പോൾ ആറാമൻ പാപ്പാ യുടേത് രക്തസാക്ഷിത്വത്തിനടുത്ത ജീവിതം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പോൾ ആറാമൻ പാപ്പായെ ഒരു രക്തസാക്ഷിയായി കണക്കാക്കേണ്ടതല്ലേയെന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട റോമൻ ഡികാസ്റ്ററിയുടെ തലവനാണ് കർദ്ദിനാൾ സെമെറാറോ.
ജ്യൊവന്നി ബാത്തിസ്ത്ത മോന്തീനി എന്ന പോൾ ആറാമൻ പാപ്പാ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അറുപതാം വർഷം, അദ്ദേഹത്തിന്റെ മരണവാർഷികദിനത്തിൽ, കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോ പോൾ ആറാമൻ പാപ്പായുടെ ജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വത്തിക്കാൻ പുസ്തകപ്രസാധനസ്ഥാപനം പുറത്തിറക്കിയ "പോൾ ആറാമൻ ക്രിസ്തുരഹസ്യത്തിന്റെ പാരംഗതൻ" എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കർദ്ദിനാൾ മർച്ചെല്ലോയുമൊപ്പം ഒരു സ്വകാര്യയോഗത്തിൽ സംസാരിക്കവെ, അദ്ദേഹത്തോട് താൻ ഇതിനെക്കുറിച്ച് സംസാരിച്ചതായും പാപ്പാ പറഞ്ഞു. 1969 ഡിസംബർ പതിനഞ്ചിന്, ക്രിസ്തുമസ് സന്ദേശം പങ്കുവയ്ക്കാനായി കർദ്ദിനാൾ തിരുസംഘവും റോമൻ കൂരിയായും ചേർന്ന് നടത്തിയ ഒരു സമ്മേളനത്തിൽ, വത്തിക്കാനും, വൈദികരുടെ പ്രതിസന്ധികളും തന്റെ ജീവിതത്തിൽ സൃഷ്‌ടിച്ച ആധ്യാത്മിക പിരിമുറുക്കത്തെക്കുറിച്ച് പോൾ ആറാമൻ പാപ്പാ സംസാരിച്ചതിനെ പരാമർശിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ എഴുതിയത്. ഇതാണ് തന്റെ മുൾക്കിരീടമെന്ന് പോൾ ആറാമൻ പാപ്പാ അന്ന് പറഞ്ഞിരുന്നു.
പോൾ ആറാമൻ പാപ്പായുടെ ഏറ്റവും അവർത്തിക്കപ്പെട്ട ആഹ്വാനം സഭയെ സ്നേഹിക്കാനുള്ളതായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. ക്രിസ്തുവിനെ കാണാനും, കണ്ടുമുട്ടാനുമുള്ള ഇടമയാണ് സഭയെ അദ്ദേഹം കണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. "തന്റെ ഏക ആവശ്യം" ക്രിസ്തുവാണെന്ന് പോൾ ആറാമൻ പാപ്പാ തിരിച്ചറിഞ്ഞിരുന്നു. കർദ്ദിനാൾ സെമെറാറോ തന്റെ പ്രഭാഷണങ്ങളിൽ എടുത്തുകാണിക്കാൻ ആഗ്രഹിച്ചതും, പോൾ ആറാമൻ പാപ്പാ പറയുന്ന ഏക സ്നേഹമായ ക്രിസ്തുവിനെയാണെന്ന് പാപ്പാ എഴുതി.
പോൾ ആറാമൻ പാപ്പായുടെ വ്യക്തിത്വം തനിക്ക് എന്നും ആകർഷകമായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ സാക്ഷ്യപ്പെടുത്തി. അവ തനിക്ക് ആധ്യാത്മികശക്തിയും ജീവിതത്തിന് നന്മയും പ്രദാനം ചെയ്തിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. എവഞ്ചേലി ഗൗദിയും എന്ന തന്റെ അപ്പസ്തോലിക പ്രബോധനം, പോൾ ആറാമൻ പാപ്പായുടെ എവഞ്ചേലി നൂൺസിയാന്തിയുടെ മറുപുറമാകണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സുവിശേഷവത്കരണം നൽകുന്ന ആശ്വാസപ്രദവും മാധുര്യമേകുന്നതുമായ സന്തോഷത്തെക്കുറിച്ച് താൻ പലവുരു അവർത്തിച്ചതിനെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: