ, ഒരിക്കൽക്കൂടി, യുദ്ധം അവസാനിപ്പിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും, യുദ്ധത്തിൽ ഇരകളാകുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഫെബ്രുവരി ഒന്നാം തീയതി ഇറ്റലിയിൽ യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന ദേശീയ ദിനമായി ആഘോഷിക്കുന്നു. ഈ സ്മരണ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ, ഇന്ന് ലോകത്തു നിലനിൽക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ, ഭരണാധികാരികൾക്ക് സാധിക്കട്ടെയെന്നാശംസിച്ചത്.
രണ്ടുലോകമഹായുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ സാധാരണക്കാരെയാണ് ഇറ്റലിയിൽ പ്രാർത്ഥനാപൂർവ്വം സ്മരിക്കുന്നത്. എന്നാൽ ഇത്രയും വർഷങ്ങൾക്കു ശേഷം ഇന്നും ഭൂമിയിൽ രക്തം ചിന്തുന്ന യുദ്ധങ്ങൾ ഉണ്ടാവുന്നത് നിർഭാഗ്യകരമാണെന്ന് പാപ്പാ അടിവരയിട്ടു.
നിരപരാധികളായ ധാരാളം ആളുകളുടെ വേദനയുടെ നിലവിളി രാഷ്ട്രത്തലവന്മാരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും, അവ സമാധാനത്തിനുള്ള പദ്ധതികൾ വിഭാവനം ചെയ്യുവാൻ പ്രചോദനമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന യുദ്ധഭീതിയുടെ നിരവധി അനുഭവങ്ങൾ, സമാധാനത്തിനായി കൂടുതൽ പ്രാർത്ഥിക്കുവാൻ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: