സമാധാനത്തിന്റെ പാലങ്ങൾ പണിയുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രൂരതകൾ നിറഞ്ഞ ഒരു ലോകത്ത്, സമാധാനത്തിന്റെ പാലങ്ങൾ പണിയാൻ ഫ്രാൻസിസ്കൻ വൈദികരെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. "ഇറ്റലിയുടെ സ്വർഗ്ഗീയമാധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ്" എന്ന പേരിൽ അസ്സീസിയിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽനിന്ന് പുറത്തിറക്കുന്ന മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്രൂരത നിറഞ്ഞതും, രാഷ്ട്രീയപരമായ കാരണങ്ങളാൽ നിരവധിയാളുകൾ തടവറകളിൽ തുടരുന്നതുമായ ഈ ലോകത്ത് വിശുദ്ധ ഫ്രാൻസിസിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിക്കാനും, സമാധാനത്തിന്റെ പാലങ്ങൾ പണിയാനും പാപ്പാ ഫ്രാൻസിസ്കൻ സമർപ്പിതരോട് ആഹ്വാനം ചെയ്തത്.
കഴിഞ്ഞ ഡിസംബർ 29 വെള്ളിയാഴ്ച കാർലോസ് ത്രൊവരെല്ലി, മാർക്കോ മൊറോണി, ജ്യൂലിയോ ചെസറെയോ എന്നീ ഫ്രാൻസിസ്കൻ ചെറുസഹോദരങ്ങൾ എന്ന മൂന്ന് ഫ്രാൻസിസ്കൻ സഭാവൈദികർക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിലാണ്, സമാധാനപ്രവർത്തനങ്ങൾക്കായി പാപ്പാ അവരെ ക്ഷണിച്ചത്.
ക്ഷമയുടെയും നന്മയുടെയും സാക്ഷ്യം നൽകാൻ പാപ്പാ ആഹ്വാനം ചെയ്തു. ഒരു ഫ്രാൻസിസ്കൻ സന്ന്യാസി പാപമോചനകൂദാശയിൽ ഏറെ സ്വീകാര്യനായിരിക്കുകയും, എല്ലാം ക്ഷമിക്കാൻ തയ്യാറാവുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിന് വിശുദ്ധ ഫ്രാൻസിസിന്റെ മാതൃക സ്വീകരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്നുവരെ ലോകത്ത് യുദ്ധങ്ങൾ ഒഴിഞ്ഞിട്ടില്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നമുക്കടുത്ത് പലസ്തീനയുടെയും ഉക്രൈന്റെയും ഉദാഹരണങ്ങളുണ്ടെന്ന് അനുസ്മരിച്ചു. ഒരുപാട് ക്രൂരതകളാണ് ലോകത്ത് അരങ്ങേറുന്നതെന്ന് പറഞ്ഞ പാപ്പാ, അതുകൊണ്ടുതന്നെ സമാധാനത്തിന്റെ പാലങ്ങൾക്കായാണ് താൻ ആവശ്യപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചു.
ക്രിസ്തുവിനെ പ്രത്യേകമായ രീതിയിൽ അനുകരിച്ച വിശുദ്ധനായിരുന്നു ഫ്രാൻസിസെന്ന് പാപ്പാ എടുത്തുപറഞ്ഞു. മറ്റു വിശുദ്ധരെക്കാൾ, അവസാനം വരെ എളിമയോടും നന്മയോടും കൂടിയാണ് ഫ്രാൻസിസ് ക്രിസ്തുവിനെ അനുകരിച്ചത്. എല്ലാവരെയും അനുനയിപ്പിക്കുന്ന, ക്ഷമയുടെ വിശുദ്ധനാണ് ഫ്രാൻസിസെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: