തിരയുക

പൊതുകൂടിക്കാഴ്ചാമധ്യേ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാമധ്യേ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

എല്ലാവരുടെയും വികസനം ലക്ഷ്യമാക്കുക: ലോകസാമ്പത്തികസഭയോട് ഫ്രാൻസിസ് പാപ്പാ

വിശ്വാസം പുനർനിർമ്മിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കി, സ്വിറ്റസർലണ്ടിലെ ദാവോസിൽ ലോകസാമ്പത്തികസഭ നടത്തുന്ന സമ്മേളനത്തിലേക്ക് നൽകിയ സന്ദേശത്തിൽ, ഐക്യദാർഢ്യത്തോടെ മുന്നേറാനും, വികസനം ഇവരിലുമെത്തുന്നുവെന്ന് ഉറപ്പാക്കാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂഷണങ്ങളും, ദാരിദ്ര്യവും നിലനിൽക്കുന്നത് മനസ്സിലാക്കാനാകില്ലെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദാരിദ്ര്യത്തിനെതിരായി പോരാടാനും, വികസനവിതരണത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാനും എല്ലാവർക്കുമുള്ള ഉത്തരവാദിത്വം മറക്കരുതെന്ന്, ലോകസാമ്പത്തികസഭയുടെ അൻപത്തിനാലാമത് സമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. അതേസമയം എല്ലാ ജനതകളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനും ജീവിതത്തിനായി ശ്രമിക്കാനും, സ്വിറ്റസർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോകസാമ്പത്തികസഭയിൽ പങ്കെടുക്കാനായി, 120 രാജ്യങ്ങളിൽനിന്ന് എത്തിയ രണ്ടായിരത്തിയെണ്ണൂറോളം പ്രതിനിധികളെ ആഹ്വാനം ചെയ്യാനും പാപ്പാ മറന്നില്ല.

ലോകം, റഷ്യ-ഉക്രൈൻ യുദ്ധം, പാലസ്തീന-ഇസ്രായേൽ സംഘർഷം തുടങ്ങിയ പ്രശ്നനങ്ങളിലൂടെ കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ, മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള മാർഗ്ഗങ്ങൾ തേടാൻ ലോകനേതാക്കളോട് പാപ്പാ ആഹ്വാനം ചെയ്‌തു. ആളുകൾക്കിടയിൽ ഐക്യവും സാഹോദര്യവും അനുരഞ്ജനവും വളർത്തുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യവും തന്റെ സന്ദേശത്തിൽ പാപ്പാ എടുത്തുപറഞ്ഞു. സംഘർഷങ്ങൾക്ക് കാരണമാകുന്ന അനീതി ഇല്ലാതാക്കാനും, നീതി ഉറപ്പാക്കാനും പരിശ്രമിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, നീതിയുടെ മാർഗ്ഗത്തിലൂടെ ആയിരിക്കണം സമാധാനം നേടേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

ആധികാരികവും ആഗോളതരത്തിലുള്ളതുമായ ഒരു വികസനമാണ് ലക്‌ഷ്യം കാണേണ്ടതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. എല്ലാ രാജ്യങ്ങളുമായി പങ്കിടുന്ന ഒരു വികസനമാണ് മാനവികതയ്ക്ക് ആവശ്യം. എല്ലാവരുമായി വികസനം പങ്കിടുന്നതിൽ അന്താരാഷ്ട്രസംഘടനകൾക്ക് നിർവ്വഹിക്കാനുള്ള പ്രത്യേക പങ്കും പാപ്പാ എടുത്തുപറഞ്ഞു.

ആഗോളവത്കരണത്തിൽ, ദീർഘവീക്ഷണത്തോടെയും, ധാർമ്മികതയോടും കൂടിയുള്ള മാതൃകകൾ പിന്തുടരുന്നതിനെക്കുറിച്ച്, സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്നവരെയും, രാഷ്ട്രനേതൃത്വം വഹിക്കുന്നവരെയും പാപ്പാ ഓർമ്മിപ്പിച്ചു. ശാസ്ത്രങ്ങൾക്കും സാമൂഹ്യശാസ്ത്രങ്ങൾക്കും വേണ്ടിയുള്ള റോമൻ ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ അപ്പിയാ ടർക്സൺ ആണ് പാപ്പാ ലോകസാമ്പത്തികസഭയ്ക്കായി അയച്ച സന്ദേശം വായിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2024, 18:40